Ongoing News
സംഘടിത കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് ദുബൈ പോലീസിന് രാജ്യാന്തര പ്രശംസ
ഇറ്റാലിയന്‍ പോലീസ് മേധാവിയും പബ്ലിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറുമായ പെര്‍ഫെക്റ്റ് വിറ്റോറിയോ പിസാനി, ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ്ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറിയെയും സംഘത്തെയും റോമില്‍ സ്വാഗതം ചെയ്തപ്പോഴായിരുന്നു പ്രശംസ.
ദുബൈ|സംഘടിത കുറ്റകൃത്യങ്ങള്‍ നേരിടുന്നതില്‍ ദുബൈ പോലീസിന് രാജ്യാന്തര പ്രശംസ. ഇറ്റാലിയന്‍ പോലീസ് മേധാവിയും പബ്ലിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറുമായ പെര്‍ഫെക്റ്റ് വിറ്റോറിയോ പിസാനി, ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ്ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറിയെയും സംഘത്തെയും റോമില്‍ സ്വാഗതം ചെയ്തപ്പോഴായിരുന്നു പ്രശംസ.
‘ഇറ്റാലിയന്‍ ജുഡീഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ അതോറിറ്റി വിവിധ കുറ്റങ്ങള്‍ ചുമത്തി തിരയുന്ന 13 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിലും പിടികൂടുന്നതിലും ദുബൈ പോലീസിന്റെ അപാരമായ ശ്രമങ്ങളുണ്ടായി. അഞ്ച് കോടി യൂറോ അനധികൃത വരുമാനം മരവിപ്പിക്കാനുള്ള കോടതി ഉത്തരവ് നേടിയെടുക്കുന്നതില്‍ സേനയുടെ പ്രധാന പങ്കും അംഗീകരിക്കുന്നു.’ദുബൈ പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ വാണ്ടഡ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ താരിഖ് സുല്‍ത്താന്‍ അല്‍ സുവൈദി സംഘത്തിലുണ്ടായിരുന്നു. സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ഇരു കൂട്ടരും ധാരണയിലെത്തി.
സംഘടിതവും അന്തര്‍ദേശീയവുമായ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയെ ചെറുക്കുന്നതിനുള്ള തന്ത്രങ്ങള്‍ ഉള്‍പ്പെടെ, പരസ്പര താല്‍പ്പര്യമുള്ള മേഖലകളില്‍ ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിച്ചു.
സുരക്ഷാ, പോലീസ് ഏജന്‍സികളുമായുള്ള അന്താരാഷ്ട്ര ബന്ധങ്ങളും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത ലെഫ്റ്റനന്റ് ജനറല്‍ അല്‍ മര്‍റി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു.



