Kerala
നിമിഷപ്രിയ വിഷയത്തിൽ ഇടപെട്ടത് ജനങ്ങൾക്ക് നന്മ ചെയ്യൽ കർത്തവ്യമാണെന്ന ബോധ്യത്തിൽ: കാന്തപുരം
വധശിക്ഷക്ക് പകരം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ദിയാ ദനം നൽകി പ്രായശ്ചിത്തം നടത്താൻ ഇസ്‍ലാമിൽ വ്യവസ്ഥയുണ്ടെന്നും ഇതനുസരിച്ചാണ് ഞങ്ങൾ അവിടെയുള്ള പണ്ഡിതരുമായും ജഡ്ജിമാരുമായും സംസാരിച്ചതെന്നും കാന്തപുരം

കോഴിക്കോട് | യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി താൻ ഇടപെട്ടത് ജനങ്ങൾക്ക് നന്മ ചെയ്യൽ കർത്തവ്യമാണെന്ന ബോധ്യത്തിലാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ. ഇസ്‍ലാം വർഗീയ പ്രസ്ഥാനം അല്ല എന്ന് ലോകത്തിന് പഠപിപ്പിച്ചുകൊടുക്കാനും ഇതുവഴി ലക്ഷ്യമിടുന്നതായി കാന്തപുരം വ്യക്തമാക്കി.മർകസിൽ യുവജന നൈപുണ്യ സംഗമത്തിൽ സംസാരിക്കവെയാണ് കാന്തപുരം ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ടതിന് ശേഷം കാന്തപുരത്തിന്റെ ആദ്യ പ്രതികരണമാണിത്.
വധശിക്ഷക്ക് പകരം കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ദിയാ ദനം നൽകി പ്രായശ്ചിത്തം നടത്താൻ ഇസ്‍ലാമിൽ വ്യവസ്ഥയുണ്ടെന്നും ഇതനുസരിച്ചാണ് ഞങ്ങൾ അവിടെയുള്ള പണ്ഡിതരുമായും ജഡ്ജിമാരുമായും സംസാരിച്ചതെന്നും കാന്തപുരം വ്യക്തമാക്കി. ചർച്ചകൾ പുരോഗമിക്കുകയാണ്. മരിച്ചയാളുടെ കുടുംബങ്ങൾ സമ്മതിക്കാതെ പ്രതിക്ക് വധശിക്ഷ ഒഴിവാക്കി നൽകാൻ കോടതിക്ക് കഴിയില്ല. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബവുമായി ഇപ്പോൾ ചർച്ചകൾ തുടരുകയാണ്. കുടുംബം ദിയാദന സ്വീകരിക്കാൻ തയ്യാറാകുമോ ഇല്ലയോ എന്നതാണ് ഇനി അറിയാനുള്ളതെന്നും കാന്തപുരം പറഞ്ഞു.
ഇസ്ലാം വർഗീയ പ്രസ്താനമല്ല. അക്കാര്യം ലോകത്തിന് പഠിപ്പിച്ചുകൊടുക്കലും ജനങ്ങൾക്ക് നന്മ ചെയ്യുക കർത്തവ്യമാണ് എന്ന നിലക്കുമാണ് വിഷയത്തിൽ താൻ ഇടപെട്ടതെന്നും കാന്തപുരം വ്യക്തമാക്കി.