Connect with us

Web Special

ഭൂമി തുരന്നും മേച്ചിൽപുറങ്ങൾ ഏറ്റെടുത്തും വമ്പൻ പദ്ധതികൾ; ജനരോഷച്ചൂടിൽ ലഡാക്ക്

മേഖലയില്‍, പ്രത്യേകിച്ച് യുവജനതക്കിടയില്‍ ഇത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. വന്‍കിട പദ്ധതികള്‍ കാരണം ഹിമാലയ മേഖലയായ ലഡാക്ക് മറ്റൊരു ജോഷിമഠ് ആകുമോയെന്ന ആധിയും ഇവര്‍ക്കുണ്ട്.

Published

|

Last Updated

ലേ | കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക്‌സിന്റെ ജനുവരിയിലെ പഞ്ചദിന പരിസ്ഥിതി സത്യഗ്രഹം പ്രതിഷേധത്തിന് വലിയ ആത്മവിശ്വാസം പകര്‍ന്നു. ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം ആറ് ലഡാക്കിന് ബാധകമാക്കണമെന്നതാണ് കാതലായ ആവശ്യം. അങ്ങനെ വന്നാല്‍, ഗോത്ര ഭൂരിപക്ഷ മേഖലക്ക് സ്വയംഭരണാധികാരം ലഭിക്കും. 2019ല്‍ ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കിയതിന് ശേഷം വിവിധ വികസന പദ്ധതികള്‍ക്ക് കേന്ദ്രം പച്ചക്കൊടിയുയര്‍ത്തിയതും പ്രതിഷേധത്തിന് പ്രധാന കാരണമാണ്.

കശ്മീർ വിഭജന ആഘോഷം അതിവേഗം നിരാശയിലേക്ക്

2019 വരെയുള്ള നാല് വര്‍ഷത്തില്‍ പൊതു, സ്വകാര്യ കമ്പനികളുമായി നാല് ധാരണാപത്രത്തിലാണ് ഭരണകൂടം ഒപ്പുവെച്ചത്. ഒരു വര്‍ഷം ശരാശരി ഒന്ന് എന്ന നിലക്കാണിത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം മാത്രം ചുരുങ്ങിയത് പത്ത് ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്. പുഗാ വാലിയില്‍ രാജ്യത്തെ ആദ്യ ജിയോതെര്‍മല്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷനുമായുള്ള കരാര്‍ ഉള്‍പ്പെടെയാണിത്. ലേയില്‍ നിന്ന് 170 കി മീ അകലെയാണ് പുഗ വാലി സ്ഥിതി ചെയ്യുന്നത്. ചൂടുനീരുറവകള്‍ക്ക് പേരുകേട്ട സ്ഥലമാണിത്. ഭൂമിയില്‍ 500 മീറ്റര്‍ വരെ തുരന്ന്, പ്രകൃത്യായുള്ള ചൂടുനീരുറവയിലെത്തി അവയുടെ ആവി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. രാജ്യത്തെ ആദ്യ ഹരിത ഹൈഡ്രജന്‍ യൂനിറ്റ് സ്ഥാപിക്കാന്‍ നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനുമായി മറ്റൊരു കരാറും ഒപ്പുവെച്ചിട്ടുണ്ട്. വെള്ളത്തെ വൈദ്യുതിവിശ്ലേഷണത്തിലൂടെ ഹൈഡ്രജനും ഓക്‌സിജനുമാക്കി വിഘടിപ്പിക്കുന്ന രീതിയാണ് അവലംബിക്കുക. പുതുക്കാവുന്ന ഊര്‍ജമാണ് ഇതിനായി ഉപയോഗിക്കുക. ഇവിടെ ഉത്പാദിപ്പിക്കുന്ന ഹൈഡ്രജന്‍ ഉപയോഗിച്ച് ലേയില്‍ ഉടനീളം അഞ്ച് ഹൈഡ്രജന്‍ ബസുകള്‍ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷ. സിന്ധു നദിയിലും പോഷക നദികളിലും ഏഴ് ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ധാരണാപത്രങ്ങള്‍ക്ക് പുറമെ സൗരോര്‍ജ പദ്ധതികള്‍ക്ക് വേണ്ടി ബിഡുകളും ക്ഷണിച്ചിട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ നിര്‍മിക്കുന്നതിന് 157 ഹെക്ടര്‍ വന ഭൂമി വിട്ടുകിട്ടാന്‍ ലഡാക് പവര്‍ ഡെവലപ്‌മെന്റ് വകുപ്പ് അനുമതി തേടിയിട്ടുമുണ്ട്.

