Connect with us

ISL 2021- 22

ഐ എസ് എല്‍: ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ്

അഞ്ച് കളികളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം സമനിലയാണിത്

Published

|

Last Updated

മഡ്ഗാവ് | ഐ എസ് എല്ലില്‍ അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങി കേരളാ ബ്ലാസ്റ്റേസ്. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അഞ്ച് കളികളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം സമനിലയാണിത്. ജയിച്ചത് ഒരെണ്ണം മാത്രം. ആറ് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റു പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ആറ് കളികളില്‍ നിന്ന് ഈസ്റ്റ് ബംഗാളിന് മൂന്ന് പോയിന്റ് മാത്രമാണുള്ളത്.

മത്സരത്തില്‍ 69 ശതമാനവും പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ വരുതിയിലായിരുന്നെങ്കിലും ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞതാണ് ടീമിന് തിരിച്ചടിയായത്. ലക്ഷ്യത്തിലേക്ക് രണ്ട് ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ മാത്രമേ മഞ്ഞപ്പടക്ക് കഴിഞ്ഞുള്ളൂ. കേരളത്തിന്റെ മുന്നേറ്റങ്ങളായിരുന്നു മത്സരത്തിന്റെ തുടക്കത്തില്‍. 15ാം മിനുട്ടില്‍ അല്‍വാരോ വാസ്‌ക്വെസ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഈ ഗോള്‍ പിന്‍വലിച്ചു. എന്നാല്‍, 37ാം മിനുട്ടില്‍ ടോമിസ് ലാവ് മര്‍സെലിയലൂടെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. രാജു ഗെയ്ക്‌വാദിന്റെ ലോംഗ് ത്രോ മര്‍സെലെ ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സ് വലയിലെത്തിക്കുകയായിരുന്നു. 44ാം മിനുട്ടില്‍ ആര്‍വാരോ വാസ്്ക്വസിലൂടെ കേരളം സമനില പിടിച്ചു. ബോക്സിന് പുറത്ത് നിന്നുള്ള വാസ്‌ക്വെസിന്റെ ഉജ്ജ്വല ഷോട്ട് മര്‍സലയുടെ തോളില്‍തട്ടി ഗതിമാറി വലയില്‍ ചെന്നുകയറുകയായിരുന്നു.

വിജയ ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഈ മാസം 19ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയെ നേരിടും. അഞ്ച് കളികളില്‍ നിന്നും നാല് ജയങ്ങളുമായി 12 പോയിന്റാണ് മുംബൈക്ക്. ഒമ്പത് പോയിന്റുള്ള ഒഡീഷ രണ്ടാം സ്ഥാനത്തും എട്ട് പോയിന്റുള്ള ചെന്നൈയിന്‍ മൂന്നാം സ്ഥാനത്തുമാണ്.

Latest