National
ഇന്ത്യ-ചൈന യാത്രാ വിമാന സർവീസുകൾ ഉടൻ പുനഃരാരംഭിക്കും
ഒക്ടോബർ അവസാനത്തോടെ, ശീതകാല ഷെഡ്യൂളിനനുസരിച്ച് സർവീസുകൾ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി | ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ ഈ മാസം അവസാനത്തോടെ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം (എം ഇ എ.) അറിയിച്ചു. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്.
നേരിട്ടുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതിനും എയർ സർവീസസ് കരാർ (എ എസ് എ) പരിഷ്കരിക്കുന്നതിനും ഈ വർഷം ആദ്യം മുതൽ ഇരുപക്ഷവും സാങ്കേതിക തലത്തിൽ ചർച്ചകൾ നടത്തിവരികയായിരുന്നു. ഈ ചർച്ചകളിൽ ഒക്ടോബർ അവസാനത്തോടെ, ശീതകാല ഷെഡ്യൂളിനനുസരിച്ച് സർവീസുകൾ പുനഃരാരംഭിക്കാൻ ധാരണയായതായി വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇൻഡിഗോ തങ്ങളുടെ ചൈനയിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഒക്ടോബർ 26 മുതൽ കൊൽക്കത്തയിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്ക് (സി എ എൻ) പ്രതിദിന നോൺ-സ്റ്റോപ്പ് വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന് ഇൻഡിഗോ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഇരു അയൽരാജ്യങ്ങളും തമ്മിലും ജനങ്ങൾ തമ്മിലുമുള്ള ബന്ധം വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്നും ഉഭയകക്ഷി കൈമാറ്റങ്ങൾ ക്രമേണ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഇത് സഹായകമാകുമെന്നും എം ഇ എ കൂട്ടിച്ചേർത്തു.