Connect with us

National

ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രയിലെത്തും, നാളെ ഒഡീഷയില്‍; സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയില്‍

ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച ഒഡീഷയിലെ പുരിയിലാകും ജവാദ് പൂര്‍ണമായും തീരം തൊടുക. ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍, ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ ഈ മൂന്ന് ജില്ലകളിലും വിന്യസിച്ചിട്ടുണ്ട്.

തമിഴ്‌നാടിന്റെ തീരദേശ ജില്ലകളായ കന്യാകുമാരി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഈറോഡ്, സേലം, നാമക്കല്‍, തിരുപ്പൂര്‍ ജില്ലകളില്‍ ഞായറാഴ്ച മഴയുണ്ടാകും. ഒറ്റപ്പെട്ട കനത്ത മഴയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിട്ടുള്ളത്.

പശ്ചിമ ബംഗാളിന്റെ തെക്കന്‍ ഭാഗത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ജവാദ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി തീരപ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ടീമുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കോസ്റ്റ് ഗാര്‍ഡിന് നല്‍കിയിട്ടുണ്ട്. നൂറുകണക്കിന് മത്സ്യബന്ധന ബോട്ടുകളെ ഹാര്‍ബറുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിച്ചെന്നും പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.