Connect with us

From the print

ഇടതിനൊപ്പം ഉറച്ചുനില്‍ക്കാന്‍ ജെ ഡി എസ്

എന്‍ ഡി എയില്‍ ചേരുന്നുവെന്ന ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം പാടെ തള്ളിക്കളയുന്നതായും കേരളത്തിലെ ജനതാദള്‍-എസ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നും പ്രസിഡന്റ് മാത്യു ടി തോമസ്

Published

|

Last Updated

കൊച്ചി | എന്‍ ഡി എയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞ് ജെ ഡി എസ് കേരള ഘടകം. എന്‍ ഡി എയില്‍ ചേരുന്നുവെന്ന ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം പാടെ തള്ളിക്കളയുന്നതായും കേരളത്തിലെ ജനതാദള്‍-എസ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്നും പ്രസിഡന്റ് മാത്യു ടി തോമസ് അറിയിച്ചു.

ഒരുതരത്തിലുള്ള ആലോചനയും ഇല്ലാതെയാണ് എന്‍ ഡി എയുമായി സഖ്യമുണ്ടാക്കുമെന്ന് ദേശീയ അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. ഇത് സംഘടനാ തത്ത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്. കേരളത്തിലെ ജനതാദള്‍-എസ് ദേശീയ നേതൃത്വത്തിന്റെ നീക്കത്തോടൊപ്പമില്ല. ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം സംസ്ഥാന നിര്‍വാഹക സമിതി യോഗം സമ്പൂര്‍ണമായി തള്ളിക്കളയുന്നുവെന്നും ഇടതുപക്ഷത്തെ മതേതരകക്ഷികളുമായി തുര്‍ന്നുവരുന്ന മുന്നണി ബന്ധം അരക്കിട്ടുറപ്പിച്ച് അവിടെത്തന്നെ തുടരുമെന്നും മാത്യു ടി തോമസ് പറഞ്ഞു.

2006ല്‍ സമാന സാഹചര്യമുണ്ടായപ്പോള്‍ ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ച് ജെ ഡി എസ് ഇടതുപക്ഷത്ത് തന്നെ തുടരുകയായിരുന്നുവെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി സംസാരിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കും. പുതിയ പാര്‍ട്ടി രൂപവത്കരിക്കണമോ അതോ മറ്റു ഏതെങ്കിലും പാര്‍ട്ടിയുമായി ലയിക്കണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കും. കൂറുമാറ്റ നിരോധന നിയമ പ്രശ്നങ്ങള്‍, പാര്‍ട്ടി ചിഹ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങളും പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ തുടര്‍കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനാകില്ലെന്നും ഏതു സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുമായാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്നും മാത്യു ടി തോമസ് വിശദീകരിച്ചു. ജനതാദള്‍- എസിന്റെ ദേശീയ നേതൃത്വം എന്‍ ഡി എ സഖ്യത്തിന്റെ ഭാഗമായതോടെയുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കൊച്ചിയില്‍ അടിയന്തര നേതൃയോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

 

---- facebook comment plugin here -----

Latest