Kerala
'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; ആറ് ഭാഗങ്ങളില്‍ മ്യൂട്ടുള്ള പുതിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു
കോടതിയില്‍ വിചാരണ നടക്കുന്ന സമയത്ത് ജാനകി എന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗങ്ങളാണ് മ്യൂട്ട് ചെയ്തത്.

കൊച്ചി | ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പില്‍ ജാനകി എന്ന് പേരെടുത്ത് വിളിക്കുന്ന ആറ് ഭാഗങ്ങളില്‍ മ്യൂട്ട്. ഇത്തരത്തില്‍ എഡിറ്റ് ചെയ്ത പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു.
കോടതിയില്‍ വിചാരണ നടക്കുന്ന സമയത്ത് ജാനകി എന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗങ്ങളാണ് മ്യൂട്ട് ചെയ്തത്. രണ്ടര മിനുട്ടിനിടെ വരുന്ന ആറ് ഭാഗങ്ങളിലാണ് മ്യൂട്ട് ചെയ്തിട്ടുള്ളത്. ചിത്രത്തിന്റെ സബ് ടൈറ്റില്‍ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്നതിനു പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.
കേസ് കോടതി പരിഗണിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റുന്നതു കൊണ്ടുള്ള ബുദ്ധിമുട്ട് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. ജാനകി എന്ന പേര് ഉപയോഗിക്കുന്ന 96 ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. ഇതോടെയാണ് ടൈറ്റിലില്‍ വി എന്ന് ചേര്‍ത്താല്‍ മതിയാകുമെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയത്. കോടതി രംഗങ്ങളില്‍ പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താല്‍ മതിയെന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് ഉപയോഗിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.