Connect with us

Kerala

അതിജീവിതനൊപ്പം; രാഹുലിനെ പിന്തുണച്ചതില്‍ ശ്രീനാദേവിയോട് വിശദീകരണം തേടി കോണ്‍ഗ്രസ്

മറുപടി തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിക്ക് വിധേയയാകേണ്ടിവരുമെന്ന് വിശദീകരണ നോട്ടീസില്‍ പറത്തിട്ടുള്ളതായും ഡി സി സി പ്രസിഡന്റ്

Published

|

Last Updated

പത്തനംതിട്ട |  ലൈംഗീക പീഡന കേസില്‍ അറസ്റ്റിലായ പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് ശ്രീനാദേവി കുഞ്ഞമ്മയോട് വിശദീകരണം തേടി കോണ്‍ഗ്രസ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായി അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. എന്നാല്‍ രാഹുലിനെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി ശ്രീനാദേവി കുഞ്ഞമ്മ അഭിപ്രായങ്ങള്‍ പ്രചരിപ്പിച്ചത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും അവമതിപ്പും ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിന്‍ പ്രസ്താവന നടത്തുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് നേരിട്ടോ രേഖാമൂലമോ വിശദീകരണം നല്‍കണമെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പത്തനംതിട്ട ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

മറുപടി തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടിക്ക് വിധേയയാകേണ്ടിവരുമെന്ന് വിശദീകരണ നോട്ടീസില്‍ പറത്തിട്ടുള്ളതായും ഡി സി സി പ്രസിഡന്റ് പറഞ്ഞു. ഇതു സംബന്ധിച്ച് കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ വിവരങ്ങള്‍ ആരാഞ്ഞതായും ഡി സി സി പ്രസിഡന്റ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് ലൈവിലൂടെയാണ് ശ്രീനാദേവി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കിയത്. അതിജീവിതയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും താന്‍ അദ്ദേഹത്തോടൊപ്പമാണ്. രാഹുലിനെതിരെ ഉയര്‍ന്ന പല പരാതികളിലും സംശയമുണ്ട്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. പുതിയ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് പറയുന്നു, അതില്‍ വേദനയുണ്ട്. എന്നാല്‍ പീഡനത്തിന് ശേഷം പ്രതിക്ക് ചെരുപ്പ് വാങ്ങി നല്‍കുകയും ഫ്ളാറ്റ് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേ? സ്ത്രീകള്‍ കുടുംബ ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിവാഹിതരാണെങ്കില്‍ ആ ബന്ധത്തിന് കൂടുതല്‍ വില കല്‍പ്പിക്കണമെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണെന്ന് ശ്രീനാദേവി വ്യക്തമാക്കി. മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. കുടുംബം ഒരാള്‍ക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാല്‍ രണ്ടാള്‍ക്കും ഒരേ പരിഗണന ലഭിക്കുന്നില്ല. അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതിനാലാകാം പോലീസ് രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സത്യം പുറത്തുവരുന്നത് വരെ രാഹുല്‍ ക്രൂശിക്കപ്പെടാന്‍ പാടില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ കൂട്ടിച്ചേര്‍ത്തിരുന്നു. എ ഐ വൈ എഫ് സംസ്ഥാന സമിതിയംഗമായിരുന്ന ശ്രീനാദേവി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സി പി ഐയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയത്്. ശ്രീനാദേവി കുഞ്ഞമ്മ നിലവില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണാണ്

 

Latest