Connect with us

Business

ജിയോ 5ജി സേവനങ്ങൾക്ക് ദീപാവലി ദിനത്തിൽ തുടക്കം

2023ഓടെ ഇന്ത്യയൊട്ടാകെ 5ജി സേവനം ലഭ്യമാക്കുമെന്നും അംബാനി

Published

|

Last Updated

മുംബൈ | റിലയൻസ് ജിയോയുടെ അഞ്ചാം തലമുറ മൊബെെൽ സേവനങ്ങൾ ദീപാവലിയോടെ ആരംഭിക്കും. ഓൺലൈനായി ചേർന്ന കമ്പനിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നാല് മെട്രോ നഗരങ്ങളിലാകും ദീപാവലി ദിനത്തിൽ സർവീസിന് തുടക്കം കുറിക്കുക. 2023ഓടെ ഇന്ത്യയൊട്ടാകെ 5ജി സേവനം ലഭ്യമാക്കുമെന്നും അംബാനി വ്യക്തമാക്കി.

ഇന്ത്യയിൽ വിവിധ ഫ്രീക്വൻസി ബാൻഡുകളിൽ 5G നെറ്റ്‌വർക്ക് സേവനങ്ങൾ അവതരിപ്പിക്കുന്നതിനായി റിലയൻസ് ജിയോ അടുത്തിടെയാണ് 5G സ്പെക്‌ട്രം ഏറ്റെടുത്തത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (DoT) സംഘടിപ്പിച്ച ലേലത്തിൽ 700MHz, 800MHz, 1800MHz, 3300MHz, 26GHz എന്നീ ബാൻഡുകളിലാണ് കമ്പനി സ്പെക്‌ട്രം സ്വന്തമാക്കിയത്. റിലയൻസിന് 20 വർഷത്തേക്ക് ഈ സ്പെക്ട്രം ഉപയോഗിക്കാൻ കഴിയും. ഇതിനായി 88,078 കോടി രൂപ ചെലവഴിച്ചു.

ഏകദേശം 1,000 നഗരങ്ങളിൽ 5G സേവനം ആരംഭിക്കുന്നതിനായി ജിയോ 5G ടെലികോം ഉപകരണങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷത്തിൽ 5G സേവനത്തിനായി സ്വയം തയ്യാറെടുക്കുന്നതിന് ജിയോ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റിലയൻസ് കമ്പനി വാർഷിക റിപ്പോർട്ടിൽ പറയുന്നു.

5ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഗ്രൗണ്ട് ലെവൽ ടെസ്റ്റിംഗും ജിയോ നടത്തിയതായി കമ്പനി അറിയിച്ചു. ഓഗ്മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), ക്ലൗഡ് ഗെയിമിംഗ്, ടിവി സ്ട്രീമിംഗ്, ഹോസ്പിറ്റൽ, ഇൻഡസ്ട്രി എന്നിവയുടെ ഉപയോഗങ്ങൾ ഈ കാലയളവിൽ പരീക്ഷിച്ചു.

അതേസമയം, ജിയോ മാർട്ട് രാജ്യത്തെ 260 നഗരങ്ങളിൽ എത്തിയതായി ഇഷ അംബാനി പറഞ്ഞു. ഈ വർഷം റിലയൻസ് ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് ബിസിനസ്സ് ആരംഭിക്കും. റീട്ടെയിൽ ബിസിനസിലെ ജീവനക്കാരുടെ എണ്ണം 3 ലക്ഷത്തിലെത്തി. തുടർച്ചയായ മൂന്നാം വർഷമാണ് എജിഎം ഓൺലൈനായി നടത്തുന്നത്.