Uae
ഇന്ത്യ ഫെസ്റ്റ് - സീസണ്‍ 14 ഈ മാസം 12 മുതല്‍
ദിവസവും വൈകുന്നേരം 6:00 മുതല്‍ രാത്രി 11:30 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ 300-ല്‍ അധികം കലാകാരന്മാര്‍ അണിനിരക്കും.
അബൂദബി | യുഎഇയിലെ പ്രമുഖ സാംസ്‌കാരിക കേന്ദ്രമായ ഇന്ത്യ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്റര്‍ (ഐഎസ്സി) സംഘടിപ്പിക്കുന്ന, സാംസ്‌കാരിക മഹോത്സവം ഇന്ത്യ ഫെസ്റ്റ് – സീസണ്‍ 14 ഐഎസ്സി അങ്കണത്തില്‍ ഡിസംബര്‍ 12, 13, 14 തീയതികളില്‍ നടക്കും. ”നാനാത്വത്തില്‍ ഏകത്വം” എന്ന കാലാതീതമായ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, സംഗീതം, നൃത്തം, കല, സംസ്‌കാരം, ഭക്ഷണം, നവീകരണം എന്നിവയെ ഒരേ വേദിയില്‍ കൊണ്ടുവരുന്ന മൂന്ന് ദിവസത്തെ ഫെസ്റ്റിവല്‍, അബുദാബിയിലെ ഏറ്റവും പ്രധാനപ്പെട്ട ബഹുസാംസ്‌കാരിക പരിപാടികളിലൊന്നാണ്. ദിവസവും വൈകുന്നേരം 6:00 മുതല്‍ രാത്രി 11:30 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ 300-ല്‍ അധികം കലാകാരന്മാര്‍ അണിനിരക്കും.
ഏകദേശം 25,00030,000 സന്ദര്‍ശകരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി സീസണ്‍ 14 സാംസ്‌കാരിക വിരുന്നൊരുക്കും. ആദ്യ ദിവസം പിന്നണി ഗായിക അനിത ഷെയ്ഖിന്റെ സംഗീത നിശക്ക് വേദിയാകും. സൂഫി, ഗസല്‍, നാടോടി, ക്ലാസിക്കല്‍, സമകാലിക വിഭാഗങ്ങളിലുള്ള 12 ഭാഷകളിലെ ചലച്ചിത്ര ഹിറ്റുകള്‍ ഉള്‍പ്പെടുത്തി ഒരു ബഹുഭാഷാ സംഗീത യാത്രയാണ് അവര്‍ അവതരിപ്പിക്കുന്നത്. ശ്യാം ലാല്‍, പാര്‍ത്ഥ സാരഥി, ജഗ്ലര്‍ വിനോദ് എന്നിവര്‍ വേദിയില്‍ അനിത ഷെയ്ഖിനൊപ്പം ചേരും. തനൂറ, അയല ഉള്‍പ്പെടെയുള്ള അറബി, ഇന്ത്യന്‍ ഫ്യൂഷന്‍ നൃത്തരൂപങ്ങളും ഉദ്ഘാടനത്തിന് മാറ്റ് കൂട്ടും.
രണ്ടാം ദിവസം (ഡിസംബര്‍ 13) ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത ഫ്‌ലയിംഗ് എലിഫന്റ് മ്യൂസിക് ബാന്‍ഡ് വേദിയില്‍ തരംഗമാകും. ദക്ഷിണേന്ത്യന്‍ സംഗീത രംഗത്തെ വളര്‍ന്നുവരുന്ന പിന്നണി ഗായികയായ അനാമികയണ് പ്രധാന ആകര്‍ഷണം. കെ.എസ്. ചിത്രയ്ക്കൊപ്പം തത്സമയം പ്രകടനം കാഴ്ചവെച്ച അനാമിക, ഒരു വിഭാഗ-സമന്വയ സംഗീതാനുഭവമാണ് കാഴ്ചക്കാര്‍ക്കായി ഒരുക്കുന്നത്. ഡിസംബര്‍ 14 ന് തമിഴ് സിനിമകളിലെ ഹിറ്റ് ഗായകരായ സത്യന്‍ മഹാലിംഗവും തമിഴ്, മലയാളം സിനിമകളിലെ വളര്‍ന്നുവരുന്ന സംഗീത സെന്‍സേഷനായ പ്രിയ ജേഴ്‌സണും ചേര്‍ന്നുള്ള സംയുക്ത പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തും. അല്‍ ഹബ്തൂര്‍ മോട്ടോഴ്സ് നല്‍കുന്ന JAC JS3 SUV 2026 കാര്‍ കൂടാതെ സ്വര്‍ണ്ണ നാണയങ്ങളും 25-ല്‍ അധികം മറ്റ് സമ്മാനങ്ങളും റാഫിള്‍ ഡ്രോയിലൂടെ വിജയികള്‍ക്ക് ലഭിക്കും.
പരമ്പരാഗതവും സമകാലികവുമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രൊഫഷണല്‍ ഷെഫുകളും അംഗങ്ങളും തയ്യാറാക്കുന്ന പാചക വിരുന്ന് ഇ വര്‍ഷത്തെ പ്രത്യേകതയാണ്. ഏറ്റവും പുതിയ ഗാഡ്ജെറ്റുകള്‍, എ ആര്‍ & വി ആര്‍ അനുഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ഏരിയ. ഡിസൈനര്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മുന്‍നിര റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍, കൂടാതെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തക ബസാര്‍ എന്നിവയുണ്ടാകും. ഐ എസ് സി വാര്‍ഷിക പ്രസിദ്ധീകരണമായ ‘ഐഎസ്സി ലെഗസി’യുടെ പുതിയ പതിപ്പ് പ്രകാശനം ചെയ്യും.







