Connect with us

Siraj Article

കാലാവസ്ഥ പിണങ്ങുന്നോ ?

നിയന്ത്രണമില്ലാതെ പരിസ്ഥിതി മലിനപ്പെടുകയും അന്തരീക്ഷത്തിലേക്ക് വിഷവാതകങ്ങളുടെ പ്രവാഹം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തതു കൊണ്ട് കാലാവസ്ഥാ വ്യതിയാനവും അപ്രതീക്ഷിതമായ ദുരന്തങ്ങളും സര്‍വ സാധാരണമായിരിക്കുന്നു. അനിയന്ത്രിതമായ പാറമടകള്‍, അശാസ്ത്രീയമായ റോഡ് നിര്‍മാണം, വലിയ സ്ട്രക്ചറുകളുടെ നിര്‍മാണം തുടങ്ങിയവയെല്ലാം പരിസ്ഥിതിക്ക് ദോഷം വരുത്തുകയും കാലാവസ്ഥയെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നവയാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ദുരന്തങ്ങളെല്ലാം ഈയൊരു കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടക്കമായിട്ട് വേണം കാണാന്‍

Published

|

Last Updated

തിലോലവും ജീവദായകവും അമൂല്യവുമായ കേരളത്തിലെ അന്തരീക്ഷത്തെ യാതൊരു മാനദണ്ഡവുമില്ലാതെ ധൂര്‍ത്തടിക്കുകയാണ് നമ്മളെല്ലാവരും. പ്രത്യേകിച്ച് പശ്ചിമഘട്ടത്തെ. പല കാരണങ്ങള്‍ പറഞ്ഞ് നമ്മള്‍ ഇവിടുത്തെ വനത്തെ ഇല്ലാതാക്കുകയും പാറമടകള്‍ക്കായി ഉഗ്ര സ്‌ഫോടനങ്ങള്‍ നടത്തുകയും ജെ സി ബി ഉപയോഗിച്ച് കൃഷിയിലേര്‍പ്പെടുകയും ചെയ്തുകഴിഞ്ഞപ്പോള്‍ പശ്ചിമഘട്ടത്തിന്റെ ജീവദായകം എന്ന സവിശേഷത ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ആഗോള കാലാവസ്ഥയിലെ മാറ്റങ്ങള്‍ മൂലം അന്തരീക്ഷത്തിലും കരയിലും സമുദ്രത്തിലും സമുദ്രോപരിതല താപനിലയിലുമൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിലെ സ്വാഭാവികമായ കാലാവസ്ഥയെയും അന്തരീക്ഷത്തെയും ബാധിച്ചിരിക്കുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെ പശ്ചിമഘട്ടം പോലുള്ള സോത്രസ്സുകളെ ധൂര്‍ത്തടിക്കുകയാണ് നാമെല്ലാം.

