Connect with us

National

2036 ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ അവകാശവാദമുന്നയിച്ച് ഇന്ത്യ ഒളിംപിക് കമ്മിറ്റിക്ക് കത്ത് നൽകി

ഇന്ത്യയ്‌ക്കൊപ്പം മെക്‌സിക്കോ, ഇന്തോനേഷ്യ, തുർക്കി, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും 2036 ഓളിമ്പിക്സ് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡൽഹി | ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ അവകാശവാദമുന്നയിച്ചു. 2036ലെ ഒളിംപിക്സിനും പാരാലിംപിക്സിനും ആതിഥേയത്വം വഹിക്കാൻ അവകാശവാദമുന്നയിച്ച് ഇന്ത്യ ഒളിംപിക് കമ്മിറ്റിയുടെ ആതിഥേയ സമിതിക്ക് കത്ത് നൽകിയതായി ‘ആജ് തക്’ റിപ്പോർട്ട് ചെയ്യുന്നു. ഒളിംപിക്സിന് അവകാശവാദമുന്നയിച്ച പത്ത് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഉൾപ്പെടുന്നത്. ഇന്ത്യയ്‌ക്കൊപ്പം മെക്‌സിക്കോ, ഇന്തോനേഷ്യ, തുർക്കി, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും 2036 ഓളിമ്പിക്സ് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യ ഇതുവരെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ചിട്ടില്ല. ഏഷ്യൻ ഗെയിംസിനും കോമൺവെൽത്ത് ഗെയിംസിനും മാത്രമാണ് ആതിഥേയത്വം വഹിച്ചിട്ടുള്ളത്.  2036 ഒളിമ്പിക്‌സിൽ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയെ കുറിച്ച് ആഗസ്ത് 15ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചിരുന്നു. ഇത് 140 കോടി ഇന്ത്യക്കാരുടെ ചിരകാല സ്വപ്നവും ആഗ്രഹവുമാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

പാരീസ് ഓളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ അത്‌ലറ്റുകളോട് 2036 ഓളിമ്പിക്സിന്റെ തയ്യാറെടുപ്പുകളിൽ പങ്കെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ആദ്യം, മുംബൈയിൽ നടന്ന ഐഒസിയുടെ 141-ാം സെഷനിലും ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത പ്രധാനമന്ത്രി പ്രകടിപ്പിച്ചിരുന്നു.