Kuwait
കുവൈത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസിനു അനുമതിയായി; വ്യാഴാഴ്ച മുതൽ സർവീസ്
കുവൈത്തിന് പുറത്ത് നിന്ന് വാക്സിൻ സ്വീകരിച്ചവർ, കുവൈത്തിൽ നിന്ന് വാക്സിൻ എടുത്തവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

കുവൈത്ത് സിറ്റി | ഇന്ത്യ അടക്കമുള്ള ആറു രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്കു നേരിട്ടുള്ള വിമാന സർവീസിന് അനുമതി പ്രാബല്യത്തിൽ. മന്ത്രിസഭാ തീരുമാനത്തെ തുടർന്ന് കുവൈത്ത് ജി ഡി സി എ ഇത് സംബന്ധിച്ച് വിശദമായ മാർഗനിദേശങ്ങൾ പുറപ്പെടുവിച്ചു. വ്യാഴാഴ്ച ഇന്ത്യയിൽ നിന്ന് നേരിട്ട് രണ്ട് വിമാനങ്ങൾ സർവീസ് നടത്തും. കുവൈത്തിന് പുറത്ത് നിന്ന് വാക്സിൻ സ്വീകരിച്ചവർ, കുവൈത്തിൽ നിന്ന് വാക്സിൻ എടുത്തവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:
കുവൈത്ത് അംഗീകൃത വാക്സിനുകളായ ഫൈസർ ആസ്‌ട്രെ സെനക / കൊവിഷീൽഡ്, മോഡേണ എന്നിവയുടെ രണ്ട് ഡോസ് അല്ലെങ്കിൽ ജോൺസൺ & ജോൺസൺ ഒരു ഡോസും പൂർത്തിയാക്കണം. കുവൈത്ത് അംഗീകൃതമല്ലാത്ത റഷ്യൻ, ചൈനീസ് വാക്സിനുകളായ സിനോഫാം, സ്പുട്നിക്, സിനോവക് എന്നിവ സ്വീകർച്ചവർ ഇതിനു പുറമെ കുവൈത്ത് അംഗീകൃത വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കണം. കുവൈത്തിൽ നിന്നും വാക്സിൻ സ്വീകരിച്ചു നാട്ടിലേക്കു പോയവർ കുവൈത്ത് ഇമ്മ്യൂൺ ആപ്പിലും മൊബൈൽ ഐഡി ആപ്പിലും ഇവ അപ് ലോഡ് ചെയ്തു സ്റ്റാറ്റസ് പച്ച നിറമായി കാണിക്കണം. വാക്സിനേഷൻ പൂർത്തിയാക്കിയ സ്വദേശികളും സാധുവായ താമസരേഖയുള്ള വിദേശികളും 72 മണിക്കൂർ സാധുതയുള്ള പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ശ്ലോനക് ആപ് റെജിസ്‌ട്രേഷൻ, ഏഴ് ദിവസത്തെ ഹോം കൊറന്റൈൻ എന്നിവയും നിർവഹിക്കണം. മൂന്ന് ദിവസത്തിനു ശേഷം ഇവർക്കു പി സി ആർ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ കൊറന്റൈൻ അവസാനിപ്പിക്കാവുന്നതാണ്. വാക്സിനേഷൻ പൂർത്തിയാക്കി പുതിയ വിസയിൽ എത്തുന്നവർ കുവൈത്തിൽ എത്തിയാൽ 24 മണിക്കൂറിനകം പി സി ആർ പരിശോധനക്ക് വിധേയരാവണം.
72 മണിക്കൂർ സാധുതയുള്ള പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ശ്ലോനക്കു ആപ് ഡൗൺലോഡ്, ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റെെൻ, ഇത് അവസാനിച്ച ശേഷം ഏഴ് ദിവസത്തെ ഹോം ക്വാറന്റെെൻ, കുവൈത്തിൽ എത്തി ആദ്യ 24 മണിക്കൂറിനകം ആദ്യ പിസിആർ പരിശോധന, ആറു ദിവസത്തിനുള്ളിൽ രണ്ടാമത്തെ പരിശോധന എന്നിവ നടത്തണം. ഇതിന്റ ചിലവ് കുവൈത്തിൽ എത്തുന്നതിനു മുമ്പായി കുവൈത്ത് മുസാഫിർ ആപ് വഴി അടക്കണം. ഗാർഹിക വിസയിൽ എത്തുന്നവർ ബിൽ സലാമ ആപ്പിൽ രജിസ്റ്റർ ചെയ്യുകയും മറ്റു യാത്രാ നിബന്ധനകൾ പൂർത്തി യാക്കുകയും ചെയ്യണം.
റിപ്പോർട്ട്: ഇബ്രാഹിം വെണ്ണിയോട്