Connect with us

iuml

ദേശീയ തലത്തില്‍ വേരുകളില്ലാതെ അതിജീവിക്കാനാവില്ല; ലീഗ് പ്ലാറ്റിനം ജൂബിലിയില്‍ സുപ്രധാന തിരിച്ചറിവ്

മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നു

Published

|

Last Updated

കോഴിക്കോട് | ചെന്നൈയില്‍ ആരംഭിച്ച പ്ലാറ്റിനം ജൂബിലി സമ്മേളനം മുസ്്‌ലിം ലീഗ് നിലപാടുകളുടെ ദിശ പുനര്‍ നിര്‍ണയിക്കുമോ?. കേരളത്തില്‍ ശക്തിപ്പെട്ട മുസ്‍ലിം ലീഗിനെ, മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നു എന്ന തിരിച്ചറിവാണ് 75 വയസ്സു പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ മുസ്‍ലിം ലീഗിനെ പുനരാലോചനകള്‍ക്കു പ്രേരിപ്പിക്കുന്നത്. പാര്‍ലിമെന്റില്‍ ഏതാനും എം പിമാരിലൂടെ മാത്രം മുസ്ലിം ലീഗിന്റെ ശബ്ദം രാജ്യത്ത് ഉയര്‍ന്നാല്‍ പോരെന്നും നേതൃത്വമില്ലാതെ വെറും ആള്‍ക്കൂട്ടമായിത്തീര്‍ന്ന ന്യൂനപക്ഷ ജനതക്കിടയില്‍ സംഘ ബോധത്തിന്റെ ശബ്ദം ഉയര്‍ത്തണമെന്നുമുള്ള തിരിച്ചറിവാണ് ലീഗിനുണ്ടാകുന്നത്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എയുടെ ഭാഗമാണെങ്കിലും രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ കാലം ആവശ്യപ്പെടുന്ന പ്രാധാന്യം പാര്‍ട്ടിക്കു നേടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും ലീഗ് മനസ്സിലാക്കുന്നു. ഇ അഹമ്മദിനെ പോലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാക്കളുടെ അഭാവം നഷ്ടപ്പെട്ടതോടെ ദേശീയ തലത്തില്‍ പാര്‍ട്ടി അപ്രസക്തമാവുമോ എന്നും അവർ ഭയപ്പെടുന്നു. മലപ്പുറം, പൊന്നാനി എന്നിവിടങ്ങള്‍ പോലെ മുസ്‍ലിം ഭൂരിപക്ഷമുള്ള എത്രയോ മണ്ഡലങ്ങള്‍ രാജ്യത്തുണ്ട്. ഇവിടെയൊന്നും മുസ്‍ലിം ലീഗെന്ന പാര്‍ട്ടിക്കു സ്വധീനമില്ലാതെ പോയത് എങ്ങിനെയെന്നാണു പാര്‍ട്ടി പുനര്‍ചിന്തനം നടത്തുന്നത്.

കേരളത്തില്‍ അഞ്ചുവര്‍ഷം ഇടവിട്ടു ഭരണം ലഭിച്ചതിനാല്‍ പാര്‍ട്ടിയുടെ അജണ്ട കേരളത്തില്‍ ഒതുങ്ങിപ്പോയി എന്നതാണ് ദേശീയ തലത്തില്‍ വേരുകള്‍ ഇല്ലാതെ പോയതിനു പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. ലക്ഷ്യം കേരളത്തില്‍ ചുരുങ്ങുകയും രാഷ്ട്രീയം മലപ്പുറം ജില്ലയില്‍ പരിമിതപ്പെടുകയും ചെയ്തു എന്ന അപകടം പാര്‍ട്ടി വൈകിയെങ്കിലും മനസ്സിലാക്കുന്നുണ്ട്.