മാനവരാശി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ആഗോള താപനിലയിലെ വര്‍ധന. ഇത് മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഭൗമാന്തരീക്ഷത്തിലെ സ്വഭാവത്തെയാകെ മാറ്റിമറിച്ചിരിക്കുന്നു. അന്തരീക്ഷം, ഉപരിതലം, സമുദ്രങ്ങള്‍, മറ്റു ജല ശേഖരങ്ങള്‍, ജീവജാലങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന ഒന്നാണ് കാലാവസ്ഥാ വ്യൂഹം. ഇതിലെ ചെറിയ മാറ്റങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്നു. ബട്ടര്‍ഫ്‌ളൈ ഇഫക്ട് എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അതായത് ചെറിയ മാറ്റങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നര്‍ഥം. കാലാവസ്ഥാ വ്യൂഹം എന്നത് ഒരു സിസ്റ്റം ആയതിനാല്‍ അതിലെ ചെറിയ മാറ്റം ആ വ്യൂഹത്തെയാകെ ബാധിക്കുന്നുണ്ട്. അതു തന്നെയാണ് കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മറ്റു പ്രതിഭാസങ്ങള്‍ക്ക് കാരണമായിട്ടുള്ളത്.
ജീവജാലങ്ങള്‍ക്ക് ഭൂമിയില്‍ സസുഖം വാഴാന്‍ ഗുണനിലവാരമുള്ള വായു അത്യന്താപേക്ഷിതമാണ്. ചുറ്റുപാടുകളും അത് പോലെ തന്നെയാണ്. ദിനംപ്രതി അന്തരീക്ഷ മലിനീകരണവും പരിസ്ഥിതി മലിനീകരണവും വര്‍ധിപ്പിക്കുന്നതില്‍ മനുഷ്യര്‍ മത്സരിക്കുകയാണ്. മഹാദുരന്തത്തിലേക്കാണ് ഇത് കേരളത്തെ നയിക്കുന്നത്. ഇപ്പോള്‍ തന്നെ നഗരങ്ങളില്‍ നല്ലവായു ഒട്ടുമില്ല.
ഗ്രാമപ്രദേശങ്ങളൊക്കെയും നഗരസമാനമായി മാറിക്കൊണ്ടിരിക്കുന്നു. വനപ്രദേശങ്ങള്‍ അപ്രത്യക്ഷമായി. അതിനാല്‍ തന്നെ കാലാവസ്ഥ തികച്ചും ക്രമരഹിതമായ സ്വാഭാവം കാണിക്കുന്നു. തീവ്രമായ കാലാവസ്ഥ പലയിടത്തും അനുഭവപ്പെടുകയും വെള്ളപ്പൊക്കം, വര്‍ള്‍ച്ച എന്നിവ കലശലാകുകയും ചെയ്തു. ജല സ്രോതസ്സുകള്‍, തീരദേശ മേഖലകള്‍, ജൈവ വൈവിധ്യം എന്നിവ സാരമായ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുന്നു. നിയന്ത്രണമില്ലാതെ പരിസ്ഥിതി മലിനപ്പെടുകയും അന്തരീക്ഷത്തിലേക്ക് വിഷവാതകങ്ങളുടെ പ്രവാഹം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തതു കൊണ്ട് കാലാവസ്ഥാ വ്യതിയാനവും അപ്രതീക്ഷിതമായ ദുരന്തങ്ങളും സര്‍വ സാധാരണമായിരിക്കുന്നു. അനിയന്ത്രിതമായ പാറമടകള്‍, അശാസ്ത്രീയമായ റോഡ് നിര്‍മാണം, വലിയ സ്ട്രക്ചറുകളുടെ നിര്‍മാണം തുടങ്ങിയവയെല്ലാം പരിസ്ഥിതിക്ക് ദോഷം വരുത്തുകയും കാലാവസ്ഥയെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നവയാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ദുരന്തങ്ങളെല്ലാം ഈയൊരു കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടക്കമായിട്ട് വേണം കാണാന്‍. ഇതിലും വലിയ ദുരന്തങ്ങളിലേക്കാണ് പരിസ്ഥിതി നാശം നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്.

ജനസംഖ്യ ഇതിലും വര്‍ധിക്കുകയും അന്തരീക്ഷം കൂടുതല്‍ കലുഷമാകുകയും ചെയ്യും കുറച്ചുകാലം കൂടി കഴിഞ്ഞാല്‍. അതുമൂലം ഉണ്ടാകുന്ന മാറ്റങ്ങളെ നേരിടാന്‍ സൗരോര്‍ജം പോലുള്ള മറ്റു ഊര്‍ജ സ്രോതസ്സുകളെ കൂടുതല്‍ ആശ്രയിക്കുകയാണ് വേണ്ടത്. അതുപോലെ ജലാശയങ്ങളെ ഏറ്റവും നല്ലത് പോലെ പരിപാലിക്കുകയും സംരക്ഷിക്കുകയും വേണം. പുതിയ വനപ്രദേശങ്ങള്‍ സൃഷ്ടിക്കണം. അന്തരീക്ഷ മലിനീകരണം പരമാവധി കുറക്കണം.
അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ പ്രകൃതി കുറെയൊക്കെ സന്തുലിതമാകും എന്നാണ് കരുതപ്പെടുന്നത്. ജലം പാഴാക്കാതെ, മഴവെള്ളം ഒഴുകിപ്പോകാന്‍ അവസരം നല്‍കാതെ പിടിച്ചുനിര്‍ത്തിയാല്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധനയുണ്ടാകും.