2005- 2010 കാലത്ത് ലഡാക്കില്‍ പ്രവര്‍ത്തനം നടത്താന്‍ ഒരു സ്വകാര്യ കമ്പനി പോലും ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിനെ സമീപിച്ചിട്ടില്ലെന്ന് അക്കാലത്ത് കൗണ്‍സില്‍ അംഗമായിരുന്ന സെറിംഗ് ദോയെ ലാക്‌റൂക് പറയുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ മാത്രമായിരുന്നു എല്ലാം. മേഖലയുടെ വികസനത്തന് ലഡാക്കിന് വലിയ സ്വയംഭരണാധികാരം നല്‍കുന്ന കൗണ്‍സില്‍ 1995ലാണ് രൂപീകൃതമായത്. എന്നാല്‍, പദ്ധതികള്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാറിന്റെ അനുമതി അനിവാര്യമായിരുന്നു. പലപ്പോഴും കശ്മീര്‍ സര്‍ക്കാര്‍ ലഡാക്കിനെ അവഗണിക്കുകയും ചെയ്തു. മേഖലയുടെ ആവശ്യങ്ങള്‍ അവഗണിച്ചു. സംസ്ഥാന ഉദ്യോഗസ്ഥ സംവിധാനത്തില്‍ മതിയായ പ്രാതിനിധ്യം ഇല്ലായെന്ന നിലപാടിലായിരുന്നു അവര്‍. 2019 ആഗസ്റ്റില്‍ ഭരണഘടനാ അനുച്ഛേദം 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചപ്പോള്‍ ആഘോഷിച്ചവരാണ് ലഡാക്കുകാര്‍. എന്നാല്‍, കേവലം മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ അത് നിരാശക്ക് വഴിമാറി. ലഡാക്കിന് സ്വന്തം നിയമസഭയോ ആറാം അനുച്ഛേദം അനുസരിച്ചുള്ള പദവിയോ ലഭിച്ചില്ല. ഇതിന് പകരം നിരവധി വന്‍കിട പദ്ധതികള്‍ക്ക് അനുമതി നല്‍കുകയാണ് കേന്ദ്രം ചെയ്തത്. മേഖലയില്‍, പ്രത്യേകിച്ച് യുവജനതക്കിടയില്‍ ഇത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. വന്‍കിട പദ്ധതികള്‍ കാരണം ഹിമാലയ മേഖലയായ ലഡാക്ക് മറ്റൊരു ജോഷിമഠ് ആകുമോയെന്ന ആധിയും ഇവര്‍ക്കുണ്ട്.

