Connect with us

kerala wahabism

ഒറ്റുകാരെ തിരിച്ചറിയുക; മറയില്ലാതെ

ഒരു സമൂഹത്തെ ആശയപരമായും കായികപരമായും നേരിടുന്നതിന് മുമ്പ് അവരെ അപരിഷ്‌കൃതരും ഒന്നിനും കൊള്ളാത്തവരുമായി ചിത്രീകരിക്കുക എന്നത് ബ്രിട്ടീഷുകാര്‍ ലോകത്തുടനീളം പയറ്റിയ ഒരു തന്ത്രമായിരുന്നു. ബ്രിട്ടീഷ് ഉത്പന്നമായ വഹാബികളും ഇതേ തന്ത്രം തന്നെയാണ് കേരളത്തില്‍ സ്വീകരിച്ചത്.

Published

|

Last Updated

ബൂഹുറൈറ(റ)യില്‍ നിന്ന് ഇമാം തുര്‍മുദി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍, അന്ത്യനാളിന്റെ 12 അടയാളങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അതില്‍ അവസാനം പറഞ്ഞ അടയാളം, ഈ സമുദായത്തിലെ പിന്‍മുറക്കാര്‍ മുന്‍ഗാമികളെ ശപിക്കുന്ന അവസ്ഥ എന്നതാണ്. കേരള വഹാബികളുടെ ഏറ്റവും വലിയ പ്രചാരണം മുന്‍ഗാമികളെ ശപിക്കലും ശിര്‍ക്കും കുഫ്റും ആരോപിച്ച് പഴിപറയലും ആണ്. കേരള നദ് വത്തുല്‍ മുജാഹിദീന്‍ പുറത്തിറക്കിയ ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തില്‍ എഴുതുന്നു: 1921ന് മുമ്പത്തെ മുസ്‌ലിംകള്‍ തികച്ചും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുങ്ങിക്കുളിച്ചു നില്‍ക്കുകയായിരുന്നു. ശരിയായ ജാഹിലിയ്യാ കാലം തന്നെയായിരുന്നു അത് (പേജ് 13).

ഒരു സമൂഹത്തെ ആശയപരമായും കായികപരമായും നേരിടുന്നതിന് മുമ്പ് അവരെ അപരിഷ്‌കൃതരും ഒന്നിനും കൊള്ളാത്തവരുമായി ചിത്രീകരിക്കുക എന്നത് ബ്രിട്ടീഷുകാര്‍ ലോകത്തുടനീളം പയറ്റിയ ഒരു തന്ത്രമായിരുന്നു. മലബാറിലെ മാപ്പിളമാരുടെ വീര്യം തകര്‍ക്കുന്നതിനും “കാട്ടുമാപ്പിളമാര്‍’ എന്ന മുദ്രകുത്തിയാണ് അവര്‍ പ്രചാരണം നടത്തിയത്. തങ്ങള്‍ ചെയ്യുന്ന കൊടും ക്രൂരതകളെല്ലാം ഈ അപരിഷ്‌കൃത സമൂഹത്തെ സമുദ്ധരിക്കാന്‍ വേണ്ടിയാണെന്ന തോന്നലുണ്ടാക്കുകയായിരുന്നു ഇതിന്റെ പിന്നിലെ ലക്ഷ്യം. ബ്രിട്ടീഷ് ഉത്പന്നമായ വഹാബികളും ഇതേ തന്ത്രം തന്നെയാണ് കേരളത്തില്‍ സ്വീകരിച്ചത്. തങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച മതനശീകരണ പ്രവര്‍ത്തനങ്ങളെ നവീകരണ പ്രവര്‍ത്തനങ്ങളായി ചിത്രീകരിക്കാന്‍ 1921ന് മുമ്പുണ്ടായിരുന്ന മുഴുവന്‍ മുസ്‌ലിംകളെയും ഇവര്‍ അന്ധവിശ്വാസികളും വിവരംകെട്ടവരുമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

1921ന് മുമ്പ്

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ അല്ല കേരളത്തില്‍ ഇസ്‌ലാം പ്രചരിച്ചത്. പ്രവാചക ശിഷ്യന്മാരിലൂടെ നേരിട്ട് അനുഭവിച്ചാണ് ഇസ്‌ലാമിനെ കേരളീയര്‍ മനസ്സിലാക്കിയത്. കേരള വഹാബികള്‍ തന്നെ ആ സത്യം തുറന്നെഴുതിയിട്ടുണ്ട്. “”പ്രവാചകന്റെ ജീവിത കാലത്തുതന്നെ ഇസ്‌ലാമിക സന്ദേശം കേരളത്തില്‍ വന്നിട്ടുണ്ട്. മാലിക്ബ്‌നു ദീനാര്‍, ഹബീബ്നു മാലിക് തുടങ്ങിയ ആദ്യകാല മിഷനറിമാരുടെ വിശുദ്ധ പാദമുദ്രകള്‍ പതിഞ്ഞ പ്രദേശമാണ് മലബാര്‍. അതുകൊണ്ടുതന്നെ കേരളീയര്‍ക്ക് പരിചയപ്പെട്ട ഇസ്‌ലാം തീര്‍ച്ചയായും ഖുര്‍ആനും സുന്നത്തും അനുസരിച്ചുള്ള ഇസ്‌ലാം തന്നെയായിരുന്നു.” (അന്നദ്‌വ പേജ് 103, ജാമിഅ നദ്‌വിയ്യ നാല്‍പ്പതാം വാര്‍ഷിക സോവനീര്‍)

10 പള്ളികളാണ് മാലിക് ബ്‌നു ദീനാറും സംഘവും മലബാറില്‍ സ്ഥാപിച്ചത്. പള്ളി സ്ഥാപിച്ച് അവര്‍ നാടുവിടുകയായിരുന്നില്ല. മറിച്ച്, അവിടെ പണ്ഡിതരായ ഖാസിമാരെ നിശ്ചയിച്ച് പള്ളിദര്‍സുകളും മറ്റും സ്ഥാപിച്ച് ഇസ്‌ലാമിക വിശ്വാസ ആചാരങ്ങളെ കൃത്യമായി പഠിപ്പിച്ചു കൊടുക്കുകയായിരുന്നു.

ഇസ്‌ലാമിന്റെ ആഗമനത്തോടെ കേരളത്തിന് തന്നെ പുതിയ ഉണര്‍വ് ലഭിച്ചു. വാണിജ്യരംഗം സജീവമായി. അറബ് നാടുകളില്‍ നിന്ന് കപ്പലുകള്‍ കേരള തീരത്ത് നിറഞ്ഞു. കണ്ണൂരിലെ അറക്കലില്‍ മുസ്‌ലിം ഭരണകൂടം നിലവില്‍ വന്നു. ചേരമാന്‍ പെരുമാള്‍ ചക്രവര്‍ത്തിയുടെ സഹോദരി ശ്രീദേവിയുടെ മകന്‍ മഹാബലിയാണ് മുഹമ്മദ് അലി രാജ എന്ന ആദിരാജ. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഈ ഭരണ സംവിധാനം ബ്രിട്ടീഷുകാരുടെ അവസാന കാലത്താണ് തകര്‍ക്കപ്പെട്ടത്.

സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിലും കൊച്ചിയിലെ ഭരണകൂടത്തിലും എല്ലാം വ്യക്തമായ സ്വാധീനം മുസ്‌ലിം സമുദായത്തിന് ഉണ്ടായിരുന്നു. കുഞ്ഞാലി മരക്കാര്‍മാരുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പ്രധാന സൈനിക വ്യൂഹമായ നാവികസേന പ്രവര്‍ത്തിച്ചു. മുഖ്യധാരയില്‍ നിറഞ്ഞുനിന്നൊരു സമുദായത്തെ അന്ധകാരത്തിലും അജ്ഞതയിലും മുഴുകിയവരായിരുന്നു എന്ന് ആരോപിക്കുന്നത് കടുത്ത ധിക്കാരമാണ്.

പ്രവാചക കുടുംബങ്ങളായ ബുഖാരി, ജിഫ്രി, ശിഹാബ്, ജമലുല്ലൈലി തുടങ്ങിയ സാദാത്തുക്കളുടെയും മഖ്ദൂമുമാരുടെയും നേതൃത്വത്തില്‍ നടന്ന വൈജ്ഞാനിക വിപ്ലവം കേരള ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. മലയാള ഭാഷക്ക് ലിപിയില്ലാത്ത കാലത്ത് അറബി മലയാളം എന്ന ഒരു ഭാഷ തന്നെ നിര്‍മിച്ചു കൊണ്ട് മുസ്‌ലിം സമുദായത്തില്‍ സമ്പൂര്‍ണ സാക്ഷരത നടപ്പാക്കിയത് 1921ന് മുമ്പായിരുന്നില്ലേ. പതിനായിരക്കണക്കായ ഗ്രന്ഥങ്ങള്‍ ഈ ഭാഷയില്‍ രചിക്കപ്പെട്ടു. അതുവഴി സമുദായത്തില്‍ ഉണ്ടായിത്തീര്‍ന്ന ദേശീയ ബോധവും വിശ്വാസപരമായ ഉണര്‍വും തകര്‍ക്കാന്‍ ആ ഭാഷ തന്നെ നശിപ്പിക്കണമെന്ന് ബ്രിട്ടീഷുകാര്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് ഈ ഉമ്മത്തിനെ ഒറ്റിക്കൊടുത്തവരാണോ നവോത്ഥാനത്തിന്റെ അട്ടിപ്പേറവകാശപ്പെടുന്നത്?

വഹാബി നേതാവ് സി എന്‍ അഹമ്മദ് മൗലവി തന്നെ തങ്ങള്‍ ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക, വൈജ്ഞാനിക പാരമ്പര്യം തകര്‍ത്തു കളയാന്‍ നടത്തിയ ഗൂഢാലോചനകള്‍ തുറന്ന് എഴുതുന്നത് കാണുക. ബ്രിട്ടീഷുകാര്‍ക്ക് എന്തൊക്കെ ദോഷങ്ങള്‍ ഉണ്ടെങ്കിലും അവര്‍ മികച്ച ഭരണ തന്ത്രജ്ഞരായിരുന്നു. അവര്‍ സംഗതികളുടെ മര്‍മസ്ഥാനം സൂക്ഷിച്ചു മനസ്സിലാക്കി. ഈ അറബി ഗ്രന്ഥങ്ങളും അറബി ലിപിയില്‍ എഴുതിയ ഗ്രന്ഥങ്ങളുമാണ് മാപ്പിളമാരെ ഇത്രയധികം ആവേശം കൊള്ളിക്കുന്നതെന്ന് അവര്‍ ഗ്രഹിച്ചു. പക്ഷേ, അത് തടയാനോ അതിനെതിരെ ശബ്ദമുയര്‍ത്താനോ അവര്‍ നിന്നില്ല. അത് കൂടുതല്‍ അപകടകരമാണെന്ന് ആ ഭരണ തന്ത്രജ്ഞന്മാര്‍ക്ക് അറിയാമായിരുന്നു. അവര്‍ സൂത്രത്തില്‍ മറ്റൊരു വഴിക്ക് പ്ലാനിട്ട് പ്രവര്‍ത്തിക്കാന്‍ ഗൂഢമായി തീരുമാനിച്ചു.

