Connect with us

cover story

പിന്നിയകലുന്ന നൂലിഴകൾ

സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ നിലനിൽപ്പിനായി നെട്ടോട്ടമോടുകയാണ് ഖാദി പ്രസ്ഥാനം. പൊട്ടിയകലുന്ന നൂലുകള്‍ കൊണ്ട് ജീവിതം നെയ്‌തെടുക്കാന്‍ പ്രയാസപ്പെടുകയാണ് ഓരോ ഖാദിത്തൊഴിലാളിയും. സ്വപ്‌നം പേറിയ നൂലിഴകളുടെ ശബ്ദം മുഴങ്ങിയിരുന്ന നെയ്ത്തു ശാലകളിന്ന് നിശ്ശബ്ദമാണ്. ജീവൻ നിലച്ച തറികളുടെ ശ്മശാനമാണിവിടം. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രണ്ടാമത്തെ മേഖല കൈത്തറിയാണ്. കയര്‍ മേഖലയാണ് ഒന്നാമത്. കൊവിഡും തുടര്‍ച്ചയായ ലോക്ക്ഡൗണും കാരണം നൂലുപൊട്ടിയ ജീവിതം കൂട്ടിക്കെട്ടാനുള്ള പെടാപ്പാടിലാണിവര്‍.

Published

|

Last Updated

“എനിക്കു ചർക്ക തരിക, ഞാൻ ഇന്ത്യയുടെ സ്വരാജിനു വേണ്ടി നൂൽനൂൽക്കും’. ചർക്കയിലൂടെ നെയ്തെടുത്ത സ്വാതന്ത്ര്യത്തിന്, സ്വദേശാഭിമാനത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുകർന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ഗാന്ധിയും ചർക്കയിലുറങ്ങുന്ന ചരിത്രവും വീണ്ടും നമ്മളെ തൊട്ടുണർത്തുകയാണ്. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രം ഒരിന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം പ്രതിരോധത്തിന്റെ മഹത്തായ ബിംബമാണ്. ഗാന്ധിജിക്ക് അഹിംസയുടെ ശാന്തി മന്ത്രവും സാമ്രാജ്യത്വത്തിനെതിരായ ആയുധവുമായിരുന്നു ചർക്ക. അതിലുപരി ഒരു ജനസഞ്ചയത്തിന്റെ ജീവനോപാധിയുമായിരുന്നു അത്. വിദേശവസ്ത്രങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ഗാന്ധിജി ഖാദി വസ്ത്രപ്രചാരണത്തെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാക്കി മാറ്റി. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയുംനിരായുധരുടെയും സമരമാര്‍ഗമായി ഖാദി കത്തിപ്പടർന്നു.

എന്നാലിന്ന് സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ നിലനിൽപ്പിനായി നെട്ടോട്ടം ഓടുകയാണ് ഖാദി പ്രസ്ഥാനം. പൊട്ടിയകലുന്ന നൂലുകള്‍ കൊണ്ട് ജീവിതം നെയ്‌തെടുക്കാന്‍ പ്രയാസപ്പെടുകയാണ് ഓരോ ഖാദിത്തൊഴിലാളിയും. സ്വപ്‌നം പേറിയ നൂലിഴകളുടെ ശബ്ദം മുഴങ്ങിയിരുന്ന നെയ്ത്തു ശാലകളിന്ന് നിശ്ശബ്ദമാണ്. ജീവൻ നിലച്ച തറികളുടെ ശ്മശാനമാണിവിടം. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രണ്ടാമത്തെ മേഖല കൈത്തറിയാണ്. കയര്‍ മേഖലയാണ് ഒന്നാമത്. കൊവിഡും തുടര്‍ച്ചയായ ലോക്ക്ഡൗണും കാരണം നൂലുപൊട്ടിയ ജീവിതം കൂട്ടിക്കെട്ടാനുള്ള പെടാപ്പാടിലാണിവര്‍.

മഹാ പ്രളയത്തില്‍ സർവനാശം സംഭവിച്ച ചെറുകിട ഖാദി പ്രസ്ഥാനങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ കൊവിഡ് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നൂല്‍ നൂല്‍പ്പ്, നെയ്ത്ത്, അനുബന്ധ പദ്ധതികള്‍ എന്നിവയിലൂടെ നടന്നിരുന്ന ഗ്രാമീണ ഖാദി പ്രസ്ഥാനം ഇനി പുനരുദ്ധരിക്കാന്‍ കഴിയുമോയെന്ന ആശങ്കയാണ് നിലവിലുള്ളത്.

