Connect with us

National

'മക്ക റോഡ് ഇനീഷ്യേറ്റീവ്' പദ്ധതിയില്‍ ഇന്ത്യ ഈ വര്‍ഷവും ഇടം നേടിയില്ല

ആരംഭിച്ച് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിയില്‍ ഇന്ത്യ ഇല്ലാത്തതിനാല്‍ ഹജ്ജ് തീര്‍ഥാടന വേളയില്‍ സഊദിയിലെ ഇമിഗ്രേഷന്‍ നടപടികള്‍ക്കായി നീണ്ട സമയമാണ് കാത്തുനില്‍ക്കേണ്ടിവരുന്നത്.

Published

|

Last Updated

ജിദ്ദ | ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി പുണ്യഭൂമിയിലെത്തിയ ആദ്യ മൂന്ന് രാജ്യങ്ങളും മക്ക റൂട്ട് ഇനിഷ്യേറ്റീവിന്റെ പ്രയോജനം ലഭിച്ചവര്‍. മലേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും യാത്ര തിരിച്ച സംഘമാണ് സ്വദേശങ്ങളില്‍ വച്ചു തന്നെ സഊദി അറേബ്യയുടെ എമിേ്രഗഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുണ്യഭൂമിയിലെത്തിയത്. അതേസമയം, തുടക്കത്തില്‍ തന്നെ ‘മക്ക റോഡ്’ പദ്ധതിയില്‍ ഇന്ത്യ ഉള്‍പ്പെടുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ആരംഭിച്ച് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യ പദ്ധതിയില്‍ ചേര്‍ന്നിട്ടില്ല. ഇതുമൂലം ഹജ്ജ് തീര്‍ഥാടന വേളയില്‍ സഊദിയിലെ ഇമിഗ്രേഷന്‍ നടപടികള്‍ക്കായി നീണ്ട സമയമാണ് കാത്തുനില്‍ക്കേണ്ടിവരുന്നത്.

മക്ക റൂട്ട് ഇനിഷ്യേറ്റീവ് പദ്ധതി
മക്ക റൂട്ട് ഇനിഷ്യേറ്റീവ് പദ്ധതിയിലൂടെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവരുടെ സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ വച്ചു തന്നെ തീര്‍ഥാടകരുടെ ഇലക്ട്രോണിക് വിസകള്‍ നല്‍കല്‍, ബയോമെട്രിക് ഡാറ്റ ശേഖരണം തുടങ്ങിയ സഊദിയിലെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും മക്കയിലെയും മദീനയിലെയും താമസ സ്ഥലങ്ങളിലേക്ക് നേരിട്ട് യാത്ര ചെയ്യാനും സാധിക്കും. അവരുടെ തീര്‍ഥാടനത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള കാര്യക്ഷമതയാണ് ഇതിലൂടെ പ്രദാനം ചെയ്യുന്നത്. തീര്‍ഥാടകര്‍ക്ക് സഊദിയിലെ വിമാനത്താവളങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ പാസ്‌പോര്‍ട്ട് പ്രവേശന നടപടികള്‍ക്ക് കാത്തുനില്‍ക്കാതെ വളരെ വേഗത്തില്‍ വിമാനത്താവളങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കും.

സഊദി അറേബ്യയുടെ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളിലൊന്നായി അല്ലാഹുവിന്റെ അതിഥികളായി പുണ്യഭൂമിയിലെത്തുന്നവര്‍ക്ക് സുരക്ഷിതവും സുഗമവുമായ അനുഭവം പ്രധാനം ചെയ്യുന്നതിലൂടെ ഉയര്‍ന്ന നിലവാരമുള്ള ഗതാഗത സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ 2019ല്‍ തുടങ്ങിയ ഈ പദ്ധതി ഇപ്പോള്‍ ഏഴാമത്തെ വര്‍ഷത്തില്‍ എത്തിനില്‍ക്കുകയാണ്. പാകിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ, മൊറോക്കോ, ബംഗ്ലാദേശ്, തുര്‍ക്കി, ഐവറി കോസ്റ്റ് തുടങ്ങിയ ഏഴ് രാജ്യങ്ങളില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കിയതോടെ തീര്‍ഥാടന അനുഭവം വര്‍ധിപ്പിക്കുകയെന്ന വിപ്ലവകരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ഏഴ് രാജ്യങ്ങളിലേക്കും സഊദി ജനറല്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് നിയോഗിക്കുന്ന ഉദ്യോഗസ്ഥരാണ് വിമാനത്താവളങ്ങളില്‍ വച്ച് ഹജ്ജ് തീര്‍ഥാടകരുടെ സഊദിയിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ‘മക്ക റൂട്ട് ഇനീഷ്യേറ്റീവ്’ വഴിയുള്ള ആദ്യ ഹജ്ജ് സംഘങ്ങളാണ് മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷം സഊദിയിലെത്തിയത്.

