Saudi Arabia
ആരോഗ്യമുള്ള ജീവിതത്തിനായി മനുഷ്യ ഹൃദയങ്ങള്‍ ചേര്‍ത്ത് പിടിക്കുക : ഖലീല്‍ തങ്ങള്‍
സുന്നി യുവജന സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഖലീല്‍ തങ്ങള്‍.
റിയാദ് | വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മനസ്സുകള്‍ മാറ്റിവെച്ച് മനുഷ്യ ഹൃദയങ്ങള്‍ ഒന്നായി ചേരുന്നതിലൂടെ മനുഷ്യന്റെ ആരോഗ്യവും സംരക്ഷിക്കപ്പെടുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍. അഭിമാന ബോധത്തോടെ തല ഉയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമെന്നും വിശ്വാസം മുറുകെ പിടിക്കുന്നതിലൂടെ സമൂഹത്തില്‍ തലയുയര്‍ത്തി നടക്കാന്‍ മനുഷ്യന് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്വം,മനുഷ്യ പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ നടക്കുന്ന സുന്നി യുവജന സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഖലീല്‍ തങ്ങള്‍.
കേരളത്തില്‍ നിന്ന് നോബല്‍ പ്രൈസ് ജേതാക്കളെയും 500 ഡോക്ടറേറ്റ് ബിരുദധാരികളായ പണ്ഡിതന്മാരെയും വാര്‍ത്തെടുക്കുവാന്‍ മഅദിന്‍ അക്കാദമി ലക്ഷ്യം വെക്കുന്നതായി ഖലീല്‍ തങ്ങള്‍ പറഞ്ഞു.
‘ദേശാന്തരങ്ങളില്‍ ദേശം പണിയുന്നവര്‍’ എന്ന പ്രമേയത്തില്‍ ഐ സി എഫ് നടത്തി വരുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ സമാപനവും ചടങ്ങില്‍ നടന്നു.
ഐ സി എഫ് ദാഇ ഷാഹിദ് അഹ്‌സനി സമ്മേളനം ഉല്‍ഘാടനം ചെയ്തു.ഐ സി എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് ദഅവ സെക്രട്ടറി ഹാരിസ് ജൗഹരി പ്രമേയ പ്രഭാഷണം നടത്തി.
ദേശാന്തര വായന എന്ന സന്ദേശത്തില്‍ നടക്കുന്ന പ്രവാസി വായന ക്യാമ്പയിനില്‍ റിയാദ് സെന്‍ട്രലില്‍ നിന്ന് ആദ്യം ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയ സഹാഫ യൂണിറ്റ്, സെക്റ്റര്‍ കമ്മറ്റികളായ ഉമ്മുല്‍ ഹമാം, ദീര, മുര്‍സലാത്ത് എന്നിവയ്ക്കുള്ള ഉപഹാരം ഖലീല്‍ തങ്ങള്‍ ഭാരവാഹികള്‍ക്ക് നല്‍കി.
മഅദിന്‍ അക്കാദമി ഡയറക്റ്റര്‍ അഹമദ് കബീര്‍ അല്‍ ബുഖാരി, ഐ സി എഫ് നാഷണല്‍ സംഘടന കാര്യ സെക്രട്ടറി ബഷീര്‍ ഉള്ളണം, നാഷണല്‍ ദഅവ സെക്രട്ടറി സൈനുദ്ധീന്‍ മുസ്ല്യാര്‍ വാഴവറ്റ എന്നിവര്‍ സംബന്ധിച്ചു.
ഐ സി എഫ് റിയാദ് സംഘടനാ കാര്യ പ്രസിഡന്റ് ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സിക്രട്ടറി മജീദ് താനാളൂര്‍ സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി ഷമിര്‍ രണ്ടത്താണി നന്ദിയും പറഞ്ഞു