Kerala
ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ആശ്വാസം
മന്ത്രിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും ഗൂഢാലോചന നടത്തിയ തെളിവും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല.
കണ്ണൂര്‍| ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിനുള്ള തെളിവ് കണ്ടെത്താനാകാതെ പോലീസ്.
മന്ത്രിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും ഗൂഢാലോചന നടത്തിയ തെളിവും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. റെയില്‍വേ സ്റ്റേഷനിലും കറുത്ത തുണി വാങ്ങിയ വ്യാപാര സ്ഥാപനത്തിലുമാണ് പോലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്. പിന്നാലെ പ്രതികളെ ജയിലിലേക്ക് തന്നെ മാറ്റി.
ആരോഗ്യമന്ത്രിയെ അക്രമിച്ചെന്ന പരാതിയില്‍ അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. കെ എസ് യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. എം സി അതുല്‍, സി എച് മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരായിരുന്നു അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു കെ എസ് യുവിന്റെ പ്രതിഷേധം ഉണ്ടായത്. പോലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മന്ത്രിയുടെ കഴുത്തിനാണ് പരുക്കേറ്റത്.




