ISL
ജാംഷഡ്പൂരിൻ്റെ വിജയ മോഹത്തിന് അവസാന നിമിഷം ഗോവയുടെ സമനിലപ്പൂട്ട്
ഗോവയുടെ ഐകർ വല്ലേജോ ഇരട്ട ഗോൾ നേടി.

ജാംഷഡ്പൂര്‍ | ഐ എസ് എല്ലില്‍ എഫ് സി ഗോവയെ പരാജയപ്പെടുത്താനുള്ള ജാംഷഡ്പൂര്‍ എഫ് സിയുടെ മോഹത്തിന് സമനിലപ്പൂട്ട്. ഇരുടീമുകളും രണ്ട് വീതം ഗോളുകൾ നേടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ ആശ്വാസ ജയം നേടാമെന്ന ജാംഷഡ്പൂരിൻ്റെ മോഹമാണ് അവസാന നിമിഷം പൊലിഞ്ഞത്. ഗോവയുടെ ഐകർ വല്ലേജോ ഇരട്ട ഗോൾ നേടി.
31ാം മിനുട്ടിലാണ് ജാംഷഡ്പൂരിന് ആദ്യ ഗോള്‍ ലഭിക്കുന്നത്. ഗോവന്‍ താരം ഐകര്‍ വല്ലേജോ ഗ്വാരോക്‌സേനയുടെ ഓണ്‍ ഗോളായിരുന്നു അത്. ജാംഷഡ്പൂര്‍ താരമെടുത്ത കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്ത് അകറ്റാന്‍ ഐകര്‍ ശ്രമിച്ചെങ്കിലും ബോള്‍ സ്വന്തം പോസ്റ്റിലാണെത്തിയത്. എന്നാല്‍, ഇതിന് പ്രായശ്ചിത്തമെന്നോണം ഏഴ് മിനുട്ട് പിന്നിട്ടപ്പോഴേക്കും ഐകര്‍ തന്നെ ഗോവക്ക് വേണ്ടി ഗോള്‍ നേടിക്കൊടുത്തു. 38ാം മിനുട്ടില്‍ മകാന്‍ ചോതെയുടെ അസിസ്റ്റിലാണ് ഐകര്‍ ഗോള്‍ അടിച്ചത്.
50ാം മിനുട്ടിലാണ് ജാംഷഡ്പൂര്‍ രണ്ടാം ഗോള്‍ നേടുന്നത്. ഗോവന്‍ പ്രതിരോധത്തിന്റെയുടെയും ഗോളിയുടെയും വീഴ്ച മുതലെടുത്ത് ഇഷാന്‍ പണ്ഡിതയാണ് ഗോവയുടെ വല ചലിപ്പിച്ചത്. 89ാം മിനുട്ടിലാണ് ഐകർ രണ്ടാമത്തെ ഗോൾ നേടുന്നത്. ഇതോടെ മത്സരം സമനിലയിലായി.