Kerala
ഐസകിൻ്റെ തുടിക്കുന്ന ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ചു
നാല് മണിക്കൂർ നീളുന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ തുടങ്ങി

കൊച്ചി| ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തിരുവനന്തപുരത്ത് നിന്ന് തുടിക്കുന്ന ഹൃദയവുമായി ഹെലികോപ്റ്റർ കൊച്ചിയിലെത്തി. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഐസക്കി(33)ൻ്റെ ഹൃദയമാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എയര്‍ ആംബുലന്‍സിൽ കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ചത്. ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിന് ഹൃദയം നൽകുന്നത്. നാല് മണിക്കൂർ നീളുന്ന ശസ്ത്രക്രിയ ആരംഭിച്ചു. ലിസിയിൽ നടക്കുന്ന 21ാമത്തെ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയയാണിത്.
കിംസ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് മാര്‍ഗം ആറ് മിനുട്ട് കൊണ്ടെത്തിച്ച ഹൃദയവുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ നിന്നാണ് സംസ്ഥാന സർക്കാരിന്റെ എയർ ആംബുലൻസ് പറന്നുയർന്നത്. ഉച്ചയോടെ കൊച്ചി ഹയാത്ത് ഹെലിപ്പാഡിൽ എത്തി. ഇവിടെ നിന്ന് ആംബുലൻസിൽ ലിസി ആശുപത്രിയിലേക്കെത്തിച്ചു.
ഐസകിൻ്റെ ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. രണ്ട് വൃക്ക, ഹൃദയം, കരൾ, രണ്ട് കോർണിയ എന്നിവ ദാനം ചെയ്യാൻ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു. കഴിഞ്ഞ ആറിനാണ് കൊല്ലം കൊട്ടാരക്കരയിൽ വെച്ച് ഐസക് ജോർജ് വാഹനാപകടത്തിൽപ്പെട്ടത്. ഏഴിന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിക്കുകയും മൂന്ന് ദിവസം വെൻ്റിലേറ്ററിൽ കഴിയുകയും ചെയ്തു. ഇന്നലെ രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. ഇതോടെയാണ് അവയവ ദാനത്തിന് കുടുംബം സന്നദ്ധത പ്രകടിപ്പിച്ചത്.