Eduline
എം ബി എ ക്യാറ്റ് മാത്രമോ?
2026ലെ എം ബി എ പ്രവേശനത്തിന് ജാപ് പരിഗണിക്കും
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ (ഐ ഐ എം) പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ (എം ബി എ) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ വർഷം മൂന്ന് വഴികൾ തിരഞ്ഞെടുക്കാം. ക്യാറ്റ് പരീക്ഷക്ക് ശേഷം ഉദ്യോ ഗാർഥികൾ ക്യാപ് (CAP), ജാപ് (JAP), അല്ലെങ്കിൽ സാപ് (SAP) പ്രവേശന പ്രക്രിയകളിലൂടെ മുന്നോട്ട് പോകണം.
എം ബി എ പ്രവേശനത്തിനായി പുതുതായി അവതരിപ്പിച്ച പ്രവേശന പരീക്ഷാ സംവിധാനമാണ് ജോയിന്റ് അഡ്മിഷൻ പ്രോസസ് (JAP) 2026. 2025 സെപ്തംബറിൽ ആരംഭിച്ച ഈ പരീക്ഷാ പ്രക്രിയ ഏകോപിപ്പിക്കുന്നത് ഐ ഐ എം റായ്പൂരാണ്. ഐ ഐ എം കാശിപൂർ, റായ്പൂർ, റാഞ്ചി, തിരുച്ചിറപ്പള്ളി എന്നീ സ്ഥാപനങ്ങൾ 2026ലെ എം ബി എ പ്രവേശനത്തിന് ജാപ് പരിഗണിക്കും.
ജാപ്
ജോയിന്റ് അഡ്മിഷൻ പ്രോസസ് 2026 വഴിയുള്ള പ്രവേശനം ക്യാറ്റ് പെർസെന്റൈൽ, അക്കാദമിക് പ്രകടനം, പ്രവൃത്തിപരിചയം, വൈവിധ്യ പരിഗണനകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉദ്യോഗാർഥികൾക്ക് പൊതുവായ ഒരു പ്ലാറ്റ്ഫോം വഴി ഒന്നിലധികം പ്രമുഖ ഐ ഐ എമ്മുകളിൽ അപേക്ഷിക്കാൻ ഈ പരീക്ഷ അവസരം നൽകുന്നു. ഇത് പ്രവേശന നടപടികളിലെ സങ്കീർണത കുറക്കുകയും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുകയും ചെയ്യും. അന്തിമ വെയിറ്റേജുകളും കട്ട്-ഓഫുകളും പങ്കെടുക്കുന്ന ഐ ഐ എമ്മുകളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും.
ക്യാപ്
നാല് ഐ ഐ എമ്മുകൾ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന വ്യക്തിഗത അഭിമുഖം, എഴുത്തു പരീക്ഷ എന്നിവയുടെ സംയുക്ത സംരംഭമാണ് കോമൺ അഡ്മിഷൻ പ്രോസസ് (CAP). പുതിയ ഐ ഐ എമ്മുകൾ അവരുടെ എം ബി /പി ജി പി പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് ഈ പ്രക്രിയ വഴിയാണ്. ക്യാപ്പിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾ ഓരോ ഐ ഐ എമ്മിനും വേണ്ടി പ്രത്യേക അഭിമുഖങ്ങളിൽ പങ്കെടുക്കേണ്ടതില്ല. പകരം ഒരൊറ്റ പരീക്ഷയിൽ പങ്കെടുത്താൽ മതിയാകും. ഉദ്യോഗാർഥിയുടെ അറിവ്, കഴിവുകൾ, മാനേജ്മെന്റ് വിദ്യാഭ്യാസത്തിനുള്ള അഭിരുചി എന്നിവ പരിശോധിക്കുന്നതിനാണ് ഈ തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിൽ സാധാരണയായി ഒരു എഴുത്തുപരീക്ഷയും തുടർന്ന് ഗ്രൂപ്പ് ചർച്ചകളും വ്യക്തിഗത അഭിമുഖങ്ങളും ഉൾപ്പെടുന്നു.
സാപ്
ഐ ഐ എം ക്യാപ് റൗണ്ടിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടാത്ത ഉദ്യോഗാർഥികൾക്കായുള്ള എം ബി എ പ്രവേശനത്തിനായുള്ള അവസാന തിരഞ്ഞെടുപ്പ് റൗണ്ടാണ് സപ്ലിമെന്ററി അഡ്മിഷൻ പ്രോസസ് (SAP). ക്യാപ് റൗണ്ടിനേക്കാൾ കുറഞ്ഞ കട്ട്ഓഫിലാണ് ഐ ഐ എമ്മുകൾ സാപ് റൗണ്ടിലേക്ക് ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നത്. അതേസമയം, കോമൺ അഡ്മിഷൻ പ്രോസസ് (CAP) 2026ൽ നിന്ന് ഐ ഐ എം ഉദയപൂർ, റായ്പൂർ, ട്രിച്ചി, കാശിപൂർ, റാഞ്ചി സ്ഥാപനങ്ങൾ പിന്മാറിയിട്ടുണ്ട്.