ജനസംഖ്യ മൂന്ന് ലക്ഷം, വിനോദസഞ്ചാരികൾ നാല് ലക്ഷം

സൗരോര്‍ജ പദ്ധതി അടക്കമുള്ളവക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കിഴക്കന്‍ ലഡാക്കിലാണ് 13 ജിഗവാട്ട് സോളാര്‍ പദ്ധതി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. നാടോടി ഇടയന്മാരുടെ പുല്‍മേടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ നാടോടി ഇടയന്മാര്‍ പ്രതിസന്ധിയിലാകും. ലേയില്‍ നിന്ന് 180 കി മീ അകലെ പാംഗ് ഗ്രാമത്തില്‍ നിര്‍മിക്കുന്ന സോളാര്‍ പദ്ധതിക്ക് 20,000 ഏക്കര്‍ ഭൂമിയാണ് വേണ്ടത്. ഈ പദ്ധതിയുടെ ഭാഗമായി ഇടയന്മാര്‍ക്ക് ജോലി നല്‍കാമെന്ന വാഗ്ദാനമാണ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍, തൊഴിലാളി എന്ന നിലക്കുള്ള ജോലിയേ ഇവര്‍ക്ക് ലഭിക്കൂ. അതോടെ അവരുടെ ജീവിതം പൂര്‍ണമായും നശിക്കും. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ഉയരുന്നില്ല. മേഖലയിലെ ഭൂമിയുടെ ഉപയോഗം മാറുക, സൗര പാനല്‍ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ അടക്കമുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഇതിലൂടെയുണ്ടാകുക. മാത്രമല്ല, തിബറ്റന്‍ കലമാനുകളുടെ ആവാസകേന്ദ്രം കൂടിയാണിത്. നിലവില്‍ വംശനാശം നേരിടുന്നുണ്ട് ഇവ. മേയാനുള്ള ഭൂമി മറ്റ് ആവശ്യത്തിന് ഉപയോഗിച്ചാല്‍ ഇവ വളരെ വേഗത്തില്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകും. പഷ്മിന/ കശ്മീരി ആടുകള്‍ക്കും ഈ പുല്‍മേടുകള്‍ പ്രധാനമാണ്. പ്രശസ്തമായ പഷ്മിന ഷോളുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് ഈ ആടുകളുടെ തൊലിയാണ്. ഒ എന്‍ ജിയുടെ ജിയോതെര്‍മല്‍ പദ്ധതി നടക്കുന്ന പുഗ വാലിയില്‍ ജിയോതെര്‍മല്‍ ദ്രാവകം ചോര്‍ന്ന് നദി മലിനമായിട്ടുണ്ട്.

അനിയന്ത്രിത ടൂറിസം മറ്റൊരു പ്രധാന വെല്ലുവിളിയാകുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ 2020-21ന് ശേഷം ഒറ്റ സീസണില്‍ നാല് പക്ഷം പേരാണ് ലഡാക്ക് സന്ദര്‍ശിച്ചത്. ലഡാക്കിലെ ആകെ ജനസംഖ്യ മൂന്ന് ലക്ഷമാണെന്ന് ഓര്‍ക്കണം. ഇത്രയധികം ആളുകളെ വഹിക്കാനുള്ള ശേഷി ലഡാക്കിന്റെ പരിസ്ഥിതിക്കില്ല. 2021 നവംബറില്‍ ഉദ്ഘാടനം ചെയ്ത ലോകത്തെ ഏറ്റവും ഉയരം കൂടിയ ഡ്രൈവ് ചെയ്യാവുന്ന ഉംലിംഗ് റോഡ്, ലേ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ എന്നിവയുടെ വരവോടെ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പ്രശസ്തമായ പാംഗോംഗ് തടാകത്തിന്റെ തീരഭൂമിയിലൂടെ വാഹനം ഓടിച്ചുപോകുന്നത് പ്രകൃതിക്ക് വലിയ ദോഷമാണുണ്ടാക്കുന്നത്.

മേഖലയുമായി ബന്ധപ്പെട്ട നയരൂപവത്കരണത്തില്‍ തങ്ങള്‍ക്കും പങ്കാളിത്തം വേണമെന്ന കാതലായ ആവശ്യമാണ് ലഡാക്കുകാര്‍ ഉന്നയിക്കുന്നത്. ഇതിനാണ് ആറാം അനുച്ഛേദത്തിന്റെ പരിധിയില്‍ ലഡാക്കിനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതും. അങ്ങനെ വന്നാല്‍ ഭൂമി, വനം കൈകാര്യം, ജലസേചനം, കൃഷി, കാലിമേയ്ക്കല്‍ അടക്കമുള്ളവയില്‍ നിയമങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും. ജനസംഖ്യയുടെ 97 ശതമാനം ഗോത്രവര്‍ഗക്കാരാകുകയാണ് മാനദണ്ഡം. ഇതുപ്രകാരം ലഡാക്കിന് അര്‍ഹതയുണ്ട്. 2019ല്‍, ലഡാക്കില്‍ ആറാം അനുച്ഛേദം നടപ്പാക്കണമെന്ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. നിയമ, ആഭ്യന്തര മന്ത്രാലയങ്ങള്‍ തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. 2020ലെ ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രധാന വാഗ്ദാനവും ഇതായിരുന്നു. തിരഞ്ഞെടുപ്പില്‍ ബി ജെ പി ജയിച്ചെങ്കിലും ഇക്കാര്യത്തില്‍ പുരോഗതിയൊന്നുമില്ല.

Latest