Connect with us

Articles

ഇർശാദിയ്യ;മുന്നേറ്റത്തിന്റെ മൂന്ന് പതിറ്റാണ്ടുകൾ

. അങ്ങനെയാണ് പിന്നീട് ജ്ഞാന തലങ്ങളിൽ വിചാരശീലരുടെ ഹൃദയാകാശങ്ങളെ ത്രസിപ്പിച്ച, ഇപ്പോൾ മുപ്പതാം വാർഷികം ആഘോഷിക്കുന്ന ഇർശാദിയ്യ ഉയർന്നുവരുന്നത്.

Published

|

Last Updated

സുന്നി കേരളത്തിന്റെ ഗതി നിശ്ചയിച്ച ചരിത്ര പ്രസിദ്ധമായ എറണാകുളം സമ്മേളനത്തിൽ വെച്ച് സമസ്ത കേരള സുന്നിയുവജന സംഘം എടുത്ത തീരുമാനങ്ങളിലൊന്നാണ് ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കുകയെന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപന സമുച്ചയങ്ങൾ തലയുയർത്തി തുടങ്ങി. അങ്ങനെയാണ് പിന്നീട് ജ്ഞാന തലങ്ങളിൽ വിചാരശീലരുടെ ഹൃദയാകാശങ്ങളെ ത്രസിപ്പിച്ച, ഇപ്പോൾ മുപ്പതാം വാർഷികം ആഘോഷിക്കുന്ന ഇർശാദിയ്യ ഉയർന്നുവരുന്നത്.

സ്ഥാപനത്തിന് ആവശ്യമായ സ്ഥലം കൊളത്തൂർ കുറുപ്പത്താലിൽ വാങ്ങുന്നതിന്റെ ഫണ്ട് സമാഹരണം പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായിരുന്ന മർഹൂം ശൈഖുനാ മമ്മദ് മുസ്്ലിയാർ ആദ്യ സംഭാവന നൽകി ഉദ്ഘാടനം ചെയ്തതോടെ സ്ഥാപനം അതിന്റെ ജൈത്രയാത്രക്ക് തുടക്കമിടുകയായിയുന്നു.

അറിവാണ് ജീവൻ. മനുഷ്യരെ ഇതര ജീവികളിൽ നിന്ന് വ്യതിരിക്തമാക്കുന്നതും അറിവ് തന്നെ. അറിവില്ലാത്ത സമൂഹം മൃഗ സമാനമാണ്. ആധുനിക യുഗം ചന്ദ്രനോളം വളർന്നു കഴിഞ്ഞു. ശാസ്ത്ര സാങ്കേതിക വിദ്യകളിലും മനുഷ്യ നിർമിത ബുദ്ധിയുടെ കാര്യത്തിലും മറ്റും ലോകം അതിശീഘ്രം വളർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പുരോഗതിയോട് സമരസപ്പെട്ടു ജീവിക്കാൻ പറ്റുംവിധം മനുഷ്യൻ മാറേണ്ടതുണ്ട്.

മനുഷ്യന്റെ ശാരീരിക സാമ്പത്തിക മാനസിക സൗഖ്യമാണ് ഇസ്്ലാം ലക്ഷ്യമിടുന്നത്. ഒരു മനുഷ്യന്റെ നിഖില മേഖലകളെയും സ്പർശിക്കും വിധമാണ് മതത്തിന്റെ ആഹ്വാനങ്ങളൊക്കെയുള്ളത്. മതവിദ്യാഭ്യാസം കൊണ്ട് ചരിത്രം സൃഷ്ടിച്ചവരാണ് ഇസ്്ലാമിക പൂർവികർ. സ്‌പെയിൻ വഴി യൂറോപ്പിലേക്ക് അവരുടെ ശാസ്ത്ര സാങ്കേതിക വിജ്ഞാനം എത്തിച്ചേർന്ന തോടുകൂടിയാണ് ശരിക്കും യൂറോപ്യൻ നവോത്ഥാനം ആരംഭിക്കുന്നത്. അക്കാലത്ത് നെഹ്‌റു പറഞ്ഞതുപോലെ കടലോരങ്ങളിലൂടെ കക്ക പറിക്ക് നടക്കാനേ യൂറോപ്യർക്ക് അറിയുമായിരുന്നുള്ളൂ അന്നത്തെ ശാസ്ത്രജ്ഞർ വലിയ മതപണ്ഡിതരും ആയിരുന്നു ഖുർആൻ വ്യാഖ്യാതാക്കളും കർമ ശാസ്ത്ര ഗ്രന്ഥരചയിതാക്കളും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് മത വിജ്ഞാന തത്പരത കുറയുന്നതാണ് കാണാനായത്. മതബോധം ഊട്ടിയുറപ്പിക്കപ്പെട്ട മനുഷ്യ സമൂഹത്തെ വീണ്ടെടുക്കാൻ ആക്കാലത്തെ പണ്ഡിത പ്രഭുക്കൾ മുന്നിട്ടിറങ്ങി. ആധുനിക ലിബറൽ സംസ്‌കാരവും ധാർമികവിദ്യയെ നിരുത്സാഹപ്പെടുത്തി. മനുഷ്യർ സംസ്‌കൃതരാകാൻ ധർമനിഷ്ഠരാവേണ്ടതുണ്ടല്ലോ.