സമയലാഭം, കാത്തിരിപ്പുകള്‍ ഒഴിവാക്കാം
ഇലക്ട്രോണിക് വിസ വിതരണത്തിലൂടെ വിസ നടപടിക്രമങ്ങള്‍ ലളിതമാക്കുക വഴി തീര്‍ഥാടകര്‍ക്ക് അവരുടെ വിസകള്‍ ഇലക്ട്രോണിക് ആയി സ്വീകരിക്കാന്‍ അനുവദിക്കുന്നു. ബയോമെട്രിക് ഡാറ്റാ ശേഖരണത്തിലൂടെ യാത്രാ സുരക്ഷ ഉറപ്പാക്കുകയും തിരിച്ചറിയല്‍ പ്രക്രിയകള്‍ വേഗത്തിലാക്കുകയും ചെയ്യുന്നു. പുറപ്പെടല്‍ യാത്രയ്ക്കു മുമ്പ് ആരോഗ്യ ആവശ്യകതകളും നിറവേറ്റുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നു. സഊദി അറേബ്യയില്‍ തീര്‍ഥാടകര്‍ എത്തുന്ന സമയം മുതല്‍ ലഗേജുകള്‍ വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ നേരിട്ട് മക്കയിലെയും മദീനയിലെയും അവരുടെ താമസ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതോടെ എമിേ്രഗഷന്‍ നടപടിക്രമങ്ങള്‍ക്കായി വിമാനത്താവളത്തിലെ നീണ്ട ക്യൂകളും കാത്തിരിപ്പ് സമയങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്നതാണ് സംരംഭത്തിന്റെ പ്രധാന സവിശേഷത. ഒരു തീര്‍ഥാടകന്റെ യാത്രാ ആവശ്യങ്ങള്‍, പ്രതീക്ഷകള്‍ എന്നിവയുടെ ആഴത്തിലുള്ള വിശകലനത്തിലൂടെ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് അവരുടെ വിശ്വാസത്തിന്റെ പൂര്‍ണമായ പരിവര്‍ത്തന യാത്ര അനുഭവിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യ ഇനിയും കാത്തിരിക്കണം
ഹജ്ജ് എംബാര്‍ക്കേഷന്‍ വിമാനത്താവളങ്ങളില്‍ ഹജ്ജ് തീര്‍ഥാടകരുടെ ഇലക്ട്രോണിക് വിസകള്‍ നല്‍കല്‍, ബയോമെട്രിക് ഡാറ്റ ശേഖരണം എന്നീ നടപടിക്രമങ്ങള്‍ക്കുള്ള സൗകര്യങ്ങളാണ് വേണ്ടത്. ഇന്ത്യയിലെ സഊദി എംബസ്സി, കോണ്‍സുലേറ്റ് എന്നിവയുടെ നേതൃത്വത്തില്‍ സഊദി പാസ്‌പോര്‍ട്ട് മന്ത്രാലയ ഉദ്യോഗസ്ഥരാണ് ഇമിഗ്രേഷന്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുക. നിലവില്‍ ഇന്ത്യയിലെ മുഴുവന്‍ എംബാര്‍കേഷന്‍ പോയിന്റുകളിലും ഇതിനായി സൗകര്യമുണ്ടെകിലും ചര്‍ച്ചയിലൂടെ കരാറില്‍ ഒപ്പ് വെച്ചാല്‍ മാത്രമെ പദ്ധതിയില്‍ പങ്കാളിത്തം ലഭിക്കൂ. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ‘മക്ക റോഡ് ഇനീഷ്യേറ്റീവ്’ പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിക്കും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേരത്തെ കത്തയച്ചിരുന്നു.

 

സിറാജ് പ്രതിനിധി, ദമാം