Connect with us

dubai international holy quran

ഇന്ത്യൻ വിദ്യാർഥിയുടെ ഖുർആൻ മത്സരം തിങ്കളാഴ്ച

പ്രാഥമിക റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച സൈനുൽ ആബിദ് നിരവധി ദേശീയ, സംസ്ഥാന ഹോളി ഖുർആൻ മത്സരങ്ങളിൽ ഒന്നാമതെത്തിയിട്ടുണ്ട്.

Published

|

Last Updated

ദുബൈ | അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കുന്ന ജാമിഅ മർകസ് വിദ്യാർഥി കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഹാഫിസ് സൈനുൽ ആബിദിന്റെ പ്രകടനം തിങ്കളാഴ്ച ദുബൈ മംസാര്‍ കള്‍ച്ചറല്‍ ആന്‍ഡ് സയന്‍റിഫിക് ഹാളിൽ നടക്കും. രാത്രി 9.30 ന് ആരംഭിക്കുന്ന മത്സരത്തിൽ ഇന്ത്യയെ കൂടാതെ യു കെ, ജോർദാൻ, കോംഗോ ഡെമോക്രാറ്റിക്, ഇന്തോനേഷ്യ, മൗറീഷ്യസ് രാജ്യങ്ങളിലെ വിദ്യാർഥികൾ ആണ് പങ്കെടുക്കുന്നത്.

പ്രാഥമിക റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച സൈനുൽ ആബിദ് നിരവധി ദേശീയ, സംസ്ഥാന ഹോളി ഖുർആൻ മത്സരങ്ങളിൽ ഒന്നാമതെത്തിയിട്ടുണ്ട്. 2021 ൽ താൻസാനിയയിൽ നടന്ന ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡിൽ പങ്കെടുത്തിരുന്നു. മർകസ് ജൂനിയർ ശരീഅത്ത് വിദ്യാർഥിയായ സൈനുൽ ആബിദ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥി കൂടിയാണ്.

ഈങ്ങാപ്പുഴ വലിയേരിയിൽ അബ്ദുർറഹ് മാൻ- സക്കീന ദമ്പതികളുടെ മകനാണ്. ദുബൈയിലെത്തിയ ഹാഫിള് സൈനുൽ ആബിദിനെ മർകസ് ഭാരവാഹികളായ എ കെ അബൂബക്കർ മുസ്‌ലിയാർ കട്ടിപ്പാറ, ശരീഫ് കാരശ്ശേരി, യഹ്‌യ സഖാഫി ആലപ്പുഴ, നൗഫൽ നൂറാനി എന്നിവർ സ്വീകരിച്ചു.