Connect with us

Uae

സ്വദേശിവത്കരണം; ജൂലൈ ഒന്ന് മുതൽ പരിശോധന

ജൂൺ 30-നകം സ്വദേശിവത്കരണ നിരക്ക് ഏഴ് ശതമാനം കൈവരിക്കണം

Published

|

Last Updated

ദുബൈ | സ്വകാര്യ മേഖലാ കമ്പനികൾ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജൂലൈ ഒന്ന് മുതൽ പരിശോധന ആരംഭിക്കും. ഈ വർഷത്തെ സ്വദേശിവത്കരണം ജൂലൈ ഒന്നിന് മുമ്പ് നടപ്പാക്കണമെന്ന് മാനവ വിഭവശേഷി, ഇമാറാത്ത് വത്കരണ മന്ത്രാലയം നാഷണൽ ടാലന്റ‌്‌സ് അസിസ്റ്റന്റ്അണ്ടർ സെക്രട്ടറി ഫരീദ അൽ അലി പറഞ്ഞു.

സ്വദേശി ജീവനക്കാരെ സോഷ്യൽ സെക്യൂരിറ്റി ഫണ്ടിൽ രജിസ്റ്റർ ചെയ്യണം. ആവശ്യമായ സംഭാവനകൾ സ്ഥിരമായി നൽകുന്നതും ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ ആവശ്യകതകൾ കമ്പനികൾ പാലിക്കുന്നുണ്ടോയെന്ന് മന്ത്രാലയം പരിശോധിക്കും. 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ 2025ന്റെ ആദ്യ പകുതിയിലെ ലക്ഷ്യങ്ങൾ ജൂൺ 30നകം കൈവരിക്കണം.

നൈപുണ്യമുള്ള ജോലികളിലുള്ള യു എ ഇ പൗരന്മാരുടെ എണ്ണത്തിൽ കുറഞ്ഞത് ഒരു ശതമാനം വർധനവ് കൈവരിക്കേണ്ടതുണ്ട്.സ്ഥാപനങ്ങൾ അവരുടെ തൊഴിൽ ശക്തിയിൽ ഇമാറാത്തുകാരുടെ എണ്ണം പ്രതിവർഷം രണ്ട് ശതമാനം വർധിപ്പിക്കണം വർഷത്തിന്റെ ആദ്യ പകുതിയിൽ ഒരു ശതമാനവും രണ്ടാം പകുതിയിൽ ഒരു ശതമാനവുമാണിത്. ജൂൺ 30-നകം വിദഗ്ധ തസ്തികകളിൽ ഏഴ് ശതമാനവും ഡിസംബർ 31-നകം എട്ട് ശതമാനവും നിരക്കിൽ എത്തണം. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ ആയിരക്കണക്കിന് ദിർഹം പിഴ ചുമത്തേണ്ടിവരും.

2026 അവസാനത്തോടെ സ്വകാര്യ മേഖലയിലെ കമ്പനികൾ വിദഗ്ധ തസ്തികകളിൽ പത്ത് ശതമാനം എമിറേറ്റൈസേഷൻ കൈവരിക്കണമെന്നാണ് ദേശീയ നിയമം. “വ്യാജ എമിറേറ്റൈസേഷൻ’ അല്ലെങ്കിൽ ലക്ഷ്യങ്ങൾ മറികടക്കാനുള്ള ശ്രമങ്ങൾ പോലുള്ള വഞ്ചനാപരമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിന് മന്ത്രാലയം ഒരു ഡിജിറ്റൽ ഫീൽഡ് പരിശോധനാ സംവിധാനം ഉപയോഗിക്കുന്നു.

“2022 മധ്യത്തിനും 2025 ഏപ്രിലിനും ഇടയിൽ, എമിറേറ്റൈസേഷൻ നയങ്ങളും തീരുമാനങ്ങളും ലംഘിക്കുന്നതായി കണ്ടെത്തിയ ഏകദേശം 2,200 സ്ഥാപനങ്ങളെ ഈ സംവിധാനം വിജയകരമായി പ്രതിരോധിച്ചു. അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.’ മന്ത്രാലയം ചൂണ്ടിക്കാട്ടി.2025 ഏപ്രിൽ അവസാനത്തോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഇമാറത്തുകാരുടെ എണ്ണം, 28,000 കമ്പനികളിലായി 136,000-ത്തിലധികമായി.

Latest