പരിസ്ഥിതിയെ ഇങ്ങനെ മലിനമാക്കിക്കൊണ്ടിരുന്നാല്‍ ഭാവിയില്‍ പുഴകളൊക്കെ അപ്രത്യക്ഷമായാലും അത്ഭുതപ്പെടേണ്ടതില്ല. മേഘങ്ങളെ തടഞ്ഞുനിര്‍ത്തി മഴ പെയ്യിച്ചിരുന്ന വനങ്ങള്‍ ഒന്നൊന്നായി ഇല്ലാതാകുകയാണ്. കാലേക്കൂട്ടി മുന്‍കരുതല്‍ എടുത്താല്‍ കുറെയൊക്കെ ഹാനികള്‍ നമുക്ക് ഒഴിവാക്കാനാകും.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ പെയ്യുന്ന മണ്‍സൂണ്‍ മഴ കേരളത്തിന്റെ ഒരു വരദാനമാണ്. സമുദ്രോപരിതല താപനിലയും കാറ്റിന്റെ വരവും വായുവിന്റെ താപനിലയിലെ വ്യത്യാസങ്ങളുമെല്ലാം മണ്‍സൂണിനെ ബാധിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി അറബിക്കടലിലെ താപനിലയില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്. ഏകദേശം 31 ഡിഗ്രി വരെ അറബിക്കടലിലെ താപനില വര്‍ധിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഇത് തീര്‍ച്ചയായും ചുഴലിക്കാറ്റുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാക്കുകയും വ്യത്യസ്ത കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി പെട്ടെന്ന് പെയ്‌തൊഴിയുന്ന ശക്തമായ മഴകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അതിന് പ്രധാനമായും കാരണം ഇത്തരത്തിലുള്ള സമുദ്രോപരിതല താപത്തിലെ മാറ്റങ്ങളാണ്. താപനിലയിലെ മാറ്റങ്ങള്‍ മൂലം ധാരാളം ഈര്‍പ്പം അന്തരീക്ഷത്തിലേക്ക് എത്തുകയും ആ ഈര്‍പ്പം എല്ലാം കാറ്റിലേറി മലഞ്ചെരുവുകളിലൂടെ മുകളിലേക്ക് വന്ന് സംവഹന പ്രക്രിയയിലൂടെ വലിയ വലിയ മേഘങ്ങളായി മാറുകയും ശക്തമായ മഴയായി പതിക്കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ മണിക്കൂറിനുള്ളിലാണ് വലിയ മഴയായി ഇത് ഭൂമിയില്‍ പതിക്കുന്നത്. അതാണ് വലിയ ദുരന്തങ്ങള്‍ക്ക് കാരണം. അതുപോലെ മനുഷ്യരുടെ കൈയേറ്റങ്ങള്‍ മൂലം ഏതെങ്കിലും ഭൂഭാഗത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും സംഭവിക്കുന്നു. അനേകം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കവളപ്പാറയിലും പുത്തുമലയിലും ഇപ്പോള്‍ കൊക്കയാറിലും സംഭവിച്ചതൊക്കെ ഇത് തന്നെയാണ്. ഈ സ്ഥലങ്ങളുടെയൊക്കെ സമീപം ചെറിയ ക്വാറികളും വലിയ ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്. അനിയന്ത്രിതമായ ഇത്തരത്തിലുള്ള ക്വാറി പ്രവര്‍ത്തനങ്ങള്‍ ചുറ്റുപാടുകളെ ബാധിക്കുന്നു. അവിടുത്തെ ഭൂഭാഗത്തെ ബാധിക്കുന്നു. ഭൗമോപരിതലത്തില്‍ വിള്ളലുണ്ടാകാനും ഇത് കാരണമാകുന്നു. ഈ വിള്ളലുകളിലൂടെ ജലം അകത്തേക്ക് കിനിഞ്ഞിറങ്ങി ആ പ്രദേശത്തെ ദുര്‍ബലമാക്കുന്നു. വീണ്ടും ഉഗ്ര സ്‌ഫോടനം നടത്തുമ്പോള്‍ ആ പ്രദേശം തന്നെ ഇടിഞ്ഞുവീണ് മിന്നല്‍ പ്രളയത്തിനും കാരണമാകുന്നു.

കേരളത്തിലെ കാലാവസ്ഥ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗണ്യമായ മാറ്റത്തിന് വിധേയമായിരിക്കുകയാണ്. പ്രവചനാതീതമായി തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നു. 2017ലെ ഓഖി, 2018ലെയും 19ലെയും പ്രളയങ്ങള്‍, 2020ലെ തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ മൂലമുണ്ടായ ഉരുള്‍പൊട്ടലുകള്‍, 2021ല്‍ മണ്‍സൂണ്‍ മഴ കഴിഞ്ഞതിന് ശേഷമുള്ള അതി തീവ്രമഴയും അതിനെ തുടര്‍ന്നുള്ള ഉരുള്‍പൊട്ടലുകളും… ഇവയൊക്കെ നിരവധി മനുഷ്യരുടെ ജീവനെടുത്തവയാണ്. മനുഷ്യന്റെ കൈകടത്തലുകള്‍ കേരളത്തിന്റെ കാലാവസ്ഥയിലും പരിസ്ഥിതിയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നുവെന്ന് തന്നെയാണ് ഇതൊക്കെ തെളിയിക്കുന്നത്.

