Connect with us

Prathivaram

പെരുമാറ്റ വൈകല്യങ്ങളെ കണ്ടുപിടിക്കുക, ഇല്ലാതാക്കുക

ദമ്പതികൾക്ക് വ്യത്യസ്ത പ്രതീക്ഷകൾ ഉണ്ടെങ്കിൽ പരസ്പരം കലഹിക്കാതെ, വിയോജിക്കാതെ മുന്നോട്ടുപോകാൻ കൗൺസിലർക്ക് സഹായിക്കാനാകും.

Published

|

Last Updated

തങ്ങളിൽ അന്തർലീനമായിട്ടുള്ള, തനിക്ക് തന്നെ മനസ്സിലാകാത്ത ആധിപത്യ സ്വഭാവം, സ്വാർഥത, പങ്കാളിയുടെ നിയന്ത്രിക്കുന്ന സ്വഭാവരീതി, ആസക്തി, അക്രമപ്രവണത എന്നിവ കണ്ടുപിടിക്കുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതും ഈ തെറാപ്പിയിൽ ഉൾപ്പെടുന്നു.
ആരോഗ്യകരമായ ദാമ്പത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഫലപ്രദമായ ആശയവിനിമയം. പരസ്പരം മനസ്സ് തുറന്ന് എങ്ങനെ സംസാരിക്കാമെന്നും പങ്കാളിയുടെ ചിന്തകളെ എങ്ങനെ മനസ്സിലാക്കാമെന്നും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ ആരോഗ്യപരമായി എങ്ങനെ പിന്തുണക്കാമെന്നും ഇത്തരം തെറാപ്പിയിലൂടെ പരിശീലനം നൽകുന്നു.

ദമ്പതികൾ എങ്ങനെ ആശയവിനിമയം നടത്തും?

സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ പങ്കാളിയിൽ അടിച്ചേൽപ്പിക്കുന്നുണ്ടോ? പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾ തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടോ? അതിന് എത്രമാത്രം വില കൽപ്പിക്കുന്നുണ്ട്? ആശയങ്ങൾ പ്രകടിപ്പിക്കുമ്പോൾ വികാരാധീനയാകുന്നുണ്ടോ? അക്രമ സ്വഭാവത്തിലേക്ക് നീങ്ങുന്നുണ്ടോ? പ്രശ്‌നങ്ങൾ ചർച്ച ചെയ്യുമ്പോൾ യോജിച്ച് പോകാൻ പറ്റാത്ത രീതിയിൽ കാര്യങ്ങൾ പോകുന്നുണ്ടോ? ആശയ വിനിമയശേഷി എങ്ങനെ കാര്യക്ഷമമാക്കാം? എന്നീ കാര്യങ്ങളും വിവാഹപൂർവ കൗൺസലിംഗിലെ പ്രധാന ഘടകങ്ങളാണ്.