ഇവിടെയാണ് ഇർശാദിയ്യ പോലുള്ള മത- ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തി മനസ്സിലാക്കേണ്ടത്. മതവിദ്യ നേടിയ നല്ല മക്കൾ ആഘോഷങ്ങളും കല്യാണവും ജീവിതം മുഴുവനും മതത്തിന്റെ ഋജുവായ ശീലുകൾക്കനുസരിച്ച് മാത്രമാണ് മുന്നോട്ടു കൊണ്ടുപോവുക. ഭൗതികവിദ്യ മക്കൾക്ക് നൽകുന്നതിൽ എല്ലാവരും ഉത്സുകരാണ്. അതിനു വേണ്ടി എന്ത് ത്യാഗവും സഹിക്കും; കിടപ്പാടം പോലും പണയപ്പെടുത്തും. ഒടുവിൽ ജോലിയും കനത്ത ശമ്പളവുമാകുമ്പോൾ തനിക്ക് വേണ്ടി ഉരുകിത്തീർന്ന മാതാപിതാക്കളെ പരിഗണിക്കുക പോലും ചെയ്യാതെ അവർ അവരുടെ ആനന്ദങ്ങൾക്കും സന്തോഷങ്ങൾക്കും പ്രാധാന്യം നൽകും. അതിനാണ് ഒരു വീട്ടിൽ ഒരു മുതഅല്ലിമെങ്കിലുമുണ്ടാകണമെന്ന് പറയുന്നത്.അതുകൊണ്ടുതന്നെയാണ് ഇർശാദിയ്യ സംരംഭങ്ങളിൽ ഏറ്റവും പ്രാധാന്യം മത വിദ്യാഭ്യാസത്തിന് നൽകുന്നത്.
1992 മുതൽ തന്നെ ഇർശാദിയ്യ അതിന്റെ ഗമനം ശ്രദ്ധയോടെ മുന്നോട്ടു കൊണ്ടുപോയി തുടങ്ങിയിരുന്നു. പിന്നീട് പുരോഗതിയിലൂടെ പുത്തൻ പുലരികൾ തീർക്കുക തന്നെ ചെയ്തു. കൊളത്തൂരിന്റെ ഹൃദയഭാഗത്ത് 1993 മാർച്ച് 31ന് ഇർശാദിയ്യ നിലകൊള്ളുന്ന സ്ഥലം രജിസ്റ്റർ ചെയ്തു. 1993 ഏപ്രിൽ 30ന് നടന്ന സമ്മേളനത്തിൽ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെയും മറ്റ് പണ്ഡിത മഹത്തുക്കളുടെയും സാനിധ്യത്തിൽ വെച്ച് ഇർശാദിയ്യ എന്ന പ്രസ്ഥാനത്തിന് ആദരണീയരായ കെ എസ് ഉണ്ണിക്കോയ തങ്ങൾ ശിലപാകി. പിന്നീടിങ്ങോട്ട് നടന്നത് ചരിത്രമായിരുന്നു.

ദിശാ ബോധം തെറ്റിയ ഒരു പറ്റം മനുഷ്യരിലേക്ക് അറിവിന്റെയും അവബോധത്തിന്റെയും നിസ്സീമമായ ചുവടുകളിലൂടെ വിപ്ലവഭേരി മുഴക്കി ഇർശാദിയ്യ പടർന്നു കയറി. അവകാശവാദങ്ങൾക്കപ്പുറം മികവിന്റെ മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയിരിക്കുകയാണ് കൊളത്തൂർ ഇർശാദിയ്യ അഞ്ച് അഗതി വിദ്യാർഥികളെ കൊണ്ട് ആരംഭിച്ച് അയ്യായിരത്തിലധികം വിദ്യാർഥികൾ പഠനം നടത്തുന്ന ഒരു സ്ഥാപനമായി അത് വളർന്നു കഴിഞ്ഞു. ഇതിന്റെ നാലിരട്ടിയെങ്കിലും ആളുകൾ വിദ്യ നേടി വിവിധ മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

ഈ സമ്മേളനത്തോടെ 300 അർശദി -റശാദി പണ്ഡിതന്മാർക്കും 250 സാഹിറ – സുഹൈറ പണ്ഡിതകൾക്കും ബിരുദം നൽകുകയാണ്. സ്ഥാപനത്തിന് കീഴിൽ 10 ഓഫ് ക്യാമ്പസുകൾ, 30 മസ്ജിദുകൾ, വിവിധ മദ്റസകൾ പ്രവർത്തിച്ചുവരുന്നു.

തീർത്തും അഭിമാനകരമാണ് ഇതൊക്കെയും. അനിവാര്യതയിൽ പിറന്ന് ജന്മ ദൗത്യം നിർവഹിച്ചു പ്രതീക്ഷയോടെ മുന്നോട്ട് സഞ്ചരിക്കുന്ന ഇർശാദിയ്യ സ്ഥാപനങ്ങൾക്ക് നിങ്ങളുടെ പ്രാർഥനകൾ ഉണ്ടാവണം; മറ്റു സഹായ സഹകരണങ്ങളും.

---- facebook comment plugin here -----

Latest