Connect with us

asia cup

ബോളര്‍മാരുടെ കളിയില്‍ പൊരുതിനേടി ഇന്ത്യ; പാക്കിസ്ഥാനെതിരെ ജയം

അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം

Published

|

Last Updated

ദുബൈ | ഏഷ്യാകപ്പിലെ സൂപ്പര്‍ സണ്‍ഡേ മത്സരം ബോളര്‍മാര്‍ കൈയടക്കിയപ്പോള്‍ ജയം ഇന്ത്യക്ക്. അവസാന ഓവറിൽ രണ്ട് ബോൾ ശേഷിക്കെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. 19.5 ഓവറില്‍ 147 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ ഔട്ട് ആയപ്പോള്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിന് 148 റൺസെടുത്ത് ഇന്ത്യ ലക്ഷ്യംമറികടന്നു. മൂന്ന് വിക്കറ്റെടുക്കുകയും 17 ബോളിൽ പുറത്താകാതെ 33 റൺസെടുക്കുകയും ചെയ്ത ഹർദിക് പാണ്ഡ്യ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. സിക്സർ അടിച്ച് ഇന്ത്യയെ വിജയിപ്പിച്ചത് പാണ്ഡ്യ ആയിരുന്നു.

ആദ്യ ഓവറിലെ രണ്ടാം ബോളില്‍ തന്നെ ഓപണര്‍ കെ എല്‍ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായെങ്കിലും വിരാട് കോലി സ്‌കോര്‍ ചലിപ്പിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂര്‍ണ പിന്തുണ നല്‍കി. 12 റണ്‍സെടുത്ത് രോഹിത് ശര്‍മയും പിന്നാലെ 35 റണ്‍സെടുത്ത കോലിയും പുറത്തായി. പിന്നീട് രവീന്ദ്ര ജഡേജയും സൂര്യ കുമാര്‍ യാദവും പതിയെയാണ് നീങ്ങിയത്. സൂര്യകുമാര്‍ പുറത്തായി ഹര്‍ദിക് പാണ്ഡ്യ വന്നതോടെ സ്‌കോര്‍ വേഗം കൂടി. ജഡേജ- പാണ്ഡ്യ കൂട്ടുകെട്ട് വഴിത്തിരിവായി. ജഡേജ 35 റണ്‍സെടുത്തു.

പാക്കിസ്ഥാന്‍ ബോളിംഗ് നിരയില്‍ മുഹമ്മദ് നവാസ് മൂന്നും നസീം ഷാ രണ്ടും വിക്കറ്റെടുത്തു. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ബൗളര്‍മാര്‍ പാക് ബാറ്റ്മാന്മാരെ വെള്ളം കുടിപ്പിച്ചിരുന്നു. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ ആണ് പാക്കിസ്ഥാനെ നിലംപരിശാക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നത്. നാല് ഓവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്ത് ഹർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് പിഴുതു. അര്‍ശ്ദീപ് സിംഗ് രണ്ടും ആവേശ് ഖാന്‍ ഒന്നും വിക്കറ്റെടുത്തു.

പാക് ബാറ്റിംഗ് നിരയില്‍ ഓപണര്‍ മുഹമ്മദ് റിസ്‌വാന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അദ്ദേഹം 43 റണ്‍സെടുത്തു. ഇഫ്തിഖാര്‍ അഹ്മദ് 28ഉം ഹാരിസ് റഊഫ് 13ഉം വാലറ്റക്കാരൻ ഷാനവാസ് ദഹാനി 16ഉം റണ്‍സെടുത്തു.

Latest