National
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണം; പാർലിമെന്റിൽ നോട്ടീസ് നൽകാൻ ഒരുങ്ങി ഇന്ത്യ മുന്നണി
ലോക്‌സഭയിൽ നിന്നുള്ള 130 അംഗങ്ങളും രാജ്യസഭയിൽ നിന്നുള്ള 63 അംഗങ്ങളുമാണ് നോട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്.
ന്യൂഡൽഹി | ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിലെ 200-ഓളം പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകുന്നു. ലോക്‌സഭയിൽ നിന്നുള്ള 130 അംഗങ്ങളും രാജ്യസഭയിൽ നിന്നുള്ള 63 അംഗങ്ങളുമാണ് നോട്ടീസിൽ ഒപ്പുവെച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യാ’ മുന്നണിയിലെ മുഴുവൻ പാർട്ടികളും ആം ആദ്മി പാർട്ടിയും ഈ നീക്കത്തിന് പിന്നിലുണ്ട്. വെള്ളിയാഴ്ച ഏതെങ്കിലും ഒരു സഭയിൽ നോട്ടീസ് സമർപ്പിച്ചേക്കുമെന്നാണ് വിവരം. ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യാനുള്ള ഇത്തരമൊരു സംയുക്ത നീക്കം ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായാണ് നടക്കുന്നത്.
പക്ഷപാതപരമായ പെരുമാറ്റം, തിരഞ്ഞെടുപ്പ് തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണങ്ങൾ തടസ്സപ്പെടുത്തൽ, വോട്ടർ പട്ടികയിൽ നിന്നുള്ള കൂട്ടമായ ഒഴിവാക്കൽ തുടങ്ങി ഏഴ് ഗുരുതരമായ ആരോപണങ്ങളാണ് ഗ്യാനേഷ് കുമാറിനെതിരെ നോട്ടീസിൽ ഉന്നയിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് യഥാർത്ഥ വോട്ടർമാരെ നീക്കം ചെയ്തതുൾപ്പെടെയുള്ള വിഷയങ്ങളിൽ കമ്മീഷൻ ഭരണകക്ഷിയായ ബി ജെ പിയെ സഹായിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യാൻ സുപ്രീം കോടതി ജഡ്ജിയെ പുറത്താക്കുന്നതിന് തുല്യമായ ഇംപീച്ച്‌മെന്റ് നടപടികളാണ് വേണ്ടത്. നോട്ടീസ് സ്വീകരിക്കപ്പെട്ടാൽ പ്രത്യേക സമിതിയുടെ അന്വേഷണത്തിനും ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള വോട്ടെടുപ്പിനും ശേഷമേ നടപടി പൂർത്തിയാകൂ.
Summary
Nearly 200 opposition MPs have signed a formal notice seeking the removal of Chief Election Commissioner Gyanesh Kumar, alleging partisan conduct and obstruction of investigations. This historic move, led by the INDIA bloc and AAP, highlights concerns over the mass deletion of voters and favoritism towards the ruling party. The removal process, which mirrors that of a Supreme Court judge, requires a special majority in both houses of Parliament following a formal inquiry.