രാജ്യവും ന്യൂനപക്ഷ മത വിഭാഗവും ഗുരുതരമായ വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍, ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി ജെ പിയുടെ വിജയം ഉറപ്പാക്കുന്നതില്‍ പങ്കു വഹിക്കുന്ന ചെറു പാര്‍ട്ടികളുടെ സ്വാധീനം മതേതര കക്ഷികള്‍ക്കു ഭീഷണിയാവുന്ന സാഹചര്യമുണ്ട്. ഇത്തരം കക്ഷികള്‍ ന്യൂനപക്ഷ സമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനം ഓരോ തിരഞ്ഞെടുപ്പിലും ചര്‍ച്ചയാവാറുണ്ട്. പി എഫ് ഐ പോലെ അടുത്തയിടെ നിരോധിക്കപ്പെട്ട സംഘടനകള്‍ക്കു പോലും വളരെ വേഗം ദേശീയ തലത്തില്‍ വേരുകള്‍ ആഴ്ത്താന്‍ കഴിഞ്ഞതും ലീഗ് ഇപ്പോള്‍ ഗൗരവത്തോടെ കാണുന്നു. മതേതര പക്ഷത്തെ ശക്തിപ്പെടുത്താന്‍ യത്‌നിക്കുന്ന ലീഗ്, രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംഘടിപ്പിക്കുകയെന്ന ജന്മ ലക്ഷ്യത്തില്‍ നിന്നു പിന്നാക്കം പോയപ്പോഴാണ് ഇത്തരം നിക്ഷിപ്ത താല്‍പര്യങ്ങളുള്ള കക്ഷികള്‍ ന്യൂനപക്ഷങ്ങളില്‍ സ്വാധീനമുണ്ടാക്കുന്നതെന്നും ലീഗ് മനസ്സിലാക്കുന്നു.

ഇന്ത്യാ വിഭജനവുമായി ബന്ധപ്പെടുത്തി മുസ്‍ലിം ലീഗ് എന്ന പേരിനെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്ന ശ്രമങ്ങളാണ് രാജ്യത്ത് ന്യൂനപക്ഷങ്ങളില്‍ വേരാഴ്തുന്നതില്‍ ലീഗിനു പ്രതിസന്ധിയുണ്ടാക്കിയത്. ഈ അപകര്‍ഷം ഉള്ളില്‍ പേറിയതിനാലാണ് കഴിഞ്ഞ 75 വര്‍ഷം കേരളത്തിലെ മലബാറിലെ തുരുത്തുകളിലേക്ക് പാര്‍ട്ടിക്ക് ഉള്‍വലിയേണ്ടിവന്നതെന്ന ആത്മവിര്‍ശനം ലീഗില്‍ ശക്തിപ്രാപിച്ചിട്ടുണ്ട്.

മുഹമ്മദലി ജിന്ന നേതൃത്വം നല്‍കിയ അഖിലേന്ത്യ മുസ്ലിംലീഗ് 1947 ഡിസംബര്‍ 15ന് കറാച്ചിയില്‍ യോഗം ചേര്‍ന്ന് പിരിച്ചുവിട്ടതോടെ ഒരു ചരിത്ര ഘട്ടം അവസാനിച്ചതാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്ത മുഹമ്മദ് ഇസ്മയില്‍ സാഹിബ് രൂപം നല്‍കിയ പാര്‍ട്ടിക്ക് പുതിയ രാഷ്ട്രീയ ദൗത്യം ഉയര്‍ത്തി മുന്നോട്ടു പോകുന്നതില്‍ ഉണ്ടായ തടസ്സങ്ങളാണ് പാര്‍ട്ടി ഇപ്പോള്‍ പരിശോധിക്കുന്നത്.
1948 മാര്‍ച്ച് പത്തിന് ചെന്നൈയിലെ രാജാജി ഹാളില്‍ മുഹമ്മദ് ഇസ്മയില്‍ സാഹിബ് വിളിച്ചു ചേര്‍ത്ത യോഗമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് എന്ന പ്രസ്ഥാനത്തിനു രൂപം നല്‍കിയത്. അതിന്റെ ഓര്‍മയില്‍ 75 വര്‍ഷത്തിനു ശേഷം സമ്മേളിക്കുമ്പോള്‍ പുതിയ ശേഷി പാര്‍ട്ടി നേടിയോ എന്ന ചോദ്യം സുപ്രധാനമാണ്. മുഹമ്മദ് ഇസ്മയില്‍ സാഹിബ് പ്രസിഡന്റും മെഹബൂബ് അലി ബേഗ് ജനറല്‍ സെക്രട്ടറിയായി പിറന്ന ഐ യു എം എല്‍ എന്ന പാര്‍ട്ടി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പടര്‍ന്നു പന്തലിക്കാതെ പോയത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് സമ്മേളനത്തില്‍ ഉയരുന്നത്. 1952 ലെ ആദ്യ പാര്‍ലമെന്റ് മുതല്‍ മുസ്ലിം ലീഗിന് പ്രാതിനിധ്യമുണ്ടെങ്കിലും പാര്‍ട്ടിയുടെ അജണ്ട ദുര്‍ബലമായിപ്പോയതിനു കാരണമെന്ത് എന്ന ചോദ്യം അവര്‍ ഉയര്‍ത്തുന്നു.

