From the print
ജാമിഅതുൽ ഹിന്ദ് ഏകജാലകം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
വെള്ളിയാഴ്ച വരെയാണ് 300ൽപ്പരം സ്ഥാപനങ്ങളിൽ അഡ്മിഷൻ നടക്കുന്നത്

കോഴിക്കോട് | ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യയുടെ ഏകജാലക പ്രവേശന(ജെ- സാറ്റ്)ത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരളത്തിനകത്തും പുറത്തുമായി ജാമിഅതുൽ ഹിന്ദിന് കീഴിൽ പ്രവർത്തിക്കുന്ന മുന്നൂറിലധികം സ്ഥാപനങ്ങളിലേക്കാണ് ഏകജാലകം വഴി അലോട്ട്മെന്റ്നടന്നത്. ജാമിഅതുൽ ഹിന്ദ് രജിസ്ട്രാർ സയ്യിദ് ഇബ്്റാഹീം ഖലീൽ അൽ ബുഖാരി അലോട്ട്‌മെന്റ്പ്രസിദ്ധീകരണം നിർവഹിച്ചു. ജാമിഅ റെക്ടർ വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി അധ്യക്ഷത വഹിച്ചു.
www.jamiathulhind.com വെബ്‌സൈറ്റിൽ സ്റ്റുഡന്റ്സ് ലോഗിൻ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് വിദ്യാർഥികൾക്ക് തങ്ങളുടെ ആപ്ലിക്കേഷൻ ഐ ഡിയും ജനന തീയതിയും നൽകിയാൽ അലോട്ട്്മെന്റ് പ്രകാരം ലഭിച്ച സ്ഥാപനം അറിയാൻ സാധിക്കും. ഇതേ പേജിൽ നിന്ന് തന്നെ അഡ്മിഷൻ സ്ലിപ് ഡൗൺലോഡ് ചെയ്യണമെന്നും ഏകജാലകം പ്രവേശനം കൺവീനർ അറിയിച്ചു.
വെള്ളിയാഴ്ച വരെയാണ് സ്ഥാപനങ്ങളിൽ അഡ്മിഷൻ നടക്കുന്നത്. ഡൗൺലോഡ് ചെയ്ത അഡ്മിഷൻ സ്ലിപ്പും മറ്റ് ഒറിജിനൽ രേഖകളുമായി വിദ്യാർഥികൾ വെള്ളിയാഴ്ചക്കുള്ളിൽ സ്ഥാപനത്തിലെത്തി പ്രവേശനം നേടണം. സ്ഥാപനവുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ ജാമിഅ വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ അപേക്ഷയിൽ നൽകിയ ഫോൺ നമ്പർ അഡ്മിഷൻ സമയത്ത് നിർബന്ധമാണ്. ഈ നമ്പറിലേക്ക് അഡ്മിഷൻ സമയത്ത് വരുന്ന ഒ ടി പി വിദ്യാർഥികൾ സ്ഥാപന അധികൃതരെ അറിയിക്കണം.
ഒന്നാം അലോട്ട്്മെന്റിൽ സീറ്റ് ലഭിക്കാത്ത വിദ്യാർഥികളെ രണ്ടാം അലോട്ട്്മെന്റിൽ പരിഗണിക്കും. അതോടൊപ്പം, ഒന്നാം അലോട്ട്മെന്റിൽ സീറ്റ് ലഭിച്ച വിദ്യാർഥിക്ക് കിട്ടിയ സ്ഥാപനം ക്യാൻസൽ ചെയ്ത് നിലവിലുള്ള സ്ഥാപനങ്ങളുടെ ഓർഡർ അപ്ഡേറ്റ് ചെയ്ത് രണ്ടാം അലോട്ട്മെന്റിൽ പങ്കെടുക്കാം. എന്നാൽ, ഒന്നാം അലോട്ട്മെന്റ് കിട്ടിയ സ്ഥാപനത്തിൽ അഡ്മിഷൻ എടുത്ത ശേഷം രണ്ടാം അലോട്ട്മെന്റിൽ പങ്കെടുക്കാൻ അവസരമുണ്ടാകില്ല. രണ്ടാം അല്ലോട്ട്്മെന്റിൽ ലഭിച്ച സ്ഥാപനം മാറാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
രണ്ടാം അലോട്ട്്മെന്റിലും സീറ്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് കോഴിക്കോട് ജാമിഅതുൽ ഹിന്ദ് ഓഫീസ് വഴി സ്പോട്ട് അലോട്ട്മെന്റ് ഉണ്ടായിരിക്കും. രണ്ടാം അലോട്ട്മെന്റ്, സ്പോട്ട് അലോട്ട്മെന്റ് എന്നിവയുടെ തീയതികൾ പിന്നീട് അറിയിക്കും.
ഒന്നാം അലോട്ട്മെന്റിൽ അഡ്മിഷനെടുത്ത വിദ്യാർഥികൾക്കുള്ള പഠനാരംഭം ഈ മാസം 12നു നടക്കും. ജാമിഅതുൽ ഹിന്ദ് വൈസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെ നേതൃത്വത്തിലാണ് പഠനാരംഭം നടക്കുക. നേരിട്ടും സ്ഥാപനങ്ങൾ വഴി ഓൺലൈനിലും വിദ്യാർഥികൾക്ക് പങ്കെടുക്കാൻ അവസരമൊരുക്കും. വിദ്യാർഥികൾ തങ്ങളുടെ അപേക്ഷാ സമയത്ത് നൽകിയ സ്ഥാപനങ്ങളിലേക്ക് റാങ്ക് അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടന്നിരിക്കുന്നത്.