Connect with us

Prathivaram

വീടുകളിൽ വിവര വിനിമയമുണ്ടോ?

നിങ്ങളുടെ ഏത് പ്രായത്തിലുമുള്ള കുട്ടികൾ കൈയിലുള്ള തിളങ്ങുന്ന സ്‌ക്രീനിനുള്ളിൽ ഓരോ നിമിഷവും അപവാദങ്ങൾ, ചൂഷണങ്ങൾ, അതിരുവിട്ട അഭിനയങ്ങൾ, അതിക്രമ വാർത്തകൾ മീമുകൾ, തമാശകൾ, റീലുകൾ എന്നിവയിലൂടെയല്ലേ സഞ്ചരിക്കുന്നത്.

Published

|

Last Updated

ലോകത്താകെ ഇരുട്ട് പരക്കുന്നു എന്ന് ആധിപ്പെടുന്ന നമ്മൾ സ്വന്തം വീട്ടിൽ നിശബ്ദത കൊണ്ട് കവചം തീർക്കുകയാണോ? മാതാവ്, പിതാവ്, രക്ഷിതാവ് തുടങ്ങിയ റോളുകൾ മിക്കവാറും നാം പലതരം സങ്കൽപ്പങ്ങൾ കൊണ്ടാണ് വളരെ ഈസിയായി നിറവേറ്റി വരുന്നത്. നിങ്ങളുടെ ഏത് പ്രായത്തിലുമുള്ള കുട്ടികൾ കൈയിലുള്ള തിളങ്ങുന്ന സ്‌ക്രീനിനുള്ളിൽ ഓരോ നിമിഷവും അപവാദങ്ങൾ, ചൂഷണങ്ങൾ, അതിരുവിട്ട അഭിനയങ്ങൾ, അതിക്രമ വാർത്തകൾ മീമുകൾ, തമാശകൾ, റീലുകൾ എന്നിവയിലൂടെയല്ലേ സഞ്ചരിക്കുന്നത്. അവർക്ക് മനസ്സിലാകാത്ത പലതും കണ്ട് അവർ ചുമ്മാ ചിരിച്ചേക്കാം, ആഴത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന ചിലതൊക്കെ സ്കിപ് ചെയ്തേക്കാം, എപ്‌സ്റ്റൈൻ ഫയലുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലെ ചിലതിലൂടെ അവർ കടന്നുപോയേക്കാം. ഏതൊരു രക്ഷിതാവിനും നിരീക്ഷിക്കാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ ഗ്രൂപ്പ് ചാറ്റുകളിലും, ഹ്രസ്വ വീഡിയോകളിലും, കമന്റ് വിഭാഗങ്ങളിലും, ഒക്കെ ഒട്ടേറെ വിവരങ്ങൾ അവരിൽ വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഇതെന്താണ് കാര്യം എന്ന് പൂർണമായി മനസ്സിലാക്കിയില്ലെങ്കിൽ പോലും, അവർ അവയെക്കുറിച്ച് ചിന്തിക്കും. അവകാശം, അധികാരം, ലൈംഗികത, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശയങ്ങൾ അവർ രൂപപ്പെടുത്തും.

നമ്മുടെ കൈയിലൊതുങ്ങില്ല എന്ന ഒഴുക്കൻ വിചാരത്തിൽ നാം നിശബ്ദത പാലിച്ചാൽ നമ്മുടെ കുട്ടികളെ അസ്വസ്ഥതപ്പെടുത്തുന്ന യാഥാർഥ്യങ്ങളിൽ നിന്ന് അവർ സ്വയം സംരക്ഷിച്ചുകൊള്ളും എന്നാണ് പല മാതാപിതാക്കളും പ്രതീക്ഷിക്കുന്നത്. എന്നാൽ കാര്യം മറിച്ചാണ്, ഡിജിറ്റൽ യുഗത്തിൽ, നിശബ്ദത അവരെ കുറ്റമറ്റവരും നിഷ്കളങ്കരും ആക്കി മാറ്റുമെന്ന് കരുതരുത്. രക്ഷിതാവിന്റെ നിശബ്ദത വലിയ ഒറ്റപ്പെടലാണ് അവരിൽ സൃഷ്ടിക്കുക. ലൈംഗികത, ചൂഷണം, അധികാര ദുർവിനിയോഗം തുടങ്ങിയ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ വീട്ടിൽ ഒരിക്കലും പരാമർശിക്കപ്പെടാത്തപ്പോൾ, ഇതെനിക്ക് മാതാപിതാക്കളുമായി സംസാരിക്കാൻ കഴിയുന്ന ഒന്നല്ല എന്ന ആശാസ്യകരമല്ലാത്ത നിഗമനത്തിലേക്കാണ് കുട്ടികൾ എത്തുക. ആ വിശ്വാസം അവർ കാണുന്ന വാർത്തകളേക്കാൾ അപകടകരമാണ്. കൗമാരക്കാർ ആണെങ്കിൽ പലപ്പോഴും നർമത്തിലൂടെയാണ് അസ്വസ്ഥതകളെ നേരിടുക. അവർ കാണുന്ന കാര്യങ്ങൾ എങ്ങനെ പ്രോസസ്സ് ചെയ്യണമെന്ന് അറിയാത്തതിനാൽ അവർ ഗുരുതരമായ വിഷയങ്ങളെ വളരെ നിസ്സാരമാക്കിയോ ഇരുണ്ട തമാശയാക്കിയോ ചിരിച്ചു തള്ളിയേക്കാം.

