International
ഹമാസ് സഹസ്ഥാപകന്‍ ഹഖം മുഹമ്മദ് ഇസ്സ അല്‍ ഇസ്സയെ വധിച്ചതായി ഇസ്‌റാഈല്‍
ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായിരുന്നു ഇസ്സ അല്‍ ഇസ്സയെന്നാണ് ഇസ്‌റാഈലിന്റെ ആരോപണം.

ടെല്‍ അവീവ് | ഹമാസ് ഗ്രൂപ്പിന്റെ സഹസ്ഥാപകന്‍ ഹഖം മുഹമ്മദ് ഇസ്സ അല്‍ ഇസ്സയെ വധിച്ചതായി അവകാശപ്പെട്ട് ഇസ്‌റാഈല്‍ സൈന്യം. ഗസ്സ നഗരത്തിലെ സബ്‌റ മേഖലയില്‍ കഴിഞ്ഞ ദിവസം സുരക്ഷാ ഏജന്‍സി (ഐ എസ് എ)യും പ്രതിരോധ സേന (ഐ ഡി എഫ്)യും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്സ അല്‍ ഇസ്സയെ കൊലപ്പെടുത്തിയതെന്ന് ഇസ്‌റാഈല്‍ വെളിപ്പെടുത്തി.
ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായിരുന്നു ഇസ്സ അല്‍ ഇസ്സയെന്നാണ് ഇസ്‌റാഈലിന്റെ ആരോപണം. 1,200-ലധികം പേരാണ് ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 250-ലധികം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.
അടുത്തിടെ, ഇസ്‌റാഈല്‍ സൈനികര്‍ക്കും സിവിലിയന്മാര്‍ക്കും നേരെ ആക്രമണം ആസൂത്രണം ചെയ്തതില്‍ പങ്കാളിയാണ് ഇയാളെന്നും ഗസ്സ യുദ്ധത്തോടെ തകര്‍ന്ന ഹമാസിന്റെ സംഘടനാ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇസ്‌റാഈല്‍ സേന ആരോപിക്കുന്നു.