അഞ്ചാം ലോകസഭയില്‍ മഞ്ചേരിക്കും കോഴിക്കോടിനുമൊപ്പം തമിഴ്നാട്ടിലെ പെരിയാകുളം, പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നും ലീഗ് പ്രതിനിധികള്‍ പാര്‍ലിമെന്റില്‍ എത്തിയിരുന്നു. 1952 മുതല്‍ രാജ്യസഭയിലും ലീഗിന്റെ സാന്നിധ്യമുണ്ട് എന്നിട്ടും ന്യൂപക്ഷങ്ങളിലേക്കു പാര്‍ട്ടി ഇറങ്ങിയില്ല.

കേരളം രൂപീകരിച്ചപ്പോള്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ പ്രസിഡന്റും കെ എം സീതി സാഹിബ് ജനറല്‍ സെക്രട്ടറിയുമായി സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. 1961ലെ പിളര്‍പ്പ് പാര്‍ട്ടിയെ കാര്യമായി ബാധിച്ചിരുന്നില്ലെങ്കിലും 1974 ലെ വലിയ പിളര്‍പ്പു പാര്‍ട്ടിയെ തളര്‍ത്തിയിരുന്നു. ഇതോടെയാണ് പാര്‍ട്ടിയുടെ അജണ്ട മലപ്പുറത്തേക്കു ചുരുങ്ങിയത്.
ഹജ്ജിന് പോയ പാര്‍ട്ടി പ്രസിഡന്റ് ബാഫഖി തങ്ങള്‍ 1973 ല്‍ മക്കയില്‍ വെച്ച് മരിച്ചതോടെയാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം സി എച്ച് മുഹമ്മദ് കോയയുടെ സ്വാധീനത്തില്‍ പാണക്കാട്ടേക്കെത്തിയത്.

പി എം എസ് എ പൂക്കോയ തങ്ങള്‍ ആ കുടുംബത്തില്‍ നിന്നുള്ള ആദ്യ പ്രസിഡന്റായതോടെ ലീഗ് അജണ്ട കേരള രാഷ്ട്രീയത്തിലേക്കും ഭരണത്തിലേക്കും ചുരുങ്ങി. കേരളത്തിലെ മന്ത്രിസ്ഥാനം തീരുമാനിക്കുക അധികാരം നേതാക്കള്‍ക്കു പങ്കിട്ടു നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കമില്ലാതിരിക്കാന്‍ പാണക്കാട്ടു തങ്ങളുടെ ആത്മീയ ഔന്നത്യം പ്രയോജനപ്പെടുത്തുക എന്നതിനപ്പുറം മറ്റു രാഷ്ട്രീയ അജന്‍ഡയൊന്നുമില്ലാതെ ലീഗ് രാഷ്ട്രീയം ഒതുങ്ങി എന്നാണ് വിലയിരുത്തപ്പെടുന്നത്. പാണക്കാട് കുടുംബത്തില്‍ നിന്നുള്ളവര്‍ ലീഗ് പ്രസിഡന്റായാല്‍ മാത്രമേ പാര്‍ട്ടി തീരുമാനം തര്‍ക്കമില്ലാതെ നടപ്പാക്കാന്‍ കഴിയൂ എന്ന സി എച്ച് മുഹമ്മദ് കോയയുടെ കണക്കുകൂട്ടല്‍ ഫലത്തില്‍ ലീഗിനെ കേരളത്തിലേക്കും മലപ്പുറത്തേക്കും പരിമിതപ്പെടുത്തി.