പക്ഷേ, ആ ചിരിക്കുള്ളിൽ ആശയക്കുഴപ്പം, ഭയം അല്ലെങ്കിൽ ജിജ്ഞാസ എന്നിവയായിരിക്കും ഉണ്ടാവുക. എന്താണ് സാധാരണമായത്, എന്താണ് ദുരുപയോഗം, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾ എങ്ങനെയാണ് തിരിച്ചറിയുക എന്നൊക്കെ അവർ ചിന്തിച്ചേക്കാം. പക്ഷേ മാതാപിതാക്കൾ ഇടപെട്ടില്ലെങ്കിൽ, ഇന്റർനെറ്റും സമപ്രായക്കാരുമായിരിക്കും അവരുടെ പ്രധാന വിവരങ്ങളുടെയും ധാരണയുടെയും ഉറവിടമാവുക. ആ ഉറവിടങ്ങൾ പലപ്പോഴും അപൂർണമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആണെന്നറിയണം. അവരറിയേണ്ട കാര്യങ്ങൾ മാതാപിതാക്കൾ ശാന്തമായി വിശദീകരിച്ച് അവർക്ക് വ്യക്തതയും കൃത്യതയും നൽകണം. ഏറ്റവും സത്യസന്ധവും ആത്മാർഥവുമായ സംഭാഷണം ഭയങ്ങളിൽ നിന്നും ആശയക്കുഴപ്പങ്ങളിൽ നിന്നും അവർക്ക് ശരിയായ ദിശ നൽകും.

കഠിനമായ കാര്യങ്ങളെക്കുറിച്ച് മക്കളോട് സംസാരിക്കുന്നത് കൊണ്ട് അവരുടെ ഭയാശങ്കകൾ വർധിപ്പിക്കുകയല്ല പകരം വിശ്വാസം വളർത്തുകയാണ് ചെയ്യുക. ഒരു രക്ഷിതാവ്, “ഞാൻ ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. നീ എന്താണ് കേട്ടത്?’ എന്ന് തുറന്ന് സംസാരിക്കുമ്പോൾ അത് ധൈര്യവും ആത്മവിശ്വാസവും വിനിമയം ചെയ്യുന്നു. നിങ്ങൾക്ക് എല്ലാ കാര്യത്തെക്കുറിച്ചും പൂർണമായ അറിവോ ഉത്തരങ്ങളോ ആവശ്യമില്ല. “നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്’ അല്ലെങ്കിൽ “നമുക്ക് ഒരുമിച്ച് അതിനെക്കുറിച്ച് കൂടുതൽ പഠിക്കാം’ എന്നൊക്കെയുള്ള ലളിതമായ പ്രതികരണങ്ങൾ നിങ്ങളുടെ മക്കളെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ പോലും നന്നായി കൈകാര്യം ചെയ്യാൻ കഴിയും എന്ന മാനസികാവസ്ഥയിലേക്ക് എത്തിക്കും. ഒരു വിഷയവും വീട്ടിൽ ചർച്ച ചെയ്യാൻ കഴിയാത്തത്ര അരോചകമോ, വേദനാജനകമോ, ഗൗരവമുള്ളതോ അല്ലെന്ന് കുട്ടികൾ അറിയുമ്പോൾ, സ്വന്തം ജീവിതത്തിൽ എന്തെങ്കിലും തെറ്റ് തോന്നിയാൽ അവർ മറകൂടാതെ സംസാരിക്കാൻ കൂടുതൽ സാധ്യതയുണ്ട്. വിവരങ്ങളുടെ അമിത വിനിമയമുള്ള ഒരു ലോകത്ത്, നിങ്ങളുടെ മക്കൾക്ക് നിൽക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലം യാഥാർഥ്യത്തെ നേരിടാൻ തയ്യാറുള്ള ഒരു രക്ഷിതാവിന്റെ അരികിലാണ്, നിങ്ങൾ അവിടെ നിന്ന് ഒളിച്ചോടാൻ ശ്രമിക്കരുത്.

 

 

 

Latest