ഒരു മുണ്ട് നെയ്താല്‍ ലഭിക്കുന്ന അന്പത് രൂപയാണ് ഒരു ദിവസത്തെ നെയ്ത്തു തൊഴിലാളികളുടെ കൂലി. ഒരു ദിവസം ഒന്നോ രണ്ടോ മുണ്ട് മാത്രമേ നെയ്‌തെടുക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ഡി എയും ഇന്‍സെന്റീവുമെല്ലാം ചേര്‍ത്താലും ദിവസം എട്ട് മണിക്കൂര്‍ പണിയെടുക്കുന്ന ഒരു തൊഴിലാളിക്ക് മാസത്തില്‍ ആയിരത്തി അഞ്ഞൂറ് രൂപയാണ് ശന്പളമായി ലഭിക്കുന്നത്. ഇത്തരമൊരു ദുരവസ്ഥയില്‍ തുടരാനാകാതെ ഖാദിബോര്‍ഡിന്റെ നെയ്ത്തു കേന്ദ്രത്തില്‍ നിന്നും നിരവധി തൊഴിലാളികളാണ് നെയ്ത്ത് ഉപേക്ഷിച്ച് മറ്റു തൊഴില്‍ മേഖലകളിലേക്ക് മാറിയത്. കഴിഞ്ഞ ലോക്ക്ഡൗണില്‍ രണ്ടര മാസത്തോളം ഇവര്‍ക്ക് ജോലിയില്ലായിരുന്നു. ജോലിയില്ലാതായതോടെ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയും ഇ എസ് ഐ വിഹിതവും മുടങ്ങിയിരുന്നു. അടവുകള്‍ മുടങ്ങിയതോടെ രോഗചികിത്സ പോലും ഇവര്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായിരുന്നു. തുടര്‍ച്ചയായ ഇരിപ്പ് കാരണം നടുവേദന മാത്രമാണ് ബാക്കിയാകുന്നത്.
തൊഴിലുറപ്പു ജോലിക്കാര്‍ക്കു പോലും ഇതിലും കൂടുതല്‍ കൂലി ലഭിക്കുമെന്നു പറഞ്ഞാണ് പലരും പിരിഞ്ഞുപോയത്. ഭര്‍ത്താക്കന്മാര്‍ കുടുംബം പോറ്റുന്നതിനാല്‍ ഞങ്ങളെ പോലുള്ളവര്‍ നെയ്ത്തിനായി വരുന്നതെന്നാണ് അത്തോളിയിലെ നെയ്ത്തു കേന്ദ്രത്തിലെ തൊഴിലാളിയായ റീനയുടെ വാക്കുകള്‍. നെയ്ത്ത് തൊഴിലാളികളുടെ ജീവിതം ഇന്ന് ഇങ്ങനെയൊക്കെയാണ്.

ദുരിതം പേറി ഖാദി സ്ഥാപനങ്ങൾ

തൊഴിലാളികള്‍ക്കു പുറമേ ഖാദി സ്ഥാപനങ്ങളുടെ അവസ്ഥയും ദുരിതപൂര്‍ണമാണ്. ഖാദി ഉത്പന്നങ്ങളുടെ വിപണനം 65 ശതമാനം വരെ കുറഞ്ഞു. ലോക്ക്ഡൗണിന് ശേഷം മാസ്‌ക് വില്‍പ്പനയിലൂടെ മേഖല ഉണര്‍ന്ന് വന്നെങ്കിലും മറ്റ് വില്‍പ്പനകളെല്ലാം പാടെ നിലച്ച മട്ടായിരുന്നു.

റിബേറ്റിനത്തില്‍ മാത്രം ഏഴ് കോടി രൂപയാണ് കോഴിക്കോട് സര്‍വോദയ സംഘത്തിന് മാത്രം ലഭിക്കാനുള്ളത്. ഇത്തരത്തില്‍ ഓരോ സ്ഥാപനത്തിന്റെയും കണക്കുകള്‍ പരിശോധിച്ചാല്‍ 30 കോടിക്കു മുകളിലാണ് ഖാദി സ്ഥാപനങ്ങൾക്ക് ലഭിക്കാനുള്ളത്. അതേസമയം തന്നെ സർക്കാർ റിബേറ്റ് കുടിശ്ശിക അനുവദിക്കുന്നത് വിൽപ്പനക്ക് ആനുപാതികമായിരിക്കണമെന്നും ഇവർ ആവശ്യപ്പെടുകയാണ്.

എന്നാല്‍ പ്രതീക്ഷയര്‍പ്പിച്ച ഒാണത്തിനും വിപണനം കുറഞ്ഞതായി കോഴിക്കോട് സര്‍വോദയ സംഘം അധികൃതര്‍ പറയുന്നു. ആഴ്ചയില്‍ ഒരിക്കല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഖാദി ധരിക്കണമെന്ന ഉത്തരവ് ഇറക്കിയെങ്കിലും അതും നടപ്പായില്ല. ഇനിയും കുടിശ്ശിക അനുവദിച്ച് നല്‍കിയില്ലെങ്കില്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമാണ് വഴിമുട്ടുക.

ഖാദിബോര്‍ഡിനു കീഴില്‍ നൂല്‍ നൂല്‍പ്പും നെയ്ത്തും നടത്തുന്ന മുന്നൂറിലേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഖാദി ബോര്‍ഡ്, കോഴിക്കോട് സര്‍വോദയ സംഘം, കണ്ണൂര്‍ സര്‍വോദയ സംഘം, കേരള സര്‍വോദയ സംഘം എന്നിവിടങ്ങളിലായി നിരവധി നൂല്‍പ്, നെയ്ത്ത് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ കോഴിക്കോട് സര്‍വോദയ സംഘത്തിന് കീഴിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് തുടങ്ങിയ മുപ്പത്തഞ്ചോളം യൂനിറ്റുകളിലായി ആയിരത്തോളം നൂല്‍നൂല്‍പ്പ് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. എന്നാല്‍ പൊട്ടിപ്പോകുന്ന നൂലും പണിമുടക്കുന്ന നെയ്ത്തു യന്ത്രങ്ങളുമായാണ് പല നെയ്ത്തു കേന്ദ്രങ്ങളും ഇന്നും പ്രവര്‍ത്തിക്കുന്നത്.

പഞ്ഞിയില്‍ നിന്ന് നൂലെടുക്കുന്നവര്‍, കളര്‍പശ മുക്കുന്നവര്‍, പാവാക്കുന്നവര്‍, തറിയില്‍ കയറ്റി നെയ്യുന്നവര്‍, നെയ്ത്ത് തൊഴിലാളികള്‍ തുടങ്ങി താഴെ തട്ടില്‍ നിന്നു ആരംഭിക്കുന്ന ആയിരത്തിന് മുകളില്‍ തൊഴിലാളികളാണ് വളരെ തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്നത്. കൃത്യമായി ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ നടുവൊടിയുന്ന ജോലിയില്‍ ഇനിയും തുടരാന്‍ ആകില്ലെന്ന നിലപാടിലാണ് ഈ തൊഴിലാളികൾ.

പൈതൃകപ്രതീകമായ ഖാദി….

നമ്മുടെ ശരീരത്തിന് യാതൊരു വിധത്തിലുള്ള ദോഷവും ഏൽക്കാത്ത സ്വാഭാവികവും ജൈവികവുമായ തുണിത്തരമാണ് ഖാദി. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ വസ്ത്രമാണ്. വേനൽക്കാലത്ത് ഖാദി വസ്ത്രങ്ങൾ ധരിക്കുമ്പോൾ തണുപ്പ് നൽകുകയും ശൈത്യകാലത്ത് ചൂട് നിലനിർത്തുകയും ചെയ്യുന്നു. രാജ്യത്തെ തുണി ഉത്പാദനത്തിന്റെ വലിയൊരു ശതമാനവും ഈ മേഖലയില്‍ നിന്നാണ്.  കയറ്റുമതി വരുമാനത്തിലും പ്രസ്തുത മേഖലയുടെ സംഭാവന വലുതാണ്.

നൂറ്റാണ്ടുകൾക്ക് മുന്പ് തന്നെ കൈ നൂൽ നൂൽക്കലും കൈ നെയ്ത്തും ഇന്ത്യക്കാർക്ക് സ്വായത്തമായതായി പറയപ്പെടുന്നു. സിന്ധുനദീതട സംസ്കാരത്തിൽ നെയ്ത തുണികൾ ധരിച്ച പ്രതിമകളുടെ പുരാവസ്തു തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ നെയ്ത്തിൽ അഭിവൃദ്ധി പ്രാപിച്ച പാരമ്പര്യമാണ് നമുക്കുള്ളതെന്ന് കാണാൻ കഴിയും. നമ്മുടെ പൈതൃകത്തിന്റെ പ്രതീകമാണ് ഖാദി.‌

സ്വാതന്ത്ര്യ സമര കാലത്ത് ഈ പൈതൃകത്തെ വീണ്ടും കണ്ടെത്താനും അതിനെ പ്രോത്സാഹിപ്പിക്കാനും ഗാന്ധിജിക്കു കഴിഞ്ഞു. ഇനി നമ്മുടെ ഊഴമാണ്. മൃതിയടയുന്ന ഖാദി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കേണ്ടത് സർക്കാർ സംവിധാനമാണ്. നമ്മുടെ പൈതൃകത്തേയും പാരമ്പര്യത്തേയും വരും തലമുറക്കായി കാത്ത് സൂക്ഷിക്കേണ്ടത് വലിയ ഉത്തരവാദിത്വമാണ്. അതിനാൽ തന്നെ ഈ പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിച്ച് നിർത്താൻ അധികാരികൾക്ക് കഴിയണം.
.

കോഴിക്കോട്

---- facebook comment plugin here -----

Latest