Connect with us

Prathivaram

മല്ലടിച്ച് നേടിയ മണ്ണിൽ...

ഉള്‍ക്കാടുകളിലേക്ക് പിന്‍വലിഞ്ഞ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ വല്ലപ്പോഴുമായിരുന്നു കാടിറങ്ങിയിരുന്നത്. ഇവയെ കര്‍ഷകര്‍ സംഘമായി ബഹളമുണ്ടാക്കി വനത്തിനുള്ളിലേക്ക് തിരികെ കയറ്റുകയായിരുന്നു പതിവ്. എന്നാല്‍ 21ാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ മനുഷ്യ - വന്യമൃഗ സംഘര്‍ഷത്തിൻ്റെ ഭൂമികയായാണ് വയനാട് വാര്‍ത്തകളില്‍ നിറയുന്നത്.

Published

|

Last Updated

കരിമ്പാറ പോലുള്ള മണ്ണും കാലൊന്നുവെച്ചാല്‍ ആഴങ്ങളിലേക്ക് വിഴുങ്ങുന്ന കൊരവകളും ഉഗ്രവിഷമുള്ള പാമ്പുകളും മഹാമാരികളും. എണ്ണമറ്റ പ്രതിബന്ധങ്ങളോടു മല്ലിട്ടാണ് വയനാടന്‍ മണ്ണിലേക്ക് അമ്പതുകളുടെ അവസാനത്തോടെ കുടിയേറ്റം തുടങ്ങിയത്. അതിനുമുമ്പേ ഇവിടെ ഗോത്ര വിഭാഗങ്ങളുണ്ടായിരുന്നു. കുടിയേറ്റത്തോടെ ഈ ഭൂമിയുടെ ജൈവ സമ്പുഷ്ടിയെ കൈകരുത്തുകൊണ്ടും മനക്കരുത്തുകൊണ്ടും വിളസമൃദ്ധമാക്കി. വന്യമൃഗങ്ങളും മനുഷ്യരും വളരെ സൗഹാര്‍ദപരമായായിരുന്നു ജീവിച്ചിരുന്നത്. വന്യമൃഗങ്ങള്‍ കാട്ടിലും ജനങ്ങള്‍ നാട്ടിലുമായി സുഖകരമായ ജീവിതകാലം. അധ്വാനത്തിൻ്റെ വിയര്‍പ്പുവീണ മണ്ണില്‍ ആദ്യം കിഴങ്ങുവര്‍ഗങ്ങളാണ് കുടിയേറ്റ കര്‍ഷകര്‍ വിളചെയ്തത്. ദാരിദ്ര്യത്തെ പിടിച്ചുകെട്ടി മുന്നോട്ട് കുതിച്ച കര്‍ഷകജനത പിന്നീട് ഈ മണ്ണില്‍ നാണ്യവിളകളിലൂടെ സമ്പന്നതയിലേക്ക് മെല്ലെക്കയറി.

ഉള്‍ക്കാടുകളിലേക്ക് പിന്‍വലിഞ്ഞ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ വല്ലപ്പോഴുമായിരുന്നു കാടിറങ്ങിയിരുന്നത്. ഇവയെ കര്‍ഷകര്‍ സംഘമായി ബഹളമുണ്ടാക്കി വനത്തിനുള്ളിലേക്ക് തിരികെ കയറ്റുകയായിരുന്നു പതിവ്. എന്നാല്‍ 21ാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ മനുഷ്യ – വന്യമൃഗ സംഘര്‍ഷത്തിൻ്റെ ഭൂമികയായാണ് വയനാട് വാര്‍ത്തകളില്‍ നിറയുന്നത്. ആനയും കടുവയും പന്നിയും മാനും മയിലും കാട്ടുപോത്തും കുരങ്ങുമെല്ലാം കാടിറങ്ങി വിളകള്‍ നശിപ്പിക്കുമ്പോഴും മനുഷ്യന് നേരെ തിരിയുമ്പോഴും നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് കര്‍ഷക സമൂഹം.

കൃഷിയുപേക്ഷിക്കുന്ന കര്‍ഷകര്‍
വനാതിര്‍ത്തികളിലെ കര്‍ഷകര്‍ ഇപ്പോള്‍ കൃഷികള്‍ ഉപേക്ഷിച്ച മട്ടാണ്. ആണ്ടില്‍ നാല് നെല്‍കൃഷികള്‍ വരെ ചെയ്തിരുന്ന പാടങ്ങളിൽ ഇപ്പോള്‍ മുഖ്യമായ നഞ്ചകൃഷി പോലും സാധിക്കാത്ത അവസ്ഥയിലാണ്. 1970കളില്‍ 36,000 ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന വയനാട്ടില്‍ ഇപ്പോഴുള്ളത് 12000 ഹെക്ടറായി കുറഞ്ഞു. ഇതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് വന്യമൃഗശല്യം തന്നെ. കാവലിരുന്ന് വളര്‍ത്തുന്ന നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ അടക്കമുള്ളവ വന്യമൃഗങ്ങള്‍ നശിപ്പിച്ചാല്‍ നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിക്കുക. മൂന്ന് വര്‍ഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത കര്‍ഷകര്‍ ഇപ്പോഴുമുണ്ട്.

