Connect with us

KERALA BUDGET

ഇന്ധന സെസും ബജറ്റിലെ മറ്റ് വർധനകളും കുറക്കുമോയെന്ന് ഇന്നറിയാം

മറുപടി പ്രസംഗത്തിലായിരിക്കും ബജറ്റിലെ ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും പ്രഖ്യാപിക്കുക.

Published

|

Last Updated

തിരുവനന്തപുരം | ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസില്‍ മാറ്റം വരുമെങ്കില്‍ ധനമന്ത്രി ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കും. ബജറ്റ് പാസ്സാക്കുന്നതിന് മുമ്പുള്ള മറുപടി പ്രസംഗത്തിലായിരിക്കും ബജറ്റിലെ ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും പ്രഖ്യാപിക്കുക. ഇന്ധന സെസ് ഒരു രൂപയെങ്കിലും കുറക്കണമെന്ന അഭിപ്രായം മുന്നണിയിലും സി പി എമ്മിലും ഉയർന്നിട്ടുണ്ട്. എന്നാൽ, പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയതോടെ അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാറും മുന്നണിയും എത്തിയതായാണ് സൂചന.

സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അഭിപ്രായപ്പെട്ടത്. ജനങ്ങളെ ബാധിക്കുന്ന സെസ് കുറക്കുകയാണെങ്കില്‍ അക്കാര്യം ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിക്കേണ്ടതല്ലേ എന്നു ചില എം എല്‍ എമാര്‍ സംശയമുന്നിയിച്ചത് സംബന്ധിച്ച് വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സെസ് സംസ്ഥാനത്തിന് അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു. ഇതുവഴി ഇന്ധന സെസില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ സെസ് പിന്‍വലിക്കേണ്ടതില്ലെന്നും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയതില്‍ ജനങ്ങള്‍ക്കിടയില്‍ കാര്യമായ പ്രതിഷേധമില്ലെന്നും രാഷ്ട്രീയമായ പ്രതിഷേധം മാത്രമാണുള്ളതെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ ഡി എഫ് നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രി വിശദീകരണം നല്‍കി. നിലവിലെ സാഹചര്യത്തില്‍ സെസ് കുറക്കുന്നത് യു ഡി എഫിന് രാഷ്ട്രീയ വിജയമാകുമെന്നും എല്‍ ഡി എഫ് ചര്‍ച്ചയില്‍ പരാമര്‍ശം ഉയര്‍ന്നു.
അതേസമയം, ബജറ്റില്‍ പ്രഖ്യാപിച്ച അധിക ഇന്ധന സെസ് കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സെസ് വര്‍ധിച്ചാല്‍ ചെലവ് കൂടും. ഇത് കെ എസ് ആര്‍ ടി സിക്ക് താങ്ങാനാകില്ലെന്നും മന്ത്രി യോഗത്തില്‍ ഉണര്‍ത്തി.

---- facebook comment plugin here -----

Latest