ദാമ്പത്യബന്ധത്തിന്റെ ശക്തി തിരിച്ചറിയുക

വിവാഹബന്ധത്തെ അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്ന ഒരു ചാലകശക്തി ഓരോ പങ്കാളിയിലും ഉണ്ടായിരിക്കും. ഈ ശക്തി തിരിച്ചറിയുന്നതും ദൃഢപ്പെടുത്തുന്നതും വിവാഹബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ ഒരു അടിത്തറ ഉണ്ടാക്കിയെടുക്കാൻ സഹായിക്കും. വൈകാരിക ഒറ്റപ്പെടലും പരസ്പരം പഴിപറയുന്നതും ഒഴിവാക്കാം. പലർക്കും അവരുടെ വികാരങ്ങൾ ആരോഗ്യപരമായി, മറ്റുള്ളവരെ വിഷമിപ്പിക്കാതെ പ്രകടിപ്പിക്കാൻ പ്രയാസമാണ്. വികാരങ്ങൾ അടക്കിപ്പിടിച്ചു വെക്കുന്നത് പലപ്പോഴും ഒരു പൊട്ടിത്തെറിയിലാണ് കലാശിക്കുക. മാത്രമല്ല, വികാരങ്ങൾ അമർത്തിവെക്കുന്നത് ഒറ്റപ്പെടലിലേക്കും വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തയിലേക്കും നയിച്ചേക്കാം. ഇത് ദാമ്പത്യത്തെ ഗുരുതരപ്രശ്‌നങ്ങളിലേക്ക് തള്ളിവിടുന്നു. വിവാഹപൂർവ കൗൺസലിംഗിൽ വികാരങ്ങളെ നിയന്ത്രിക്കാനും ആരോഗ്യപരമായി പ്രകടിപ്പിക്കാനുമുള്ള പരിശീലനം നൽകുന്നു.
പങ്കാളികളുടെ ഇടയിലുള്ള പൊരുത്തക്കേടുകൾ എന്താണ്, പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണകൾ എന്താണ്, എന്തെല്ലാം പ്രശ്‌നങ്ങളിലാണ് അവർ യോജിക്കുന്നതും വിയോജിക്കുന്നതും. വിയോജിക്കുന്ന പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ പരസ്പര ധാരണയോടെ നിബന്ധനകൾ പാലിച്ച് മുന്നോട്ടുപോകാനുള്ള കഴിവ് എങ്ങനെ മെച്ചപ്പെടുത്താം എന്നിവ വിവാഹപൂർവ കൗൺസിലിംഗിൽ ചർച്ച ചെയ്യപ്പെടുന്നു.

ദാമ്പത്യ പ്രതീക്ഷകളും വിശ്വാസവും

ഓരോ പങ്കാളിയും വിവാഹബന്ധത്തിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കണം. വിജയകരമായ ദാമ്പത്യമെന്നതിനെക്കുറിച്ച് വ്യത്യസ്തമായ പ്രതീക്ഷകളോടെ ചിലർ വിവാഹബന്ധത്തിൽ ഏർപ്പെടുന്നു. വിവാഹശേഷം ഈ പ്രതീക്ഷകൾ തകരുന്നത് ദാമ്പത്യത്തിൽ വിള്ളലുണ്ടാക്കുന്നു. ഇത്തരത്തിലുള്ള പ്രതീക്ഷകൾ ചർച്ച ചെയ്യാനും പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യാനും വിവാഹപൂർവ കൗൺസലിംഗ് ആവശ്യമാണ്.

വ്യക്തിഗത മൂല്യങ്ങൾ

പങ്കാളികൾക്ക് സമാനമായ കാഴ്ചപ്പാടുകളും ആശയങ്ങളും ജീവിത മൂല്യങ്ങളും ഉണ്ടെങ്കിൽ ബന്ധം സുഖകരമായിരിക്കും. വ്യത്യസ്ത മൂല്യങ്ങൾ ഉണ്ടെങ്കിൽ പരസ്പരം എങ്ങനെ അഡ്ജസ്റ്റ് ചെയ്യണം എന്നതും വിവാഹപൂർവ കൗൺസലിംഗിൽ ചർച്ച ചെയ്യപ്പെടുന്നു.

സാമ്പത്തിക പ്ലാനിംഗ് / കുടുംബ ബജറ്റ്

കുടുംബ ചെലവും ബജറ്റും സംബന്ധിച്ച പ്രശ്‌നങ്ങളാണ് പലപ്പോഴും ദാമ്പത്യബന്ധത്തിൽ ഉലച്ചിൽ ഉണ്ടാക്കുന്നത്. പങ്കാളികളുടെ സാമ്പത്തിക ശൈലി നിർണയിക്കുന്നതിനും പരസ്പര ധാരണയോടെ മുന്നോട്ട് പോകുന്നതിനും ഈ കൗൺസലിംഗ് സഹായിക്കും.