പാര്‍ട്ടിക്ക് നിര്‍ണായക ശക്തിയുള്ള മലപ്പുറത്ത് അധികാര തര്‍ക്കങ്ങള്‍ ഇല്ലാതാക്കാന്‍ ജില്ലാ, മണ്ഡലം, മുനിസിപ്പല്‍ കമ്മിറ്റികളില്‍ വരെ പ്രസിഡന്റായി തങ്ങള്‍ കുടുംബത്തില്‍ നിന്നുള്ളവര്‍ വേണമെന്ന നിലവന്നു. ആത്മീയ നേതൃത്വം എന്നതിനാല്‍ കുടപ്പനക്കല്‍ തറവാട്ടിലുള്ളവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നതു മുതിര്‍ന്ന നേതാക്കള്‍ക്കു സൗകര്യവുമായിരുന്നു. പതിയെ മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന പാണക്കാട്ടു കുടുംബം അടുത്ത സംസ്ഥാന പ്രസിഡന്റാകുമെന്ന കീഴ്‌വഴക്കം പോലും പാര്‍ട്ടിയില്‍ രൂപപ്പെട്ടു. പാര്‍ട്ടിയുടെ അഭ്യുദയ കാംക്ഷികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ ഈ വിഷയങ്ങളെല്ലാം ഉള്‍പ്പെടുന്നുണ്ട്.

രാജ്യത്തു മതേതര സഖ്യത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഇടതു പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ദേശീയ തലത്തില്‍ സ്വീകരിക്കുന്ന നിലപാട് ലീഗിനെ ആകര്‍ഷിച്ചിട്ടുണ്ട്. ലീഗിന്റെ നിലപാടുകളെ പലഘട്ടങ്ങളിലും പിന്‍തുണച്ചുകൊണ്ടു സി പി എം രംഗത്തുവരുന്നതും പാര്‍ട്ടിയില്‍ ചര്‍ച്ചയാണ്. ലീഗ് വര്‍ഗീയ കക്ഷിയല്ലെന്നും ലീഗിന്റെ മതേതര നിലപാട് ശക്തമാണെന്നു സി പി എം നേതാക്കള്‍ പറയുന്നത് ലീഗ് അംഗീകാരമായി കാണുന്നു. ഭാവിയില്‍ സി പി എമ്മുമായുള്ള ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ പുരോഗമിക്കാനുള്ള സാധ്യതകളെ ലീഗ് തള്ളുന്നില്ല.

കേരളത്തിലെ കോണ്‍ഗ്രഹസ്സിനകത്തെ തര്‍ക്കങ്ങള്‍ ലീഗിനെ ആശങ്കപ്പെടുത്തുന്നുണ്ട്. തുടര്‍ച്ചയായി പത്തുവര്‍ഷം അധികാരത്തില്‍ നിന്നു പുറത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യം ലീഗില്‍ വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചത്.

ലീഗിന്റെ ശക്തിയായിരുന്ന ഇ കെ സമസ്ത ഉയര്‍ത്തുന്ന ഭീഷണികളും പാര്‍ട്ടിക്കു തലവേദനയായിട്ടുണ്ട്. പാര്‍ട്ടിയുടെ വോട്ട് ബാങ്കായി ഏറെക്കാലം നിലനിന്ന ഇ കെ വിഭാഗം പല ഘട്ടങ്ങളില്‍ സ്വതന്ത്രമായ നിലപാടുകളുമായി മുന്നോട്ടു പോകുന്നതും ഇടതുപക്ഷവുമായി അടുക്കുന്നതും ഭാവിയില്‍ വെല്ലുവിളിയാണെന്നു ലീഗ് കാണുന്നു.

ദേശീയ തലത്തില്‍ വേരുകളില്ലാതെ കേരളത്തിലെ ഒരു വെറും പ്രാദേശിക പാര്‍ട്ടിയായി ഇനിയും മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവാണ് പ്ലാറ്റിനം ജൂബിലി തമ്മേളനത്തില്‍ ലീഗിനെ ചിന്തിപ്പിക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest