Kerala
ഐഷ പോറ്റിക്ക് പിന്നാലെ സി കെ പി പത്മനാഭനും കോണ്‍ഗ്രസിലേക്കോ? കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍
തന്റെ പേരിലുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 15 പ്രാവശ്യം പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.
കണ്ണൂര്‍ | സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗം സി കെ പി പത്മനാഭനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി . സി കെ പിയെ കോണ്‍ഗ്രസിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.
2006 മുതല്‍ 2011 വരെ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നും നിയമസഭയില്‍ അംഗമായിരുന്ന സികെപി പത്മനാഭന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായിരുന്നു. കിസാന്‍ സഭ കേന്ദ്ര കമ്മിറ്റി അംഗവും കേരള കര്‍ഷക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായിരിക്കെ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് 2011 സെപ്റ്റംബര്‍ 18ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.
പിന്നീട് മാടായി ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ സമ്മേളനത്തില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.കര്‍ഷക സംഘത്തിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് പത്മനാഭന്‍ സംഘടനയുടെ അക്കൗണ്ടില്‍ നിന്നു 20 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഇത്രയും വലിയ തുക ഒരിക്കലും താന്‍ കൈകാര്യം ചെയ്തിട്ടില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമായിരുന്നു വിശദീകരണം. തന്റെ പേരിലുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 15 പ്രാവശ്യം പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല.
സിപിഎം മുന്‍ എംഎല്‍എ ഐഷ പോറ്റി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലെത്തുമെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു




