Connect with us

Organisation

ഐ സി എഫ് ജിദ്ദ സെന്‍ട്രല്‍ 'സ്‌നേഹത്തണലില്‍ നാട്ടോര്‍മകളില്‍' സമാപിച്ചു

'സ്‌നേഹ കേരളം, പ്രവാസത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ ജിദ്ദ സെന്‍ട്രല്‍ സംഘടിപ്പിച്ച ''സ്‌നേഹത്തണലില്‍ നാട്ടോര്‍മകളില്‍'' വിര്‍ച്വല്‍ കോണ്‍ഫറന്‍സ് ശ്രദ്ധേയമായി.

Published

|

Last Updated

ജിദ്ദ | ‘സ്‌നേഹ കേരളം, പ്രവാസത്തിന്റെ കരുതല്‍’ എന്ന പ്രമേയത്തില്‍ ഐ സി എഫ് പ്രഖ്യാപിച്ച കാമ്പയിനിന്റെ ഭാഗമായി ജിദ്ദ സെന്‍ട്രല്‍ സംഘടിപ്പിച്ച ”സ്‌നേഹത്തണലില്‍ നാട്ടോര്‍മകളില്‍” വിര്‍ച്വല്‍ കോണ്‍ഫറന്‍സ് ശ്രദ്ധേയമായി. സ്‌നേഹ സമ്പന്നമായ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം വീണ്ടെടുക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളില്‍ പ്രവാസികളുടെ മുന്‍കൈയില്‍ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി വിവിധ തലങ്ങളില്‍ നടക്കുന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

‘സ്‌നേഹ കേരളം, ആശങ്കയുണ്ടോ ? പരിഹാരങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന സൗഹൃദ സംഗമം മുന്‍ ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പരസ്പരം സ്‌നേഹിക്കുകയും ഒരുമിച്ച് നില്‍ക്കുകയും മനുഷ്യ സാഹോദര്യത്തിന് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുകയും വേണമെന്നും അന്യന്റെ ദുഃഖത്തില്‍ അലിയുന്ന ഒരു മനസ്സ് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ഐ സി എഫ് തിരുവനന്തപുരം ആര്‍ സി സിക്കടുത്ത് സഥാപിച്ച സാന്ത്വന കേന്ദ്രം അടക്കമുള്ള ജീവ കാരുണ്യ സേവന സ്ഥാപനങ്ങള്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും ചെന്നിത്തല പറഞ്ഞു.

ഐ സി എഫ് സൗദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് അല്‍ ബുഖാരി പ്രാര്‍ഥന നടത്തി. ഐ സി എഫ് ജിദ്ദ സെന്‍ട്രല്‍ പ്രസിഡന്റ് ഹസ്സന്‍ സഖാഫി കണ്ണൂരിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി സി കെ മുഹമ്മദ് ഫാറൂഖ്
മാസ്റ്റര്‍ വിഷയാവതരണം നടത്തി. റഫീഖ് പത്തനാപുരം (നവോദയ), മായിന്‍കുട്ടി (മലയാളം ന്യൂസ്), സഫറുല്ല (ഒ ഐ സി സി), അബൂബക്കര്‍ അരിമ്പ്ര (കെ എം സി സി) പരിപാടിയില്‍ പ്രസംഗിച്ചു.

ഐ സി എഫ് പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. ഐ സി എഫ് സെന്‍ട്രല്‍ സംഘടനാ പ്രസിഡന്റ് യഹ്യ ഖലീല്‍ നൂറാനി മോഡറേറ്ററായിരുന്നു. സെന്‍ട്രല്‍ അഡ്മിന്‍ സെക്രട്ടറി മന്‍സൂര്‍ മാസ്റ്റര്‍ മണ്ണാര്‍ക്കാട് സ്വാഗതവും സംഘടനാ സെക്രട്ടറി ഹനീഫ പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു. ഐ സി എഫ് നാഷണല്‍ അഡ്മിന്‍ സെക്രട്ടറി മുഹമ്മദ് അലി വേങ്ങര, നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം അബ്ദുറഹീം വണ്ടൂര്‍, മക്ക പ്രൊവിന്‍സ് നേതാക്കളായ ഖലീല്‍ നഈമി, ബഷീര്‍ മാസ്റ്റര്‍ പറവൂര്‍, മുഹമ്മദ് സഖാഫി ഉഗ്രപുരം, അഷ്റഫ് പേങ്ങാട്, ജിദ്ദ സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

 

Latest