കുടുംബം / കുട്ടികൾ

രണ്ട് പങ്കാളികളും കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നുവോ, എത്ര കുട്ടികൾ വേണം, ഒരു കുടുംബം ആരംഭിക്കാനുള്ള അനുയോജ്യമായ സമയം എപ്പോഴാണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിവാഹപൂർവ കൗൺസലിംഗിൽ ചർച്ച ചെയ്ത് പരിഹരിക്കപ്പെടുന്നതിലൂടെ വിവാഹശേഷം ഉണ്ടാകാൻ ഇടയുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ കഴിയും.

പങ്കാളിയുടെ ജോലി

പങ്കാളിക്ക് ജോലി ചെയ്യാൻ താത്പര്യമുണ്ടോ, ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം കൊടുക്കുമോ, സാമ്പത്തിക ക്രയവിക്രയങ്ങളിൽ സ്വാതന്ത്ര്യം കൊടുക്കുമോ എന്നുള്ള കാര്യങ്ങൾ വിശദമായി പങ്കാളിയിൽനിന്നും വിവാഹത്തിന് മുമ്പേതന്നെ മനസ്സിലാക്കിയെടുക്കേണ്ടതാണ്.

ലൈംഗിക താത്പര്യങ്ങൾ

പങ്കാളിയോടുള്ള അടുപ്പവും ലൈംഗികതയും കണക്കിലെടുത്ത് അവരുടെ ലൈംഗിക രീതികളും, ലൈംഗിക വൈകൃതങ്ങളും, താത്്പര്യങ്ങളും, ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത, ലൈംഗികശേഷിക്കുറവ് എന്നിവ മനസ്സിലാക്കിയാൽ വിവാഹശേഷം സംഭവിക്കാൻ സാധ്യതയുള്ള പൊരുത്തക്കേടുകൾ ഒഴിവാക്കാനാകും. ലൈംഗികതയെക്കുറിച്ച് പങ്കാളിയുമായി ചർച്ച ചെയ്യുമ്പോൾ ഇരുവരും ഒരുപോലെ സ്വസ്ഥരാണോ അതോ അസ്വസ്ഥരാണോ എന്ന് മനസ്സിലാക്കണം. ഇവയെക്കുറിച്ച് മനസ്സ് തുറന്ന് ചർച്ച ചെയ്യാനുള്ള കഴിവ് വിജയകരമായ ദാമ്പത്യത്തിലേക്ക് നയിക്കുന്നു.

വിവാഹേതര ബന്ധങ്ങൾ

വിവാഹ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ് വിവാഹേതര ബന്ധങ്ങൾ. ഇത്തരം ബന്ധങ്ങൾ തുടർന്നുകൊണ്ട് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത് അപകടമാണ്. ഇത്തരം ബന്ധങ്ങൾ ലൈംഗിക സംതൃപ്തിക്ക് വേണ്ടിയാണോ, വൈകാരിക സംതൃപ്തിക്ക് വേണ്ടിയാണോ, സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണോ എന്ന് തിരിച്ചറിയണം. ഇത്തരം ബന്ധങ്ങൾക്ക് കാരണമായ സാഹചര്യങ്ങൾ കൂടി വിലയിരുത്തിക്കൊണ്ട് പരിഹാരനടപടികളിലേക്ക് നീങ്ങണം.

പ്രശ്‌നങ്ങൾ നേരത്തേ തിരിച്ചറിയുന്നു

വിവാഹപൂർവ തെറാപ്പി ദമ്പതികളുടെ പ്രതീക്ഷകളും ഇഷ്ടാനിഷ്ടങ്ങളും മാനസിക വ്യക്തിത്വ വൈകല്യങ്ങളും പ്രശ്‌നങ്ങളും ലഹരി ഉപയോഗവും നേരത്തെ തിരിച്ചറിയുന്നതിനും ഉണ്ടെങ്കിൽ പരിഹാര നടപടികൾ ആവിഷ്‌കരിക്കുന്നതിനും തുടർന്ന് ദാമ്പത്യ ജീവിതം സുഗമമായി മുന്നോട്ട് പോകുന്നതിനും സഹായിക്കുന്നു.

Latest