Kerala
യു ഡി എഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം: പരാതി നല്‍കി കോണ്‍ഗ്രസ്
സംഭവത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പാലക്കാട്| പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷാണ് പരാതി നല്‍കിയത്.
ബിജെപി നഗരസഭ കൗണ്‍സിലര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയാണ് വടക്കന്തറയില്‍ സ്ഥാനാര്‍ഥി പര്യടനത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബി ജെ പി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള വനിത പ്രവര്‍ത്തകര്‍ പിഷാരടിയുടെ വഴി തടയുകയായിരുന്നു.
ക്ഷേത്രദര്‍ശനത്തിനു ശേഷം വോട്ട് ചോദിക്കാനെത്തിയ സ്ഥാനാര്‍ഥിയെ ‘ഇത് ബി ജെ പി കോട്ടയാണ്, ഇവിടെ കോണ്‍ഗ്രസുകാര്‍ക്ക് വോട്ട് ചോദിക്കാന്‍ അവകാശമില്ല’ എന്ന് ആക്രോശിച്ചാണ് തടഞ്ഞത്.
തന്നെ ഒരിക്കലും ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ലെന്ന് രമേശ് പിഷാരടി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. വടക്കന്തറ അമ്പലത്തിന് പിന്നിലെ ചെറിയ ക്ഷേത്രത്തിലേക്ക് പോകവേയാണ് ഒരു സംഘം സ്ത്രീകള്‍ രോഷാകുലരായി കടന്നുവന്നത്.
ജനാധിപത്യപരമായ പ്രചാരണത്തെ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകളായതുകൊണ്ടാണ് ഞാന്‍ പരമാവധി സംയമനം പാലിച്ചത്. ബി ജെ പി ശക്തികേന്ദ്രമാണെന്ന് പറഞ്ഞ് സ്ഥാനാര്‍ഥികളെ തടയുന്നത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും പിഷാരടി പറഞ്ഞു.







