Kerala
ഒരു മുന്നണിയുടെ ഭാഗമായ കക്ഷിയെ പിടിച്ചുകൊണ്ടു വരുന്നത് ശരിയല്ല; ജോസ് കെ മാണി വിഭാഗവുമായുള്ള ചര്‍ച്ച താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ മാത്രം: രമേശ് ചെന്നിത്തല
യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നത് പാര്‍ട്ടികളെ ചാക്കിട്ട് പിടിക്കാനല്ലെന്നും മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാനാണെന്നും ചെന്നിത്തല
തിരുവനന്തപുരം | സംസ്ഥാനത്ത് ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രമേശ് ചെന്നിത്തല.യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നത് പാര്‍ട്ടികളെ ചാക്കിട്ട് പിടിക്കാനല്ലെന്നും മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ആര്‍ജിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.
അതേ സമയം നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന ഒരു കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ല എന്ന് അദ്ദേഹം വ്യക്തമാക്കി,. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ തുടരുമെന്നാണ് പറയുന്നത്, അവര്‍ മുന്നണി വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ മാത്രമേ യുഡിഎഫില്‍ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു
മുന്‍ എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ ചെന്നിത്തല സ്വാഗതം ചെയ്തു. താന്‍ ചേര്‍ന്ന പഴയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല ഇന്നത്തെ പാര്‍ട്ടിയെന്ന് അവര്‍ പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്ന അപജയങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്. അധികാരമോഹം കൊണ്ടല്ല, മറിച്ച് പാര്‍ട്ടിയിലെ അവഗണനയും പ്രശ്നങ്ങളും കാരണമാണ് അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും ഇനിയും കൂടുതല്‍ ആളുകള്‍ ഇടതുപക്ഷം വിട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു
വയനാട്ടിലെ പ്രളയ ദുരിതബാധിതര്‍ക്കായി കെപിസിസി വാങ്ങിയ ഭൂമി ആനത്താരയാണെന്ന ആരോപണം ചെന്നിത്തല തള്ളി. വയനാട്ടില്‍ വന്യമൃഗസാന്നിധ്യമില്ലാത്ത സ്ഥലങ്ങള്‍ കുറവാണെന്നും, പാര്‍ട്ടി വാങ്ങിയ സ്ഥലം വാസയോഗ്യമാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി



