National
മതിയായ രേഖകളില്ല; മണിപ്പൂരില്‍ 10 മ്യാന്‍മര്‍ പൗരന്മാര്‍ അറസ്റ്റില്‍
ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇംഫാല്‍| മതിയായ രേഖകളില്ലാതെ രാജ്യത്തേക്ക് കടന്നതിന് ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് മ്യാന്‍മര്‍ പൗരന്മാര്‍ അറസ്റ്റില്‍. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മ്യാന്‍മര്‍ പൗരന്മാരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ന്യൂ ലാംക പട്ടണത്തിലെ വാല്‍ വെങ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്.
എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട മ്യാന്‍മര്‍ പൗരന്‍മാര്‍ ഓടിപ്പോകാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. മ്യാന്‍മറില്‍ നിന്നാണ് ഇവര്‍ ചുരാചന്ദ്പൂരിലെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇവരില്‍ എട്ടുപേര്‍ മ്യാന്‍മറിലെ മോങ്വ സ്വദേശികളാണ്. ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അനധികൃത കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് നേരത്തെ തന്നെ പറഞ്ഞിരുന്നു. മണിപ്പൂര്‍ മ്യാന്‍മറുമായി 398 കിലോമീറ്റര്‍ അന്താരാഷ്ട്ര അതിര്‍ത്തി പങ്കിടുന്നുണ്ട്.



