National
പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി; രക്തം വാര്‍ന്ന് ബൈക്ക് യാത്രികന് ദാരുണാന്ത്യം
സഞ്ജു, മകളെ ഫോണില്‍ വിളിച്ച് അപകടം സംഭവിച്ചത് അറിയിച്ചിരുന്നു
ബെംഗുളുരു | പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു. കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ തലമഡഗി പാലത്തിനടുത്തുള്ള റോഡിലായിരുന്നു സംഭവം.സഞ്ജു കുമാര്‍ ഹൊസമാണി(48) ആണ് മരിച്ചത്. ബൈക്കില്‍ വരവെ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. സഞ്ജു, മകളെ ഫോണില്‍ വിളിച്ച് അപകടം സംഭവിച്ചത് അറിയിച്ചിരുന്നു. തുടര്‍ന്ന് രക്തം വാര്‍ന്നാണ് മരിച്ചത്.സംഭവം കണ്ട ഒരു വഴിയാത്രക്കാരന്‍ സഞ്ജു കുമാറിന്റെ മുറിവില്‍ തുണി അമര്‍ത്തി രക്തസ്രാവം തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചു. എന്നാല്‍ വാഹനം എത്തിയപ്പോഴേക്കും സഞ്ജു കുമാര്‍ മരിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍, പട്ടം പറത്തുന്ന നൈലോണ്‍ ചരടുകള്‍ ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജു കുമാറിന്റെ ബന്ധുക്കളും നാട്ടുകാരും അപകട സ്ഥലത്ത് പ്രതിഷേധിച്ചു.
സംഭവത്തില്‍ മന്ന എഖെല്ലി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു



