fact check
മോദിയുടെ ജന്മദിനത്തില്‍ ബി ജെ പി ഇറക്കിയ ഭരണ നേട്ട വീഡിയോയിലെ ആ ദൃശ്യം ഇന്ത്യയിലേത് തന്നെയോ?
ബി ജെ പിയുടെ അംഗീകൃത ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോയുള്ളത്.

ന്യൂഡല്‍ഹി | കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം പിറന്നാള്‍ ബി ജെ പി ആഘോഷിച്ചത്. മോദിക്ക് ആശംസകള്‍ അര്‍പ്പിച്ച് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. വീഡിയോയിലെ ഒരു ദൃശ്യം ഇന്ത്യയിലേത് തന്നെയാണോയെന്ന സംശയമാണ് ഉയരുന്നത്. ഇതിലെ സത്യാവസ്ഥയറിയാം:
അവകാശവാദം: 2.43 മിനുട്ട് വരുന്ന വീഡിയോയിലെ 2.23 മിനുട്ട് മുതല്‍ 2.25 മിനുട്ട് വരെയുള്ള ദൃശ്യം മോദിയുടെ ഭരണനേട്ടമായാണ് കൊടുത്തത്. കണ്ണഞ്ചിപ്പിക്കുന്ന അംബരചുംബികളുടെ നിശാ ദൃശ്യമാണ് നല്‍കിയത്. 21ാം നൂറ്റാണ്ടിനെ നയിക്കുന്നതില്‍ ഇന്ത്യന്‍ ദര്‍ശനം നവീകരിച്ച പരിഷ്‌കര്‍ത്താവ് എന്ന ശീര്‍ഷകത്തിന് കീഴിലാണ് ഈ ദൃശ്യമുള്ളത്. ബി ജെ പിയുടെ അംഗീകൃത ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോയുള്ളത്.
Birthday greetings from the entire nation to India’s Pradhan Sevak PM Shri @narendramodi!#HappyBdayModiji pic.twitter.com/775hqtBfLr
— BJP (@BJP4India) September 17, 2021
യാഥാര്‍ഥ്യം: വീഡിയോയില്‍ ഉള്‍പ്പെടുത്തിയ അംബരചുംബികളായ കെട്ടിടങ്ങളുടെ നിശാദൃശ്യം ഇന്ത്യയിലേതല്ല. അമേരിക്കയിലെ ലോസ് ആഞ്ചലസിലെ അംബരചുംബികളുടെ ദൃശ്യമാണ് മോദിയുടെ ഭരണ നേട്ടമായി ബി ജെ പി ദേശീയ നേതൃത്വം അവതരിപ്പിച്ചത്. 2011 ജനുവരിയില്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്ത 3.58 മിനുട്ട് വരുന്ന ഈ വീഡിയോയില്‍ ബി ജെ പി ട്വിറ്ററില്‍ നല്‍കിയ സമാന ദൃശ്യങ്ങള്‍ കാണാം. നേരത്തേയും വിദേശത്തെ ഫോട്ടോകളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് മോദിയുടെ ഭരണനേട്ടമായി ബി ജെ പി അവകാശപ്പെട്ടിട്ടുണ്ട്.