Kerala
കെ എസ് യു പ്രവര്‍ത്തകരെ കറുത്ത തുണി മുഖത്തണിയിച്ച് കോടതിയില്‍ എത്തിച്ച സംഭവം: സി ഐക്ക് ഷോകോസ് നോട്ടീസ്
വടക്കാഞ്ചേരി സി ഐ ഷാജഹാനാണ് ഷോകോസ് നോട്ടീസ്

തൃശൂര്‍ | തൃശൂരിലെ മുള്ളൂര്‍ക്കരയില്‍ കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ കെ എസ് യു പ്രവര്‍ത്തകരെ കറുത്ത തുണി മുഖത്തണിയിച്ച് കോടതിയില്‍ ഹാജരാക്കിയതില്‍ വടക്കാഞ്ചേരി സി ഐ ഷാജഹാന് ഷോകോസ് നോട്ടീസ്. വടക്കാഞ്ചരി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഷാജഹാന് നോട്ടീസ് അയച്ചത്. രാഷ്ട്രീയ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഇത്തരം കറുത്ത മാസ്‌കും കൈ വിലങ്ങും ഇട്ട് കൊണ്ട് വന്നത് എന്തിനെന്ന് കോടതി ചോദിച്ചു.
സംഭവത്തിൽ കെ എസ് യു പ്രതിഷേധം ശക്തമാക്കി. കൊടും കുറ്റവാളികളെയും ഭീകരവാദികളെയുമാണ് സാധാരണയായി മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് കെഎസ്‌യു പ്രതിഷേധം.
ആഴ്ചകള്‍ക്ക് മുന്പാണ് മുള്ളൂര്‍ക്കരയില്‍ കെ എസ് യു- എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ചില കെ എസ് യു നേതാക്കള്‍ ഒളിവില്‍ പോയിരുന്നു. ഈ സമയത്ത് ഗണേശന്‍ എന്ന പ്രവര്‍ത്തകൻ്റെ വീട്ടില്‍ പോലീസ് എത്തുകയും കുടുംബത്തോട് അപമര്യാദയായി പെരുമാറിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരെ ആയിരുന്നു പ്രവര്‍ത്തകര്‍ പ്രധാനമായും ആരോപണം ഉന്നയിച്ചിരുന്നത്.