From the print
പണപ്പെരുപ്പ നിരക്ക് എട്ട് വര്‍ഷത്തെ താഴ്ചയില്‍
ജൂലൈയില്‍ 1.55 ശതമാനം. കൂടുതല്‍ കേരളത്തില്‍.

മുംബൈ | ഉപഭോക്തൃ വിലസൂചിക (സി പി ഐ) അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍. 1.55 ശതമാനമാണ് ജൂലൈയിലെ ചില്ലറ പണപ്പെരുപ്പം. 2017ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കിലേക്കെത്തുന്നത്. ജൂണില്‍ ഇത് 2.1 ശതമാനമായിരുന്നു.
നഗരങ്ങളിലെ പണപ്പെരുപ്പം 2.56ല്‍ നിന്ന് 2.05 ശതമാനത്തിലേക്കും ഗ്രാമങ്ങളിലേത് 1.72ല്‍ നിന്ന് 1.18 ശതമാനത്തിലേക്കും കുറഞ്ഞു. ഭക്ഷ്യമേഖലയിലാണ് പണപ്പെരുപ്പം കുത്തനെ കുറഞ്ഞത്. ഗ്രാമീണ മേഖലയിലും നഗരമേഖലയിലും ഭക്ഷ്യമേഖലയില്‍ പണപ്പെരുപ്പത്തിന് പകരം പണച്ചുരുക്കമാണ് അനുഭവപ്പെടുന്നത്. ഗ്രാമീണ മേഖലയില്‍ -1.74 ശതമാനവും നഗരമേഖലയില്‍ -1.90 ശതമാനവുമാണ്.
ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മുട്ട, പഞ്ചസാര തുടങ്ങിയവയുടെ വിലക്കുറവാണ് കഴിഞ്ഞ മാസവും നേട്ടമായതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് വ്യക്തമാക്കി. ഗതാഗതം, കമ്മ്യൂണിക്കേഷന്‍, വിദ്യാഭ്യാസച്ചെലവുകള്‍ കുറഞ്ഞതും ഗുണം ചെയ്തു.
കേരളത്തിലാണ് ഏറ്റവും രൂക്ഷമായ വിലക്കയറ്റത്തോത്. ജൂണിലെ 6.71 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ കേരളത്തിലെ പണപ്പെരുപ്പം 8.89 ശതമാനമായി. തുടര്‍ച്ചയായ ഏഴാം മാസമാണ് കേരളത്തിലെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന തോതില്‍ നില്‍ക്കുന്നത്. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പമാണ് കേരളത്തിന് തിരിച്ചടിയായത്. ജൂണില്‍ 7.31 ശതമാനമായിരുന്ന ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പ നിരക്ക് ജൂലൈയില്‍ 10.02 എന്ന നിലയിലേക്ക് ഉയര്‍ന്നു. നഗരങ്ങളിലേത് 5.69 ശതമാനത്തില്‍ നിന്ന് 6.77 ശതമാനമായി ഉയര്‍ന്നു.
വിലക്കയറ്റത്തില്‍ രണ്ടാംസ്ഥാനത്തുള്ള ജമ്മു കശ്മീരില്‍ പണപ്പെരുപ്പം 3.77 ശതമാനമാണ്. പഞ്ചാബ് (3.53%), കര്‍ണാടക (2.73%), മഹാരാഷ്ട്ര (2.28%) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നില്‍. അസം (നെഗറ്റീവ് 0.61%), ബിഹാര്‍ (0.10%), തെലങ്കാന (0.44%), ഒഡിഷ (0.30%, ഉത്തര്‍പ്രദേശ് (0.05%), ആന്ധ്രാപ്രദേശ് (0.50%) എന്നീ സംസ്ഥാനങ്ങളിലാണ് പണപ്പെരുപ്പം ഏറ്റവും കുറവ്.