Connect with us

India- new zealand

ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് പരമ്പരയില്‍ സമ്പൂര്‍ണ്ണ വിജയം

ടി20 ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പ് ആയ ടീം ഒരു മാച്ച് പോലും ജയിക്കാന്‍ കഴിയാതെ പരമ്പര അടിയറവ് വെക്കേണ്ടി വന്നത് ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് നാണക്കേടാണ്

Published

|

Last Updated

കൊല്‍ക്കത്ത | ലോകകപ്പിന് പിന്നാലെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ടി20 പരമ്പരക്കായി ഇന്ത്യയിലെത്തിയ ന്യൂസിലാന്‍ഡിനെതിരെ എല്ലാ മത്സരങ്ങളും വിജയിച്ച് ഇന്ത്യന്‍ ടീം വിജയം സമ്പൂര്‍ണ്ണമാക്കി. ജയ്പൂരില്‍ നടന്ന ആദ്യ മാച്ചിലും റാഞ്ചിയില്‍ നടന്ന രണ്ടാം മാച്ചിലും വിജയിച്ച് നേരത്തേ തന്ന പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ, അവസാന മത്സരത്തില്‍ 73 റണ്‍സ് എന്ന വലിയ മാര്‍ജിനില്‍ ആണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയത്. വലിയ ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡിനെതിരെ വിജയിക്കാന്‍ കഴിയാതിരിക്കുമ്പോഴും സീരീസുകളില്‍ വിജയം നേടുന്ന പതിവ് ആവര്‍ത്തിക്കുയാണ് ടീം ഇന്ത്യ. ടി20 ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പ് ആയ ടീം ഒരു മാച്ച് പോലും ജയിക്കാന്‍ കഴിയാതെ പരമ്പര അടിയറവ് വെക്കേണ്ടി വന്നത് ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് നാണക്കേടാണ്.

ബാറ്റിംഗിലും ബോളിംഗിലും വ്യക്തമായ ആധിപത്യമായിരുന്നു ഇന്ന് ഇന്ത്യന്‍ ടീമിന്റേത്. ടോസ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ തന്നെ 31 പന്തില്‍ 56 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ആയി, മുന്നില്‍ നിന്ന് നയിച്ചു. 21 പന്തില്‍ 29 റണ്‍സ് നേടിയ ഇശാന്ത് കിശന്‍, 20 പന്തില്‍ 25 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമിന്റെ സ്‌കോറിംഗിന് വേഗം കൂട്ടി. മിച്ചല്‍ സാന്റ്‌നര്‍ നാല് ഓവറില്‍ 27 റണ്‍സ് വിട്ടു നല്‍കി കിവികള്‍ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോള്‍ട്ടും ഇശ് സോധിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. 185 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന്റെ പോരാട്ടം 17.2 ഓവറില്‍ 111 റണ്‍സിന് അവസാനിച്ചു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ 36 പന്തില്‍ 51 റണ്‍സും, ടിം സെയ്‌ഫേര്‍റ്റ് 18 പന്തില്‍ 17 റണ്‍സും ലോക്കി ഫര്‍ഗൂസന്‍ 8 പന്തില്‍ 14 റണ്‍സും നേടി കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അക്‌സര്‍ പട്ടേല്‍ ഇന്ത്യക്കായി മൂന്ന് ഓവറില്‍ വെറും ഒമ്പത് റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടി. ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റും വെങ്കിടേഷ് അയ്യര്‍ ഒരു വിക്കറ്റും നേടി.