child kidnap
സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കുടുംബം തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തതായി സൂചന
ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍ ചോദ്യം ചെയ്യലില്‍ മൊഴിമാറ്റിക്കൊണ്ടിരുന്നു

കൊല്ലം | ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍ തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ആസൂത്രണം ചെയ്തതതാണ് തട്ടിക്കൊണ്ടുപോകല്‍ എന്ന സംശയത്തില്‍ പോലീസ്. ചോദ്യംചെയ്യലിനിടെ പ്രതി പലതവണ മൊഴിമാറ്റിയത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
കുട്ടികളെ തട്ടിക്കൊണ്ടുപോയി വിലപേശാന്‍ ഇയാള്‍ വലിയ പദ്ധതി തയ്യാറാക്കി എന്നാണു സൂചന. മറ്റുകുട്ടികളേയും ഇയാള്‍ ലക്ഷ്യമിട്ടിരുന്നോ എന്നതിലേക്കാണ് അന്വേഷണം നീളുന്നത്. ഇയാളും ഭാര്യയും മകളും ചേര്‍ന്നാണു പദ്ധതി തയ്യാറാക്കിയത് എന്നാണ് വിവരം. മൂന്നുപേരുടേയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.
മൊഴി മാറ്റിപ്പറയുന്നതാണ് പൊലീസിന് മുന്നിലെ പ്രതിസന്ധി. തട്ടിക്കൊണ്ടുപോയ കുട്ടിയുടെ കുടുംബവുമായി പദ്മകുമാറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നോ, തട്ടിക്കൊണ്ടുപോകലിന് ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം ലഭിച്ചിരുന്നോ എന്നീ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. കുറ്റകൃത്യത്തില്‍ ഭാര്യയും മകളും വഹിച്ച പങ്കും കുട്ടിയെ ഒളിപ്പിച്ചത് എവിടെയൊക്കെ എന്ന കാര്യവും കണ്ടെത്തേണ്ടതുണ്ട്.
പുലര്‍ച്ചെ വരെ പോലീസ് ചോദ്യം ചെയ്യല്‍ തുടര്‍ന്നെങ്കിലും പദ്മകുമാര്‍ പലവട്ടം മൊഴികള്‍ മാറ്റി. യൂട്യൂബില്‍ നിന്നു വരുമാനമുണ്ടായിരുന്ന മകള്‍ക്ക് അടുത്ത കാലത്ത് വരുമാനം നിലച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. സംഭവ ശേഷം കേരളത്തില്‍ നിന്നു മുങ്ങി തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ എത്തിയ പദ്മകുമാറിനെയും ഭാര്യയെയും മകളെയും അടൂരിലെ എ ആര്‍ ക്യാമ്പിലെത്തിച്ചാണു ചോദ്യം ചെയ്തത്.