തെളിയോളം
ചിന്തിച്ച് വിഷമിക്കണമെന്ന് നിർബന്ധമാണോ?
അമിത ചിന്ത ഉറക്കമില്ലായ്മ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഊർജ നഷ്ടം തുടങ്ങിയ നിരവധി ലക്ഷണങ്ങൾക്ക് കാരണമാകുകയും അതു വഴി കൂടുതൽ ആശങ്കകളിലേക്ക് നയിക്കുകയും ചെയ്യുന്നു.
“എന്റെ ഭാവിയെക്കുറിച്ച് ഞാൻ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നതിനാൽ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.’ എന്ന് സങ്കടം പറഞ്ഞ സുഹൃത്തിനോട് നർമ തത്വചിന്തകനായ മുല്ലാ നസ്റുദ്ദീൻ പറഞ്ഞ മറുപടി ഏറെ രസകരവും ചിന്തോദ്ദീപകവുമാണ്. “എങ്കിൽ ചോർന്നുകൊണ്ടിരിക്കുന്നത് നിങ്ങളുടെ ഭാവിയല്ല, നിങ്ങളുടെ വർത്തമാനകാലമാണ്’ എന്നായിരുന്നു അത്. ലീക്കായ ടാപ്പ് കാണുമ്പോൾ ഇതിപ്പൊ ഇങ്ങനെ പോയാൽ ടാങ്ക് കാലിയായി, കിണർ കാലിയായി, മഴ പെയ്യാതെ, വരൾച്ച വന്ന്, നാടു മഴുവൻ പട്ടിണിയായി ആളുകൾ പച്ചില തിന്ന് ജീവിക്കുന്ന അവസ്ഥ ചിന്തിക്കാൻ കഴിയുന്നില്ല എന്ന മട്ടിൽ ഒരു മിനുട്ട് കൊണ്ട് പരിഹരിക്കേണ്ട പ്രശ്നം അതിഗുരുതരമായ ആഗോള പ്രതിസന്ധിയായി ചിന്തിച്ചു കൂട്ടുന്നവർ ഇന്ന് വളരെ കൂടുതലാണ്.
കുളത്തിലേക്ക് കാലെടുത്തു വെക്കും മുമ്പ് മുങ്ങിമരിക്കുന്നവർ മുതൽ വിമാനത്തിൽ സീറ്റ് ബെൽറ്റിൽ കിടന്ന് മഹാസമുദ്രത്തിൽ ശ്വാസം കിട്ടാതെ ആഴ്ന്ന് പോകുന്നവർ വരെ അമിത ചിന്തയിൽ മുഴുകുന്ന കൂട്ടരിൽ ഉണ്ട്. യഥാർഥത്തിൽ ഇങ്ങനെയുള്ള അർഥമില്ലാത്ത ചിന്തകൾ നമ്മെ എവിടേക്കും കൊണ്ടുപോകുന്നില്ല എന്ന് മാത്രമല്ല നാം ഇപ്പോൾ എവിടെയാണ് ഉള്ളത് എന്നിടത്ത് നിന്ന് നമ്മെ എത്രയോ പിന്നിലേക്ക് എടുത്തെറിയുകയാണ് ചെയ്യുക. “നിങ്ങൾ വിഷാദത്തിലാണെങ്കിൽ, ഭൂതകാലത്തിലും ഉത്കണ്ഠാകുലരാണെങ്കിൽ, ഭാവിയിലും സമാധാനത്തിലാണെങ്കിൽ, വർത്തമാനകാലത്തിലുമാണ് ജീവിക്കുന്നത്.’ എന്ന ലാവോത്സു വചനം പ്രസക്തമാണ്.