1921ലെ സ്വാതന്ത്ര്യ സമരത്തെ തുടര്‍ന്ന് മാപ്പിള സമുദായത്തിന്റെ നട്ടെല്ലൊടിഞ്ഞുപോയി. അപ്പോഴും മാപ്പിളമാരെ എങ്ങനെ “നന്നാക്കി’യെടുക്കാമെന്നതിനെ കുറിച്ച് ബ്രിട്ടീഷുകാരുടെ പല മണ്ഡലങ്ങളിലും ചര്‍ച്ചകളും കൂടിയാലോചനകളും നടന്നു. ഒടുവില്‍ അടിയന്തരമായി ചില തീരുമാനങ്ങളെടുത്തു. ഒന്ന്, മാപ്പിളമാര്‍ക്ക് സ്‌കൂളില്‍ വെച്ച് മതം പഠിപ്പിക്കുക. അത് മലയാള ലിപിയിലൂടെ ആയിരിക്കുക. അതിനു വേണ്ട പുസ്തകങ്ങള്‍ വിദഗ്ധന്മാരെ കൊണ്ട് തയ്യാര്‍ ചെയ്യിപ്പിക്കുക. രണ്ട്, ഈ പുസ്തകങ്ങള്‍ തയ്യാര്‍ ചെയ്ത് പ്രസിദ്ധീകരിച്ച ഇതേ കൊല്ലം തന്നെ മറ്റൊരു പ്ലാന്‍ കൂടി ഗവണ്‍മെന്റ് തയ്യാറാക്കി. “ശരിയായ മതം’ മലയാള ലിപിയിലൂടെ പഠിപ്പിക്കാന്‍ കഴിവുള്ള ഒരു മുസ്‌ലിം മതപണ്ഡിതനെ കണ്ടുപിടിക്കുക. അവസാനം കണ്ടുപിടിച്ചു. മികച്ച പണ്ഡിതനും പ്രസിദ്ധ വാഗ്മിയും ആയിരുന്ന പി എന്‍ മുഹമ്മദ് മൗലവി പുളിക്കലിനെ. (ഇദ്ദേഹം വഹാബി നേതാവായിരുന്നു- ലേ). എന്നിട്ട് മുസ്‌ലിം അധ്യാപകന്മാര്‍ക്ക് ട്രെയിനിംഗ് നല്‍കിപ്പോന്ന മലപ്പുറം ട്രെയിനിംഗ് സ്‌കൂളില്‍ അദ്ദേഹത്തെ നിയമിച്ചു.

പക്ഷേ, മാപ്പിള സമുദായത്തില്‍ വ്യാപകമായ ഒരു ചലനം സൃഷ്ടിക്കാന്‍ ഇതുമാത്രം പര്യാപ്തമല്ലെന്ന് ബ്രിട്ടീഷുകാര്‍ കണ്ടു. 1929ല്‍ മദിരാശിയില്‍ നിന്ന് ക്യാപ്റ്റന്‍ അബ്ദുല്‍ഹമീദ് സാഹിബിനെ എജ്യുക്കേഷനല്‍ ഓഫീസര്‍ ആക്കി മലബാറിലേക്ക് അയച്ചു. ഒരു പ്രത്യേക സൂത്രവും പ്രയോഗിച്ചു. വെറും അബ്ദുല്‍ ഹമീദ് എന്നല്ല, മൗലവി അബ്ദുല്‍ ഹമീദ് എന്ന പേരില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഇങ്ങോട്ട് അയച്ചത്. സുചിന്തിതമായ പ്ലാന്‍ നടപ്പാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അത് മറ്റൊന്നുമല്ല. മലബാറിലെ മുസ്‌ലിയാന്മാരെ സംഘടിപ്പിച്ചുകൊണ്ട് മലപ്പുറം ട്രെയിനിംഗ് സ്‌കൂളില്‍ “ശരിയായ മതം’ പഠിപ്പിക്കുക. അതിനു പറ്റിയ ഒരാളെ അധ്യാപകനായി നിയമിക്കുക. ചുരുക്കത്തില്‍ എന്നെയാണ് ആ പോസ്റ്റില്‍ നിയമിച്ചത്. 1931ല്‍ ക്ലാസ്സ് സംഘടിപ്പിച്ചു നോക്കുമ്പോള്‍ 25 വയസ്സുള്ള എന്റെ ഇരട്ടി പ്രായമുള്ള ശിഷ്യന്മാര്‍ പോലും ആ കൂട്ടത്തിലുണ്ട്. മുദര്‍രിസുകളും ഖാസികളും മറ്റും ആയി ജോലി ചെയ്തവര്‍. അവരോട് മല്ലിടേണ്ടിവന്ന കഥ എനിക്കിന്നും ഓര്‍ത്തുകൂടാ. (മഹത്തായ മാപ്പിള പാരമ്പര്യം, പേജ് 75, 76)

