International
ഇറാനിലെ ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ എംബസി
ഇറാനില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്
തെഹ്‌റാന്‍ | ഇറാനിലെ ഇന്ത്യക്കാരോട് ലഭിക്കുന്ന വാഹന സൗകര്യം ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി. ഇറാനില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ്. ഇറാനിലുള്ള ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, സഞ്ചാരികള്‍, വ്യവസായികള്‍ എന്നിവരോടാണ് വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാകുന്ന ഏതെങ്കിലും വാഹന സൗകര്യമുപയോഗിച്ച് രാജ്യം വിടാന്‍ എംബസി നിര്‍ദേശിച്ചത്.
ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങള്‍ നടക്കുന്ന പ്രദേശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും ഇന്ത്യന്‍ എംബസിയുടെയും പ്രാദേശിക മാധ്യമങ്ങളുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.
എല്ലാ ഇന്ത്യക്കാരും പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള യാത്രാ-ഇമിഗ്രേഷന്‍ രേഖകള്‍ എല്ലായ്പ്പോഴും കൈവശം സൂക്ഷിക്കണമെന്നും, ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ ഉടന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യന്‍ എംബസിയുടെ അടിയന്തര കോണ്‍ടാക്റ്റ് ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍:+989128109115, +989128109109, +989128109102, +989932179359,cons.tehran@mea.gov.in
ഇതുവരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇന്ത്യക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും, ഇറാനില്‍ ഇന്റര്‍നെറ്റ് ലഭ്യത തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ കുടുംബാംഗങ്ങള്‍ക്ക് അവരുടെ പേരില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാമെന്നും എംബസി അറിയിച്ചു.