നമ്മുടെ തലച്ചോറിന് വസ്തുതകൾ ആവശ്യമില്ല; അതിന് സൗജന്യ വൈ-ഫൈ ഉപയോഗിച്ച് യഥേഷ്ടം സർഫു ചെയ്യുന്ന പോലെ ഭാവന മാത്രമേ ആവശ്യമുള്ളൂ. ഒരു ചെറു സംശയം ഉദിച്ചാൽ മതി, അത് ഭയത്തിന്റെ ഒരു കാടായി വളരുന്നതുവരെ നമ്മുടെ അമിത വിചാരങ്ങൾ അതിനെ നട്ടുനനയ്ക്കും. ഒരു കാര്യവുമില്ലാതെ ഇങ്ങനെ ആകുലപ്പെടുന്നത് നമ്മൾ താമസിക്കാത്ത വീടിന് വാടക കൊടുക്കും പോലെയാണ്. നമ്മുടെ മുന്നിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും വിശകലനം ചെയ്യാൻ നമ്മൾ വളരെയധികം സമയം ചെലവഴിക്കുമ്പോൾ, നമ്മൾ ആദ്യം കരുതിയതിനേക്കാൾ കൂടുതൽ നഷ്ടത്തിലാണ് അത് പലപ്പോഴും അവസാനിക്കുക.
തന്നെയുമല്ല തുടർച്ചയായ അമിത ചിന്ത ഉറക്കമില്ലായ്മ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ഊർജ നഷ്ടം തുടങ്ങിയ നിരവധി ലക്ഷണങ്ങൾക്ക് കാരണമാകുകയും അതു വഴി കൂടുതൽ ആശങ്കകളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇങ്ങനെ അമിത ചിന്തയുടെ ഒരു ദുഷിച്ച ചക്രം തന്നെ സൃഷ്ടിച്ച് ഒടുവിൽ വിട്ടുമാറാത്ത ഉത്കണ്ഠയിലേക്കോ വിഷാദത്തിലേക്കോ എത്തിക്കുകയും ചെയ്യും.
അമിത ചിന്താ പ്രശ്നമുള്ളവർ അതിന് ശാസ്ത്രീയ പരിഹാരങ്ങൾ കണ്ടെത്തുന്നതിനു പകരം എളുപ്പ മാർഗങ്ങൾ അന്വേഷിച്ചു പോകുന്നത് കൂടുതൽ അപകടം ചെയ്യും. ഉദാഹരണത്തിന് ഗൂഗിളിൽ തിരഞ്ഞ്, പ്രശ്നവുമായി ബന്ധപ്പെട്ട അധികവിവരങ്ങളോ ഉറപ്പോ കണ്ടെത്തുന്നതിന് സമയം ചെലവഴിക്കുന്നത് കൂടുതൽ ആശങ്കകളിലേക്ക് നയിച്ചേക്കാം.
കാരണം, താരതമ്യേന സാധാരണമായ ലക്ഷണങ്ങൾ ഗൂഗിളിൽ തിരയുമ്പോൾ നിങ്ങൾ ചിന്തിച്ചിട്ടുപോലുമില്ലാത്ത രോഗനിർണയങ്ങൾ ഉൾപ്പെടെ നിരവധി സെർച്ച് ഫലങ്ങൾ നൽകാൻ സാധ്യതയുണ്ട്. വിദഗ്ധനല്ലാത്ത ഒരാളോട് വിഷയം പങ്കുവെക്കുമ്പോഴും ഇതേ അവസ്ഥ തന്നെയാണ് ഉണ്ടാവുക. പ്രശ്നപരിഹാരത്തിന്റെ ആദ്യ പടി നമ്മൾ തന്നെയാണ് എന്നറിയണം. തിരക്കേറിയ ഒരു റെയിൽവേ സ്റ്റേഷനിലെ ട്രെയിനുകളുമായി നിങ്ങളുടെ ചിന്തകളെ താരതമ്യം ചെയ്യാം. വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകൾ പ്ലാറ്റ് ഫോമിൽ എല്ലായ്‌പ്പോഴും ഉണ്ടാകും. എല്ലാത്തിലും ചാടിക്കയറുന്നയാൾ അവ എങ്ങോട്ടാണ് പോകുന്നത് അങ്ങോട്ടു മാത്രമേ എത്തിച്ചേരുകയുള്ളു എന്ന് ഓർക്കേണ്ടതുണ്ട്. നിങ്ങൾ പോകാനാഗ്രഹിക്കാത്ത സ്ഥലത്തേക്കുള്ള ട്രെയിനുകളെ നിങ്ങൾ ശ്രദ്ധിക്കാത്തതു പോലെ അനാവശ്യമായ ചിന്തകളെയും വിട്ടു കളയണം.
ചിന്തകളുടെ വരവ് നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല. നിങ്ങൾ ഒരു സുപ്രധാന കാര്യത്തിൽ ഏർപ്പെടുമ്പോഴും നിങ്ങളുടെ ഫോൺ റിംഗ് ചെയ്തേക്കാം. അത് നിങ്ങളെ അലോസരപ്പെടുത്തിയേക്കാം.എന്നാൽ ആ കാൾ അറ്റന്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ മാത്രമല്ലേ. ഏത് ചിന്തയും നിങ്ങൾ പരിഗണിക്കുന്നില്ലെങ്കിൽ വന്ന വഴിയേ പൊയ്ക്കൊള്ളും. ഇന്നലെ നിങ്ങളുടെ മനസ്സിലേക്ക് ചാടിക്കയറിയ എത്ര ചിന്തകൾ ഇന്ന് നിങ്ങൾക്ക് ഓർമയുണ്ട് എന്ന് പരിശോധിക്കുക. പത്ത് ശതമാനം പോലും ഉണ്ടാകില്ല.
ചിന്തിച്ചു വിഷമിക്കാൻ വേണ്ടി മാത്രമായി ഒരു സമയം നിശ്ചയിക്കുക എന്ന മനശ്ശാസ്ത്ര ടെക്നിക് ഉണ്ട്. ഏതൊക്കെ സമയത്താണോ നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന ചിന്തകൾ വരുന്നത് അവയൊക്കെ വൈകിട്ട് ആറ് മണി മുതൽ 6.30 വരെ ആലോചിക്കാം എന്ന് തീരുമാനിച്ച് മാറ്റിവെക്കുക. മിക്കവാറും ആ സമയമാകുമ്പോഴേക്കും ആ ചിന്ത എത്രമാത്രം അപ്രധാനമാണ് എന്ന് നിങ്ങൾക്കു തന്നെ വ്യക്തമാകുന്നത് കാണാം. അപ്പപ്പോൾ വരുന്ന അനാവശ്യ ചിന്തകളെ മാറ്റിവെക്കുക എന്നത് എളുപ്പമുള്ള പണിയല്ല. ഈ പ്രക്രിയ നന്നായി പരിശീലിച്ചാൽ മാത്രമേ സാധ്യമാകൂ.
അധികമാളുകളും അമിത ചിന്തയെ ഒരു പരിഹാരമായും കാണുന്നുണ്ട്. “എന്താണ് തെറ്റ് സംഭവിക്കാൻ സാധ്യതയുള്ളതെന്ന് വിഷമിച്ചാലേ എനിക്ക് അത് നന്നായി കൈകാര്യം ചെയ്യാൻ കഴിയൂ.’ എന്ന തരത്തിൽ വിഷമത്തിന്റെയും ചിന്തയുടെയും ഗുണങ്ങളെക്കുറിച്ച് വ്യർഥമായ വിശ്വാസം വെച്ചുപുലർത്തുന്നവർക്ക് അമിത ചിന്ത ഉപേക്ഷിക്കുന്നത് നല്ല ബുദ്ധിമുട്ടാണ്. “മനസ്സ് നിശ്ചലതയിൽ സ്വയം സുഖപ്പെടും , അതിന് ആ മരുന്ന് തന്നെ നൽകണം’ എന്ന തത്വം ഇത്തരക്കാരും ഓർക്കണം.