ചിന്തിക്കുക, വഹാബി മൗലവിമാരും ബ്രിട്ടീഷുകാരും ചേര്‍ന്ന് മുസ്‌ലിം സമുദായത്തിന്റെ മഹത്തായ പൈതൃകവും പാരമ്പര്യവും നശിപ്പിക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് അതില്‍ പങ്കാളിയായ സി എന്‍ അഹമ്മദ് മൗലവി തുറന്നെഴുതിയിരിക്കുന്നത്. ഗവണ്‍മെന്റ് സ്‌കൂളില്‍ ബ്രിട്ടീഷുകാര്‍ മുസ്‌ലിംകളെ “ശരിയായ മതം’ പഠിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് മൗലവി എഴുതിയത്. ആ ശരിയായ മതം വഹാബിസം ആയിരുന്നു. അത് പഠിക്കാന്‍ ആ സ്‌കൂളിലേക്ക് ഞങ്ങളില്ല എന്ന് പ്രഖ്യാപിച്ച സമുദായത്തെയാണ് ഇവര്‍ സ്‌കൂളില്‍ മക്കളെ അയക്കാത്തവര്‍, അറിവിനെതിരെ പുറം തിരിഞ്ഞു നിന്നവര്‍ എന്നെല്ലാം ആരോപിച്ചത്. ഈ ഒറ്റുകാരെ നവോത്ഥാനത്തിന്റെ അപ്പോസ്തലന്മാരെന്ന് പാടിനടക്കുന്നവരുടെ ചരിത്രബോധത്തെ ഓര്‍ത്താണ് നാം ലജ്ജിക്കേണ്ടത്.
മലയാള ഭാഷക്ക് ലിപി വരുന്നതിനു മുമ്പ് കേരളത്തില്‍ അപൂര്‍വമായി ഉപയോഗിച്ചിരുന്ന വട്ടെഴുത്തും കോലെഴുത്തും വരെ സമുദായത്തെ പഠിപ്പിച്ചിരുന്നു 1921ന് മുമ്പ് ഉണ്ടായിരുന്ന നമ്മുടെ മുന്‍ഗാമികള്‍. കെ കെ മുഹമ്മദ് അബ്ദുല്‍ കരീം എഴുതുന്നു: ആ ലിപികള്‍ മുസ്‌ലിംകളെ പഠിപ്പിക്കാന്‍ വേണ്ടി ഇവിടുത്തെ പണ്ഡിതന്മാര്‍ അറബി മലയാളത്തില്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഗവേഷണ മധ്യേ അത് ഞങ്ങള്‍ക്ക് കണ്ടുകിട്ടി. (മഹത്തായ മാപ്പിള പാരമ്പര്യം, പേജ് 42)

ഇത് മാത്രമോ? അല്ല അബ്രാനി (ഹിബ്രു), സുറിയാനി (സിറിയക്) എന്നീ ഭാഷകള്‍ കേരള മുസ്‌ലിംകളെ പഠിപ്പിക്കാന്‍ തിരുവല്ലയിലെ ഒരു സൈനുദ്ദീന്‍ മഖ്ദൂം രണ്ട് പുസ്തകങ്ങള്‍ അറബി മലയാളത്തില്‍ എഴുതി പ്രചരിപ്പിച്ചതിന്റെ കോപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. (പേജ് 42,43). വിഷലിപ്തമായ വഹാബിസം പ്രചരിപ്പിക്കുന്നതിനുള്ള മണ്ണ് ഒരുക്കാന്‍ വേണ്ടിയാണ് മഹത്തായ ഈ പൈതൃക പാരമ്പര്യമുള്ള സമുദായത്തെ അന്ധവിശ്വാസികളും അപരിഷ്‌കൃതരുമായി മുദ്രകുത്തുന്നത്. മുന്‍ഗാമികളെ ശപിക്കുന്ന ഇവര്‍ പാരമ്പര്യത്തിന്റെ പിന്തുണയില്ലാത്തവരാണ്.

---- facebook comment plugin here -----

Latest