International
ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ മയ്യിത്തുകള്‍ ഖബര്‍ തുറന്ന് മോഷ്ടിച്ച് ഇസ്‌റാഈല്‍ സേന; ഭയാനകമായ കുറ്റകൃത്യമെന്ന് ഫലസ്തീന്‍ മതകാര്യ മന്ത്രാലയം
ഗസ്സ മുനമ്പിലുടനീളമുള്ള 60 ഖബറിടങ്ങളില്‍ 40 എണ്ണം ഇസ്‌റാഈല്‍ സൈന്യം പൂര്‍ണമായോ ഭാഗികമായോ നശിപ്പിച്ചു

ഗസ്സ | ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ മയ്യിത്തുകള്‍ ഇസ്‌റാഈല്‍ അധിനിവേശ സേന ഖബര്‍ തുറന്ന് മോഷ്ടിക്കുന്നുവെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഖാന്‍ യൂനുസ് ഗവര്‍ണറേറ്റിന് പടിഞ്ഞാറുള്ള തുര്‍ക്കി ഖബര്‍സ്ഥാനില്‍ അതിക്രമിച്ചു കയറി ഖബറുകള്‍ മാന്തി മൃതദേഹങ്ങള്‍ മോഷ്ടിച്ചതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഫലസ്തീന്‍ മതകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭയാനകമായ കുറ്റകൃത്യമെന്നാണ് മതകാര്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്.
ടാങ്കുകളും ബുള്‍ഡോസറുകളും ഉപയോഗിച്ചാണ് അധിനിവേശ സേന അല്‍- മവാസി പ്രദേശത്തെ ഖബറിടങ്ങള്‍ കുഴിച്ചെടുത്തത്. ഇത് മതപരവും മാനുഷികവുമായ എല്ലാ മൂല്യങ്ങളുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് ഫലസ്തീന്‍ മതകാര്യ മന്ത്രാലയം വ്യക്തമാക്കി.
ധാര്‍മികമോ നിയമപരമോ ആയ ന്യായീകരണമില്ലാത്ത ഇസ്‌റാഈലി നടപടികള്‍ കുറ്റകരവും ക്രൂരവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രദേശത്ത് അഭയം തേടിയ നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ഗസ്സ മുനമ്പിലുടനീളമുള്ള 60 ഖബറിടങ്ങളില്‍ ഏകദേശം 40 എണ്ണം ഇസ്‌റാഈല്‍ സൈന്യം പൂര്‍ണമായോ ഭാഗികമായോ നശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.