Kerala
ഭരണപക്ഷം പൂവന്‍കോഴിയുടെ ശബ്ദമുണ്ടാക്കിയാല്‍ പ്രതിപക്ഷത്തു നിന്നും പൂച്ചയുടെ ശബ്ദമുണ്ടാകും; നിയമസഭയില്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ല: കെ മുരളീധരന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ അസംബ്ലിയില്‍ ചെന്നാല്‍ കയ്യേറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സഭാ നടപടികളില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുലിന് സബ്മിഷന്‍ ഉന്നയിക്കണമെങ്കില്‍ അനുവാദം കൊടുക്കണോ വേണ്ടയോ എന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാം. അതേ സമയം കോണ്‍ഗ്രസ് പ്രാസംഗികരുടെ ലിസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരുണ്ടാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
സ്പീക്കറുടെ അധികാരം ഉപയോഗിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന് അവസരം കൊടുക്കാനുള്ള സ്വാതന്ത്ര്യം ചെയറിനുണ്ട്. അതല്ലാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ അസംബ്ലിയില്‍ ചെന്നാല്‍ കയ്യേറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ ഭരണകക്ഷിയിലെ ആളുകള്‍ ചിലപ്പോള്‍ പൂവന്‍കോഴിയുടെ ശബ്ദം ഉണ്ടാക്കും. അപ്പോള്‍ മുകേഷ് എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടാകും. ശശീന്ദ്രന്‍ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ പൂച്ചയുടെ ശബ്ദവും ഉണ്ടായേക്കും. അതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്നും മുരളീധരന്‍ പരിഹസിച്ചു
രാഹുലിന് സംരക്ഷണം നല്‍കുന്നതിനല്ല, മറിച്ച് ഭരണപക്ഷത്ത് ശരിക്കുള്ള കോഴികളുള്ളതിനാലാണ് പ്രതിപക്ഷം ശബ്ദമുണ്ടാക്കുക. രണ്ട് പരാതികള്‍ മുകേഷിനെതിരെയുണ്ട്. അദ്ദേഹം അറസ്റ്റ് ചെയ്ത് ജാമ്യത്തിലാണ്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രേഖാമൂലം പരാതിയില്ല. അറസ്റ്റ് ചെയ്തിട്ടുമില്ല. അതുകൊണ്ടു തന്നെ സഭയില്‍ പങ്കെടുക്കുന്നതില്‍ തകരാറില്ല. അവിടെ നിന്നും പൂവന്‍കോഴിയുടെ ശബ്ദമുണ്ടായാല്‍, തിരിച്ച് കോഴിയുടേയും പൂച്ചയുടേയും ശബ്ദമുണ്ടാക്കുമെന്ന് മാത്രമാണ് പറഞ്ഞത്. അത് രാഹുലിന് പ്രതിരോധം തീര്‍ക്കുന്നതല്ലെന്നും മുരളീധരന്‍ പറഞ്ഞു.