ഒരു ദിവസത്തില്‍ തന്നെ 20 സെന്റീമീറ്റര്‍ മുതല്‍ 40 സെന്റീമീറ്റര്‍ വരെയുള്ള മഴ 2018 മുതല്‍ കേരളത്തില്‍ പലയിടത്തും ലഭിക്കുന്നുണ്ട്. ഇത് നല്ല ഒരു സൂചനയല്ല നല്‍കുന്നത്. നമുക്കുള്ള പ്രവചന സംവിധാനങ്ങള്‍ക്ക് പോലും ഏകദേശം 24.5 സെന്റീമീറ്റര്‍ ദൈനം ദിന മഴ രേഖപ്പെടുത്താനേ സാധിക്കൂ. അതുകൊണ്ട് പ്രവചന സംവിധാനങ്ങള്‍ കാലാനുസൃതമായി വികസിപ്പിക്കണം. 10 സെന്റീമീറ്റര്‍ മഴ പെയ്താല്‍ ഇടുക്കി മേഖലയില്‍ എന്ത് സംഭവിക്കും, 10 സെന്റീമീറ്ററിനും 20 സെന്റീമീറ്ററിനും ഇടയില്‍ മഴ പെയ്താല്‍ നിലമ്പൂരില്‍ എന്ത് സംഭവിക്കും എന്നൊക്കെ കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കണം. ഇടുക്കിയില്‍ 10 സെന്റീമീറ്റര്‍ മഴ പെയ്യുന്നതും എറണാകുളത്ത് 10 സെന്റീമീറ്റര്‍ മഴ പെയ്യുന്നതും തമ്മിലുള്ള തീവ്രതയില്‍ വ്യത്യാസമുണ്ട്. അത് തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകുകയും മുന്നൊരുക്കങ്ങള്‍ക്ക് ആക്കം കൂട്ടുകയും വേണം.

നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. അതോടൊപ്പം പശ്ചിമഘട്ടം നിരീക്ഷിക്കുന്നതിനായി ഉപഗ്രഹ സംവിധാനത്തെ കുറിച്ചുള്ള ആലോചനകള്‍ ഉണ്ടാകണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാ മേഖലകളില്‍ ഇത്തരം ഉപഗ്രഹങ്ങളുടെ സേവനം നമുക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കും. ജീവഹാനി കുറക്കാന്‍ ഇതുവഴി കഴിയും. മലഞ്ചെരിവുകളിലെ കെട്ടിട നിര്‍മാണ ചട്ടങ്ങളിലും സമൂലമായ മാറ്റം അനിവാര്യമായിരിക്കുന്നു. കരപ്രദേശത്ത് ഉള്ള കെട്ടിട നിര്‍മാണ രീതികള്‍ കുട്ടനാട്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇടവരരുത്. പ്രത്യേകമായ നിര്‍മാണ രീതികള്‍ ഇത്തരം പ്രദേശങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ ഇത്തരം ആലോചനകള്‍ നടക്കുകയും വേണം. പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നതാണ് ഇപ്പോള്‍ നാം ചെയ്യേണ്ട ഏറ്റവും വലിയ കാര്യം.

മലയോര ഹൈവേ, തുരങ്കപാത, കെ റെയില്‍ തുടങ്ങിയവയൊക്കെ പരിസ്ഥിതിക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതിന്റെയൊക്കെ തിക്ത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരിക അടുത്ത തലമുറകളായിരിക്കും. ഇപ്പോള്‍ നാം തുടരുന്ന വികസന മാതൃകകളില്‍ തെറ്റുകള്‍ സംഭവിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം തന്നെയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതും.

കേരളത്തില്‍ മൂന്ന് തരത്തിലുള്ള മഴകളാണ് ലഭിക്കുന്നത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ തെക്ക് പടിഞ്ഞാറന്‍ മന്‍സൂണ്‍. ഈ കാലയളില്‍ 2,000 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള വടക്ക് കിഴക്കന്‍ മണ്‍സൂണിന്റെ കാലത്ത് 490 മില്ലീമീറ്ററോളം മഴ നമുക്ക് ലഭിക്കും. ബാക്കി വേനല്‍ മഴയും. ഈ പാറ്റേണില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.

യുനൈറ്റഡ് നാഷന്‍സിന്റെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം കുറച്ച് കാലത്തിനുള്ളില്‍ തന്നെ സമുദ്ര നിരപ്പ് വീണ്ടും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. ഇപ്പോള്‍ തന്നെ കേരളത്തിന്റെ കടല്‍ക്കയറ്റം രൂക്ഷമായിരിക്കുന്നു. തീരദേശ വാസികള്‍ വലിയ ഭീഷണിയാണ് ഇത് മൂലം നേരിടുന്നത്. ഇങ്ങനെ പലവിധ കാലാവസ്ഥാ ഭീഷണികളെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. എന്ത് വില കൊടുത്തും അതിനെ സംരക്ഷിക്കാന്‍ നാം മുന്നിട്ടിറങ്ങിയേ മതിയാകൂ.

ശാസ്ത്ര ഗവേഷകനാണ് ലേഖകന്‍

Latest