Connect with us

International

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും പാകിസ്ഥാനിലേക്ക്; ഇറാൻ പ്രതിനിധി സംഘവും ഇസ്‍ലാമാബാദിലെത്തും

പാകിസ്ഥാനിലേക്ക് തിരിക്കുന്നതിന് മുൻപായി അദ്ദേഹം ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയുമായി ഫോണിൽ സംസാരിച്ചു

Published

|

Last Updated

ഇസ്ലാമാബാദ് | മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്നും വീണ്ടും പാകിസ്ഥാനിലേക്ക് തിരിക്കുന്നു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലെ നൂർ ഖാൻ എയർബേസിൽ എത്തുന്ന അദ്ദേഹം അൽപ്പസമയം അവിടെ ചെലവഴിച്ച ശേഷം മോസ്കോയിലേക്ക് യാത്രയാകും.

നേരത്തെ ഇസ്ലാമാബാദിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾക്ക് ശേഷം യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച സുപ്രധാന വിഷയങ്ങളിൽ കൂടുതൽ ഉപദേശങ്ങൾ തേടുന്നതിനായി ഒരു വിഭാഗം പ്രതിനിധികൾ ഇറാനിലേക്ക് മടങ്ങിയിരുന്നു. ഇവർ ഇന്ന് രാത്രി ഇസ്ലാമാബാദിൽ അരാഗ്ചിയോടൊപ്പം ചേരും. കഴിഞ്ഞ ദിവസങ്ങളിൽ പാക് സന്ദർശനത്തിനിടെ അദ്ദേഹം സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ, ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദാർ, പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു.

പാകിസ്ഥാനിലേക്ക് തിരിക്കുന്നതിന് മുൻപായി അദ്ദേഹം ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയുമായി ഫോണിൽ സംസാരിച്ചു. വെടിനിർത്തൽ ശക്തിപ്പെടുത്തുന്നതിലെ വെല്ലുവിളികളും സംഘർഷം കുറയ്ക്കുന്നതിനുള്ള ഇറാന്റെ നയതന്ത്ര ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു. എന്നാൽ ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. അരാഗ്ചി ഇസ്ലാമാബാദിൽ നിന്നും മടങ്ങിയതിന് പിന്നാലെ യുഎസ് പ്രതിനിധികളുടെ പാക് സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയിരുന്നു.

അതേസമയം ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനസ്ഥാപിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചർച്ച ചെയ്തു. ആഗോള സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും ബാധിക്കുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചേർന്ന് നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സ്റ്റാമർ ട്രംപിനെ ബോധിപ്പിച്ചു. ഈ വിഷയത്തിൽ ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദുൽ ആറ്റിയും ഖത്തർ, ഇറാൻ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ട്രംപ് പ്രതിനിധികളെ അയക്കുന്നത് വൈകിപ്പിച്ചത് ചർച്ചകൾക്കുള്ള തിരിച്ചടിയായി കാണേണ്ടതില്ലെന്നും സങ്കീർണ്ണമായ ഇത്തരം വിഷയങ്ങളിൽ ഇത്തരം ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വെടിനിർത്തൽ തുടരുന്നത് ശുഭസൂചനയാണെന്നും ഇരുവിഭാഗവും ആഭ്യന്തരമായി തിരിച്ചടിയുണ്ടാകാത്ത വിധം യുദ്ധം അവസാനിപ്പിക്കാൻ താല്പര്യപ്പെടുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

Summary

Iranian Foreign Minister Abbas Araghchi is returning to Islamabad after his Muscat visit, from where he will proceed to Moscow as part of a diplomatic mission to end regional conflict. Despite US President Donald Trump delaying his envoys’ trip to Pakistan, analysts suggest indirect talks between Washington and Tehran are still progressing constructively. Meanwhile, UK Prime Minister Keir Starmer and Donald Trump discussed the critical need to restore freedom of navigation in the Strait of Hormuz to protect the global economy.

Latest