വനാതിര്‍ത്തിയിലെ കര്‍ഷകര്‍ കാലിവളര്‍ത്തല്‍ മുഖ്യ ഇനമായി സ്വീകരിച്ചു. എന്നാല്‍, ഇപ്പോള്‍ കടുവ കാടിറങ്ങിയെത്തി വളര്‍ത്തുമൃഗങ്ങളെ ഭക്ഷിക്കാന്‍ തുടങ്ങിയതോടെ മൃഗപരിപാലനവും പ്രതിസന്ധിയിലാണ്. വനത്തില്‍ നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഇടങ്ങളിൽ വരെ കടുവയെത്തി വളര്‍ത്തുമൃഗങ്ങളെ കൊന്നുതുടങ്ങിയിട്ടുണ്ട്. നാല് മാസത്തിനിടയില്‍ സുല്‍ത്താന്‍ബത്തേരി മേഖലയില്‍ 45 വളര്‍ത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്. 2010ന് ശേഷം കാടിറങ്ങിയെത്തിയ കടുവകളെ കൂടുവെച്ച് പിടികൂടുന്ന സംഭവവും കൂടിയിരിക്കുകയാണ്. പത്ത് വര്‍ഷത്തിനകം പത്ത് കടുവകളെ പിടികൂടി മൃഗശാലകളിലേക്ക് മാറ്റി. നാല് കടുവകളെ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചിലെ പച്ചാടി വനമേഖലയില്‍ സ്ഥാപിച്ച അനിമല്‍ ഹോസ്‌പെയ്‌സ് സെൻ്ററിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

നാമമാത്ര നഷ്ടപരിഹാരം
വന്യമൃഗങ്ങളെ നശിപ്പിക്കുന്ന കായ്ഫലമുള്ള തെങ്ങിന് 770 രൂപയാണ് വനംവകുപ്പ് നഷ്ടപരിഹാരമായി നല്‍കുക. അതായത് അമ്പത് വര്‍ഷത്തോളം കര്‍ഷകന് ഉപകാരപ്പെടുന്ന തെങ്ങ് കാട്ടാന നശിപ്പിച്ചാല്‍ നല്‍കുക ഒരു മാസം ലഭിക്കുന്ന തേങ്ങകളുടെ വരുമാനംമാത്രമാണ്. കായ്ക്കാത്ത തെങ്ങിന് 385 രൂപയുമാണ് നല്‍കുന്നത്. കുലച്ച വാഴക്ക് 110 രൂപയും അല്ലാത്തവക്ക് 100 രൂപയും ലഭിക്കും. കാപ്പിച്ചെടി ഒന്നിന് 110 രൂപയും കവുങ്ങിന് 165, കുരുമുളകിന് 83രൂപയും നല്‍കും. അതേസമയം ഒരു ഹെക്ടര്‍ നെല്‍കൃഷി വന്യമൃഗങ്ങള്‍ നശിപ്പിച്ചാല്‍ നല്‍കുക 11,000 രൂപയാണ്. പലതവണ ഒരു കര്‍ഷകൻ്റെ ഭൂമിയില്‍ കൃഷിനശിപ്പിക്കപ്പെടുമ്പോള്‍ ഒരു തവണ മാത്രമേ അപേക്ഷ നല്‍കാനാകൂ.

കടുവ കൊല്ലുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് കൃത്യമായി നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. ഒരു വര്‍ഷം മുമ്പ് മാനന്തവാടി കുറുക്കന്‍മൂലയില്‍ 17 കര്‍ഷകരുടെ 22 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. ഇവര്‍ക്കാര്‍ക്കും ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. അതേസമയം, ഇക്കഴിഞ്ഞ സെപ്തംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ ചീരാല്‍ മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ 13 വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. ഈ കര്‍ഷകര്‍ ഒറ്റക്കെട്ടായി ജനകീയ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കി.

മനുഷ്യജീവനും ഭീഷണി
32 വര്‍ഷത്തിനിടയിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വന്യമൃഗ ആക്രമണത്താല്‍ ജീവൻ നഷ്ടമായത് വയനാട് ജില്ലയിലെ തിരുനെല്ലിയിലാണ്. 2010ന് ശേഷമാണ് ഈ കണക്കുകളില്‍ ക്രമാതീതമായ വർധനയുണ്ടായത്. വയനാട്ടിൽ 10 വർഷം കൊണ്ട് 49 മനുഷ്യ ജീവനുകൾ വന്യമൃഗ ആക്രമണത്തിൽ പൊലിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ 40 പേർ കാട്ടാനയുടെ ആക്രമണത്തിലും ആറ് പേർ കടുവയുടെ ആക്രമണത്തിലും രണ്ട് പേർ കാട്ടുപോത്തിനാലും ഒരാൾ കാട്ടുപന്നിയുടെ ആക്രമണത്താലുമാണ് കൊല്ലപ്പെട്ടത്.

Latest